മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മുൻ ബഹ്‌റൈൻ പ്രവാസി നിര്യാതനായി.കാസർകോഡ് മൊഗ്രാൽപുത്തൂർ സ്വദേശി സി.എഛ് ഹമീദ് എന്ന ഹമീദ്ച്ച(61) യാണ് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

രണ്ടു മാസം മുന്പ് ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയിരുന്നുവെങ്കിലും യാത്രപുറപ്പെടുന്നതിന്റെ തലേദിവസം കുഴഞ്ഞുവീണതിനെ തുടർന്ന് ഇരുപത് ദിവസത്തോളം സൽമാനിയ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ്ഞിരുന്നു.ഇതിനു ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിച്ച് വിദഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച കാലത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

മൃതദേഹം കഴിഞ്ഞ ദിവസം മഹല്ല് ഖബറിസ്ഥാനിൽ ഖബറടക്കി. ബഹ്‌റൈനിലെയും നാട്ടിലെയും നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും ഖബറടക്കചടങ്ങിൽ പങ്കെടുത്തു.

ഭാര്യ- സുഹ് റ, മക്കൾ- ആയിഷത്ത് അഷിക, ജാസിർ, ഹസൻ, ഹുസൈൻ.

സമസ്തയും ബഹ്റൈൻ കെ.എം.സി.സി യും അനുശോചിച്ചു

മനാമ: മൂന്നര പതിറ്റാണ്ടു കാലം ബഹ്‌റൈനിൽ സമസ്തക്കും കെ.എം.സി.സിക്കും വേണ്ടി സജീവമായി പ്രവർത്തിച്ച കാസർകോഡ് മൊഗ്രാൽപുത്തൂർ സ്വദേശി സി.എഛ് ഹമീദ് എന്ന ഹമീദ് ച്ചയുടെ നിര്യാണത്തിൽ സമസ്ത ബഹ്‌റൈൻ, കെ.എം.സി.സി ബഹ്‌റൈൻ എന്നീ സംഘടനകൾ അനുശോചനമറിയിച്ചു.

ബഹ്‌റൈനിലെ സമസ്തയുടെ ഏരിയാ കേന്ദ്രങ്ങളിലെല്ലാം അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർത്ഥനയും നടത്തണമെന്ന് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ അഭ്യർത്ഥിച്ചു.മൊഗ്രാൽ പുത്തൂർ സംയുക്ത മുസ്ലിം ജമാഅത്ത്, ഇമാം ശാഫി അക്കാദമി ബഹ്‌റൈൻ എന്നീ സംഘടനകളും
അനുശോചനമറിയിച്ചു.

1982 ഡിസംബർ 14നാണ് അബ്ദുൽ ഹമീദ് ആദ്യമായി ബഹ്‌റൈനിലെത്തിയത്.
തുടർന്ന് കഴിഞ്ഞ 37 വർഷവും ഒരേ കമ്പനിയിൽ വിവിധ തസ്തികകളിലായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ലഭിക്കുന്ന ഒഴിവുസമയങ്ങളിലായിരുന്നു ബഹ്‌റൈനിലെ സമസ്ത-കെ.എം.സി.സി ഉൾപ്പെടെയുള്ള മത - രാഷ്ട്രീയ സാമൂഹിക സംഘടനകളിലെല്ലാം നിസ്വാർത്ഥ സേവനം ചെയ്തുവന്നിരുന്നത്.

ഇതിനിടെ പ്രായം 60 പിന്നിട്ടതിനാൽ ബഹ്‌റൈൻ നിയമമനുസരിച്ച് തൊഴിൽ വീസ പുതുക്കാനാവാതെ വന്നതോടെയാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. എന്നാൽ നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസം മുതൽ രോഗ ശയ്യയിലായ ഹമീദ് രണ്ടു മാസങ്ങൾക്ക് ശേഷം നാട്ടിലെത്തി ചികിത്സയിൽ തുടരുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബഹ് റൈനിലെ സമസ്ത ആസ്ഥാനത്തെതുന്ന നേതാക്കളുമായും പ്രവർത്തകരുമായും അടുത്ത ബന്ധവും സൗഹൃദവും അദേഹം കാത്തുസൂക്ഷിച്ചിരുന്നു.

സമസ്ത ബഹ്‌റൈൻ ജന.സെക്രട്ടറി വി.കെ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ സമസ്തയുടെ പ്രവർത്തകരുടെ സംഘം അടുത്ത ദിവസം വീട് സന്ദർശിച്ച് കുടുംബത്ത നേരിട്ട് അനുശോചനം അറിയിക്കുകയും പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്യും.