ശ്രീകണ്ഠപുരം: റോഡ് വികസിപ്പിക്കാൻ ആഴത്തിൽ മണ്ണെടുത്തപ്പോൾ അപകടാവസ്ഥയിലായ വീട്ടുമുറ്റത്തുനിന്നും റോഡിലേക്ക് വീണ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വയക്കരയിലെ ഇടച്ചേരി ഗംഗാധരൻ നമ്പ്യാർ (75)ആണ് മരിച്ചത്. 23-ന് ഉച്ചയോടെയാണ് അപകട ഉണ്ടായത്.

കണിയാർവയൽ-ഉളിക്കൽ റോഡ് പണിക്കായി ഗംഗാധരന്റെ വീട്ടുമുറ്റത്തിന്റെ പകുതിയോളം ഇടിച്ച് മണ്ണെടുത്തിരുന്നു. 10 മീറ്റർ താഴ്ചയിൽ മണ്ണെടുത്തതോടെ ഇദ്ദേഹത്തിന്റെ വീട് അപകടാവസ്ഥയിലായി. വീട്ടിലേക്ക് കയറാനുള്ള വഴിയും ഇല്ലാതായി. ഇതിനെതിരേ ഗംഗാധരൻ അധികൃതർക്ക് പരാതി നൽകി. പിന്നീട് കോൺക്രീറ്റ് ഭിത്തിയുടെ പണി തുടങ്ങിയെങ്കിലും പൂർത്തിയായിരുന്നില്ല. വീട്ടിലേക്ക് കയറാനുള്ള വഴിയും ഒരുക്കിക്കൊടുത്തില്ല.

23-ന് ഉച്ചയ്ക്ക് മകളെ യാത്രയാക്കാൻ മുറ്റത്തിറങ്ങിയപ്പോൾ കാൽ തെന്നി ഗംഗാധരൻ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഇദ്ദേഹത്തിന്റെ വാരിയെല്ലുകൾ തകരുകയും തലയ്ക്ക് ക്ഷതമേൽക്കുകയും ചെയ്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

ഭാര്യ: പത്മാവതി. മക്കൾ: ഷൈജ (നഴ്സ്, കണ്ണൂർ), ഷൈമ (പരിപ്പായി). മരുമക്കൾ: വിമൽ (എടക്കാട്), മനോജ് പരിപ്പായി (ലളിതകലാ അക്കാദമി ആർട്ട് ഗാലറി, പയ്യന്നൂർ). സഹോദരങ്ങൾ: കുഞ്ഞമ്പു നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ, രഘുനാഥൻ നമ്പ്യാർ, പ്രേമജ, സുമതി, പരേതരായ നാരായണൻ, ഗോവിന്ദൻ, ഭാസ്‌കരൻ, പത്മിനി.