ജിസാൻ (സൗദി അറേബ്യ): ദക്ഷിണ സൗദിയിലെ ജിസാനിൽ മലയാളി യുവാവ് കൊറോണ ബാധിച്ച് മരണപ്പെട്ടു. മലപ്പുറം, കടുങ്ങപുരം സ്വദേശിയും നെസ്മ കമ്പനി ജീവനക്കാരനായി ജിസാൻ ഇക്കണോമിക് സിറ്റിയിൽ ജോലി ചെയ്തു വരികയുമായിരുന്ന ആലുങ്ങൽ ഹുസൈൻ (42) ആണ് വ്യാഴാഴ്ച മരിച്ചത്. ആറ് മാസത്തെ അവധിക്ക് ശേഷം നേപ്പാൾ വഴി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം സൗദിയിൽ തിരിച്ചെത്തിയത്.

ജിദ്ദയിൽ നിന്ന് ജിസാനിലേക്കുള്ള ബസ് യാത്രാ വേളയിലായിരുന്നു ഹുസൈന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ജിസാനിൽ എത്തിയ ഉടൻ ശ്വാസതടസം കനത്തു. തുടർന്ന് ജിസാൻ പ്രാന്ത പ്രദേശമായ ബേഷിലെ ഒരു ക്ലിനിക്കിൽ ചികിത്സ തേടുകയും രോഗം കലശലായതിനാൽ ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കൊറോണാ പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു ഫലം.

വ്യാഴാഴ്ചയോടെ ആരോഗ്യസ്ഥിതി വീണ്ടും വഷളാവുകയും വ്യാഴാഴ്‌ച്ച കാലത്ത് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. പത്തൊമ്പത് വര്ഷങ്ങളായി സൗദിയിൽ പ്രവാസിയാണ്.

പിതാവ്: കരിഞ്ചാപ്പാടിയിൽ ആലുങ്ങൽ അസീസ് ഹാജി, മാതാവ്: ആയിശ കുന്നത്ത് പറമ്പ്, ഭാര്യ: നാസിബ, മക്കൾ: ആയിശ സന (15), ഹുസ്‌ന (10), മുഹമ്മദ് ഷാദി (5), സഹോദരങ്ങൾ: അശ്‌റഫ് (ജുബൈൽ), കുഞ്ഞിമുഹമ്മദ് (ദുബൈ), ശിഹാബ് ( മക്ക), സൈനബ് തിരൂർക്കാട്, ഉമ്മുൽ ഖൈറ് തലാപ്പ്, ബുഷ്‌റ കട്ടിലശ്ശേരി, സഫിയ മലപ്പുറം.

മൃതദേഹം ജിസാനിൽ ഖബറടക്കുമെന്ന് ഇക്കാര്യത്തിനായി രംഗത്തുള്ള സഹപ്രവർത്തകരായ ഉണ്ണിക്കുട്ടൻ, പ്രണവ് എന്നിവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ കമ്പനി പ്രതിനിധികൾക്കൊപ്പം ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശമീർ അമ്പലപ്പാറയും പ്രവർത്തിക്കുന്നുണ്ട്.