ജിദ്ദ: ഒന്നര വർഷത്തോളം നീണ്ട അവധിക്ക് ശേഷം സൗദിയിൽ തിരിച്ചെത്തിയ മലയാളി ജിദ്ദയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടു. കൊല്ലം, കുളപ്പാടം പ്രദേശത്ത് താമസിക്കുന്ന തിരുവനന്തപുരം, നടയറ സ്വദേശി പാറപ്പുറത്ത് വീട് നിസാമുദ്ധീൻ (51) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. ജിദ്ദയിലെ മഹ്ജർ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. പതിനാറു മാസത്തെ അവധിക്ക് ശേഷം മെയ് മൂന്നിനാണ് നിസാമുദ്ധീൻ സൗദിയിൽ തിരിച്ചെത്തിയത്.

നാട്ടിൽ നിന്ന് മാലദ്വീപിലും പിന്നീട് ശ്രീലങ്കയിലും എത്തിയ അദ്ദേഹം ദമ്മാം വഴിയായിരുന്നു സൗദിയിലേക്കുള്ള മടക്കം. നാലാം തീയ്യതി ജോലി ചെയ്യുന്ന കമ്പനിയുടെ ദമ്മാമിലുള്ള ഹെഡ്ഓഫീസിൽ റിപ്പോർട്ട് ചെയ്ത അദ്ദേഹം അന്ന് തന്നെ റോഡ് മാർഗം ജിദ്ദയിലേക്ക് തിരിക്കുകയായിരുന്നു. തുടർന്ന്, ജിദ്ദയിലായിരിക്കേ മെയ് ഒമ്പതിന് അർദ്ധരാത്രിയോടെ കൊറോണ ബാധിതാനായ ലക്ഷണങ്ങളോടെ മഹ്ജർ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാവുകയും ഉണ്ടായി.പിതാവ്: സലാഹുദ്ദീൻ, മാതാവ്: ജമീല ബീവി, ഭാര്യ: അമീന, മക്കൾ: മുഹമ്മദ് ബിലാൽ (16), അസറുദ്ദീൻ (13).

മരണപ്പെട്ട അതേ ആശുപതിയിലെ മോർച്ചറിയിലുള്ള മൃതദേഹം ബുധനാഴ്ച കാലത്ത് പത്ത് മണിയോടെ ജിദ്ദയിലെ ദഹ്ബാൻ മഖ്ബറയിൽ ഖബറടക്കുമെന്ന് അനന്തര നടപടികൾക്ക് രംഗത്തുള്ള സുഹൃത്തും സഹവാസിയുമായ സജീഷ്, ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ മുഹമ്മദ് ഷാഫി വാമനപുരം, മസ്ഊദ് വാമനപുരം, ഹബീബ് കൊല്ലം എന്നിവർ അറിയിച്ചു. നിയമ നടപടികൾ പൂർത്തിയായ ശേഷം രാവിലെ എട്ട് മണിയോടെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങും.

ചികിത്സയിലായിരിക്കെ ആശുപത്രി അധികൃതരുമായും നിസാമുദ്ധീനുമായും നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും മരിക്കുന്നതിന്റെ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കിട്ടിയ വിവരം അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പ്രവർത്തന രഹിതമായെന്നും ആയിരുന്നെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കേരളാ വിഭാഗം നേതാവ് കൊയിസ്സൻ ബീരാൻ പറഞ്ഞു.