ജിസാൻ: കഴിഞ്ഞ റംസാനിൽ ദക്ഷിണ സൗദിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം സംസ്‌കരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയും ദക്ഷിണ സൗദിയിലെ ജിസാൻ പ്രവിശ്യയിലുള്ള സാംത പ്രദേശത്ത് ടൈലർ ആയി ജോലി ചെയ്തു വരികയുമായിരുന്ന ഷെയ്ഖ് അഹമ്മദ് ബാഷ (63) യുടെ മൃതദേഹമാണ് പ്രദേശത്ത് സംസ്‌കരിച്ചത്. റംസാൻ അഞ്ചിന് ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഇരുപത്തി അഞ്ചു വർഷമായി സാംതയിൽ ജോലി ചെയ്ത് വരികയായിരുന്ന ഷെയ്ഖ് അഹമ്മദ് ഭാഷയെ താമസസ്ഥത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ: ഷെയ്ഖ് ജാഹിദുന്നിസ. മക്കൾ: ഷെയ്ഖ് സകരിയ്യ, ഷെയ്ഖ് സയ്യദ് അലി.

പ്രദേശത്തെ ഇന്ത്യൻ സോഷ്യൽ ഫോറം നേതാക്കളും പ്രവർത്തകരും ഖബറടക്കം കർമങ്ങൾക്ക് നേതൃത്വം നൽകി. തിങ്കളാഴ്ച സാംതയിലെ മഖ്ബറയിൽ ആയിരുന്നു ഖബറടക്കമെന്ന് ഫോറം പ്രവർത്തകരായ റഷീദ് വേങ്ങര, പരേതന്റെ നാട്ടുകാരനായ സയ്യിദ് റിയാജുദ്ദിൻ എന്നിവർ പറഞ്ഞു.