കുടുംബത്തിനൊപ്പം അവധിയാഘോഷിക്കുന്നതിനിടെ ഇന്ത്യൻ യുവതിക്ക് ദാരുണ മരണം.വിക്ടോറിയയിലെ ഗ്രാമ്പിയൻസ് നാഷണൽ പാർക്കിൽ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ പോയ ഇന്ത്യൻ വംശജ 80 മീറ്റർ താഴ്ചയിലേക്ക് വീണ് മരിച്ച വാർത്ത കേട്ട ഞെട്ടലിലാണ് പ്രവാസ ലോകം.

മെൽബണിലെ ക്രേഗിബേനിലുള്ള റോസി ലൂമ്പ എന്ന 38 കാരിയാണ് ഭർത്താവിന്റെയും കുട്ടികളുടെയും കണ്മുന്നിൽ വീണ് മരിച്ചത്.ഗ്രാമ്പിയൻസിലെ ബോറോക്ക ലുക്ക് ഔട്ടിൽ മുന്നറിയിപ്പ് ചിഹ്നം ലംഘിച്ച് സുരക്ഷ ഒരുക്കാനായി സ്ഥാപിച്ചിരിക്കുന്ന വേലിക്ക് മുകളിൽ കയറിനിന്ന് ഫോട്ടോ എടുക്കുമ്പോഴാണ് ഇവർ വീണ് മരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഭർത്താവ് ബസന്തും രണ്ട് ആൺ മക്കളും നോക്കി നിൽക്കെയാണ് 80 മീറ്റർ താഴ്ചയിലേക്കാണ് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ റോസി വീണതെന്നാണ് റിപ്പോർട്ടുകൾ.വിക്ടോറിയ പൊലീസും സംസ്ഥാന എമർജൻസി സർവീസ് വോളന്റീർമാരും ചേർന്ന് ആറ് മണിക്കൂർ പരിശ്രമിച്ച ശേഷമാണ് റോസിയുടെ മൃതദേഹം പുറത്തെടുക്കാൻ കഴിഞ്ഞത്.
മെൽബണിൽ കമ്മ്യൂണിറ്റി സപ്പോർട്ട് വർക്കർ ആയി ജോലി ചെയ്യുകയായിരുന്നു റോസി.

ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജനങ്ങൾ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് പൊലീസ് മന്ത്രി ലിസ നെവിൽ പറഞ്ഞു.