ജിദ്ദ: സൗദിയിലെ രണ്ടു മേഖലകളിലായി രണ്ടു ഇന്ത്യക്കാർ മരണപ്പെട്ടു. ഒരാൾ പാലക്കാട് സ്വദേശിയും മറ്റൊരാൾ കർണാടക സ്വദേശിയുമാണ്. രണ്ടു പേരും ആശുപത്രികളിൽ ചികിത്സയിൽ ആയിരിക്കെയാണ് അന്ത്യശ്വാസം വലിച്ചത്. ഒരാൾ ന്യുമോണിയ ബാധിച്ചും മറ്റൊരാൾ കൊറോണ ബാധിച്ചുമാണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ചാണ് പാലക്കാട് സ്വദേശി മരണപ്പെട്ടത്. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തിൽ ജോലി ചെയ്തിരുന്ന പാലക്കാട്, ആലത്തൂർ, പുതുക്കോട് തച്ചനകണ്ടി ഗുരുക്കൾ ഹൗസിൽ അബ്ദുൽ റസാഖ് (60) ആണ് മരിച്ചത്. അബ്ദുൽ റസാഖിന്റെ മൃതദേഹം ഖമീസ് മുശൈത്ത് മസ്ലൂം മഖ്ബറയിൽ ബുധനാഴ്ച ഖബറടക്കി

ഖമീസ് മുശൈത്ത് ജി എൻ പി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 15 വർഷങ്ങളായി ഖമീസ് മുശൈത്ത് സനാഇയ റോഡിൽ മിനി മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ കാലമായി സൗദിയിൽ പ്രവാസിയാണ്.
പിതാവ്: കുഞ്ഞുകുട്ടി ഗുരുക്കൾ. മാതാവ്: ആയിഷ ഉമ്മ. ഭാര്യ: ഷഹീദ ബീഗം. മക്കൾ: ഫാത്തിമ സുഹ്‌റ, ഫാരിഷ.

ഖബറടക്ക കർമങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് മുശൈത്ത് ബ്ലോക്ക് ഭാരവാഹികളായ മൊയ്തീൻ കോതമംഗലം, സാദിഖ് ചിറ്റാർ, ഇൽയാസ് ഇടക്കുന്നം എന്നിവർ നേതൃത്വം നൽകി. ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരം നിയമനടപടികൾക്കും നേതൃത്വം നൽകി.

കിഴക്കൻ സൗദിയിലെ അൽഹസ്സയിലാണ് കർണാടക സ്വദേശി മരണപ്പെട്ടത്. ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക അൽഹസ ബ്ലോക്ക് സെക്രട്ടറിയും പൊതു പ്രവർത്തകനുമായ ഹുസൈൻ ജോക്കാട്ടെ (45) ആണ് മരിച്ചത്. കൊറോണ ബാധിച്ചായിരുന്നു അന്ത്യം. അൽഹസ്സ പെപ്സിക്കോ കമ്പനിയിലെ ജീവനക്കാരനും ഇന്ത്യൻ സമൂഹത്തിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായിരുന്നു.

കൊറോണാ ബാധിതനായ ഹുസൈൻ ഏതാനും ദിവസമായി അൽഹസ്സ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

മൃതദേഹം അൽഹസ്സയിൽ തന്നെ ഖബറടക്കും.