എഡ്മന്റൺ (കാനഡ): വെണ്ണിക്കുളം കച്ചിറയ്ക്കൽ ഐസക്ക് തോമസ് (ബേബി, 75) കാനഡയിലെ എഡ്മന്റണിൽ നിര്യാതനായി. ഭാര്യ ശോശാമ്മ തോമസ് (അമ്മിണി) അത്തിക്കയം ചരുവിൽ കുടുംബാംഗം. മക്കൾ: ബെൻ, ജീവൻ. മരുമകൾ: ഷോണ കടവിൽ തോമസ്.

ഐസക് കച്ചിറക്കൽ സഹോദരനും ,കുഞ്ഞമ്മ, പരേതയായ ലില്ലി എന്നിവർ സഹോദരിമാരും ആണ് .

പൊതുദർശനം Hainstock's Funeral Home and Crematorium,9810 34 Ave NW, Edmonton ൽ വച്ച് നവംബർ 21 ശനിയാഴ്ച രാവിലെ 10.00 മുതൽ 11.30 വരെ, തുടർന്ന് സംസ്‌കാരം കോവിഡ് നിബന്ധനകൾ പാലിച്ച് നടത്തപ്പെടുന്നതായിരിക്കും.

1975 ൽ കാനഡയിൽ എത്തിച്ചേർന്ന അദ്ദേഹം, കുടുംബസമേതം എഡ്മന്റണിൽ ആണ് സ്ഥിരതാമസമാക്കിയിരുന്നത്. കൂടാതെ കനേഡിയൻ കേരളാ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

കാനഡയിൽ ഏറെക്കാലം സിനിമയെ താലോലിച്ചു ജീവിച്ച ഐസക് തോമസ് ഇംഗ്ലീഷിലും മലയാളത്തിലും ചിത്രങ്ങൾ സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഹനിർമ്മാതാവ് രാമചന്ദ്രപ്പണിക്കരാണ് മഹാഋഷി, പ്ലസിബോ ലവ് സ്റ്റോറി എന്നീ ഇംഗ്ലീഷ് ചിത്രങ്ങളും, ചുങ്കക്കാരും വേശ്യകളും എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

മഹാഋഷിക്കു ശേഷം ഒരു മലയാള ചിത്രം സംവിധാനം ചെയ്യണമെന്ന ചിന്ത വന്നപ്പോൾ ചുങ്കക്കാരും വേശ്യകളും എന്ന കഥയാണ് ഐസക്കിന്റെ മനസ്സിൽ കടന്നുവന്നത്. കടമ്പനാട്ടുകാരൻ 75 വയസുള്ള ഉണ്ണൂണ്ണിച്ചായൻ മകന്റെ നിർബന്ധത്തിനു വഴങ്ങി കാനഡയിൽ എത്തുന്നതും അവിടം പൊരുത്തപ്പെടാൻ കഴിയാതെ ഒറ്റപ്പെടുന്നതുമാണ് ചുങ്കക്കാരും വേശ്യകളും എന്ന കഥയിലെ ഉള്ളടക്കം. അതിൽ ഉണ്ണൂണ്ണിച്ചായന്റെ വേഷം മലയാളത്തിന്റെ മഹാനടൻ തിലകനാണ് ചെയ്തത്.

തുടർന്നാണ് പ്ലസിബോ ലവ് സ്റ്റോറി എന്ന ഇംഗ്ലീഷ് സിനിമ സംവിധാനം ചെയ്യുന്നത്. ക്രിസ്റ്റലിലെവിസ് എന്ന പത്തു വയസുകാരിയുടെ ദുരന്തകഥയാണ് ലവ് സ്റ്റോറിയുടെ ഇതിവൃത്തം. കനേഡിയൻ ഗവണ്മെന്റിന്റെ ധനസഹായം ലഭിച്ച ഈ ചിത്രം രണ്ടു വർഷം മുൻപ് റിലീസ് ചെയ്തു. ചില അന്തർദേശീയ മേളകളിലും പ്രദർശിപ്പിച്ചു. ഐസക്കിന്റെ മൂന്നു ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയത് മലയാളത്തിൽ ശ്രദ്ധേയനായ ബിജു പൗലോസ് ആണ്. പുതിയൊരു ചിത്രത്തിന്റെ ആലോചനയിലായിരുന്നു ഐസക് തോമസ്.

കാനഡയിലേക്ക് കുടിയേറുന്നതിനു മുൻപ്, മലയാള സിനിമാ രംഗത്തുള്ളവരുമായി അടുത്ത് ഇടപഴകിയിരുന്ന ഐസക് തോമസ്, ബിച്ചു തിരുമലയുമായുള്ള സൗഹൃദം മരണം വരെയും കാത്തുസൂക്ഷിച്ചു .

മികച്ച സംഘാടകനും, അനേകം വ്യക്തികളുമായി സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്ന ബേബിച്ചായന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് 'കാൽഗറി കാവ്യസന്ധ്യ' അശ്രുപൂജകൾ അർപ്പിച്ചു.

ജോസഫ് ജോൺ കാൽഗറി അറിയിച്ചതാണിത്.