ടൊറന്റോ (കാനഡ): പാക്കിസ്ഥാനിൽ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞതിനാൽ കാനഡയിലേക്ക് രാഷ്ട്രീയ അഭയം തേടിയെത്തിയ പാക്കിസ്ഥാനി ആക്ടിവിസ്റ്റ് കരിമ ബലോച്ചുവിനെ (37) മരിച്ചനിലയിൽ കണ്ടെത്തി. ഡിസംബർ 21 തിങ്കളാഴ്ചയാണ് കരിമയെ സംശയാസ്പദമായ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു.

മരണകാരണം വെളിപ്പെടുത്തുവാൻ പൊലീസ് വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് ആംനെസ്റ്റി ഇന്റർനാഷണൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.കരിമയുടെ മരണത്തെക്കുറിച്ച് ആക്ടിവിസ്റ്റ് ലത്തീഫ് പറഞ്ഞത് ഇപ്രകാരമാണ്: 'കരിമയുടെ ആകസ്മിക മരണം ഞങ്ങളെ ഞെട്ടിപ്പിച്ചിരുക്കുന്നു. ഇവരുടെ മൃതദേഹം ടൊറന്റോയ്ക്ക് സമീപം വെള്ളത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതൊരു കൊലപാതകമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്'.

എന്നാൽ പൊലീസിന്റെ വിശദീകരണം ഇതൊരു ആത്മഹത്യയാണെന്നാണ്. അതൊണ്ട് നോൺ ക്രിമിനൽ ഡെത്തായിട്ടാണ് ഇതിന്റെ അന്വേഷണം മുന്നോട്ടു പോകുന്നതെന്നും അധികൃതർ വിശദീകരിച്ചു.2017-ലാണ് കരിമയ്ക്ക് കാനഡയിൽ രാഷ്ട്രീയ അഭയം ലഭിച്ചത്. ജീവന് ഭീഷണിയുണ്ടെന്നതിനാൽ ഏഴായിരും മൈലുകൾ താണ്ടി സുരക്ഷിതത്വം ലഭിക്കുന്നതിനുവേണ്ടി എത്തിയ കരിമ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്.