- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണ സൗദിയിൽ രണ്ടു ഇന്ത്യക്കാർ മരണപ്പെട്ടു; മരിച്ചവരിൽ ഒരാൾ ബഹ്റൈൻ വഴി തിരിച്ചെത്തിയ കണ്ണൂർ സ്വദേശിയും മറ്റൊരാൾ സന്ദർശക വിസയിലെത്തിയ കന്യാകുമാരി സ്വദേശിനി
അബഹ: സൗദിയിലെ ദക്ഷിണ പ്രവിശ്യയിൽ രണ്ടിടങ്ങളിലായി രണ്ട് ഇന്ത്യക്കാർ മരണത്തിന് കീഴടങ്ങി. നാട്ടിൽ നിന്ന് ബഹ്റൈൻ വഴി തിരിച്ചെത്തിയ കണ്ണൂർ സ്വദേശിയും സന്ദർശക വിസയിലെത്തിയ കന്യാകുമാരി സ്വദേശിനിയുമാണ് മരണപ്പെട്ടത്. കണ്ണൂർ സ്വദേശിയുടെ മരണം വയർ വേദനയെ തുടർന്നും കന്യാകുമാരി സ്വദേശിനിയുടെ അന്ത്യം കോവിഡ് ബാധിച്ചുമാണ് സംഭവിച്ചത്.
കണ്ണൂർ, കല്യാശ്ശേരി, മാങ്ങാട് സ്വദേശിയും കണ്ടത്തിൽ ബാലൻ - മാധവി ദമ്പതികളുടെ മകനുമായ കണ്ടത്തിൽ വീട്ടിൽ പ്രദീപ് (51) ആണ് മരിച്ച ഒരാൾ. ഒരു വർഷത്തിലധികമായി നാട്ടിൽ കഴിയുകയായിരുന്ന ഇദ്ദേഹം അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ബഹ്റൈൻ വഴി സൗദിയിൽ തിരിച്ചെത്തിയത്. വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ തത്ലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ച പ്രദീപ് അവിടെ ചികിത്സയിലായിരിക്കെ മരണപ്പെട്ടു.
ഭാര്യ: സജില. മക്കൾ: കീർത്തന, സാന്ദ്ര. സഹോദരങ്ങൾ: ശാന്ത, നിർമല, സുമതി, പ്രശാന്ത്, പ്രസീത.
പ്രധാന ദക്ഷിണ സൗദി നഗരമായ ഖമീസ് മുഷൈത്തിന് മുന്നൂറോളം കിലോമീറ്റർ അകലെയുള്ള തത്ലീസ് പ്രദേശത്തെ ഒരു സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇരുപത്തി അഞ്ച് വർഷമായി സൗദിയിൽ പ്രവാസിയാണ് പ്രദീപ്.
മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുള്ള കെ എം സി സി വാദിദ്ദവാസിർ സെൻട്രൽ കമിറ്റി പ്രസിഡന്റ് ശറഫുദ്ദീൻ കന്നേറ്റി പറഞ്ഞു. തത്ലീസിലെ സാമൂഹിക പ്രവർത്തകരായ സാബു സൈമൺ, ജോസ് ചാലക്കുടി, സലീം മലപ്പുറം, സജി മാവേലിക്കര തുടങ്ങിയവരും ഇക്കാര്യത്തിൽ വ്യാപൃതരാണ്.
ഇരുപത് ദിവസങ്ങൾക്ക് മുമ്പ് സന്ദർശക വിസയിൽ സൗദിയിലെത്തിയ കന്യാകുമാരി സ്വദേശിനിയാണ് കഴിഞ്ഞ ദിവസം ദക്ഷിണ സൗദിയിൽ മരണപ്പെട്ട മറ്റൊരു മറ്റൊരാൾ. കന്യാകുമാരി, കുലശേഖരം, ചെറുത്തിക്കോണം പൊന്നു പിള്ളേയ് - താനി ദമ്പതികളുടെ മകൾ കമലാബായ് ജോഷിയാൻ (61) ആണ് മരിച്ചത്. കോവിഡ് ബാധയാണ് മരണ കാരണം.
ജീസാൻ നഗരത്തിന് സമീപമുള്ള ഈദാബിയയിലെ ഹെൽത്ത് സെന്ററിൽ നഴ്സ് ആയി ജോലി ചെയ്യുന്ന സോണിയ റെക്‌സിനിന്റെ അടുത്തേക്കാണ് കമലാബായ് വന്നത്. ജീസാനിൽ എത്തിയ ശേഷം ഏതാനും ദിവസങ്ങൾക്കകം ഇവർ രോഗബാധിതയായി. തുടർന്ന്, കഴിഞ്ഞ എട്ടാം തിയ്യതി സബിയ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു.
ഭർത്താവ്: പരേതനായ ജോഷിയാൻ. മക്കൾ: സോണിയ റെക്സിൻ, ഗോഡ്സെൻ ജോസ്. മരുമകൻ റെക്സിൻ ജോയ്ൽ ഈദാബിയിൽ ഇലക്ട്രിഷനായി ജോലി ചെയ്യുന്നു.
സബിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മകൾ സോണിയ ഇതിനുള്ള രേഖകൾ കൈപ്പറ്റും. നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി ജീസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ശമീർ അമ്പലപ്പാറ, സലിം എടവണ്ണ, സബിയ കെ എം സി സി പ്രസിഡന്റ് ആരിഫ് ഒതുക്കുങ്ങൽ, സന്തോഷ് കുമാർ കൊല്ലം എന്നിവർ രംഗത്തുണ്ട്.