മനാമ: ഹൃദയാഘാതം കാരണം ബഹ്റൈനിൽ മരണപ്പെട്ട കോഴിക്കോട് കുന്ദമംഗലും കാരന്തൂർ സ്വദേശി മിർഷാ അബ്ദുല്ല (25) യുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. ആറ് മാസം മുമ്പ് ബഹ്റൈനിലെത്തിയ അബ്ദുല്ല സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തത്. തുടർന്ന് കെഎംസിസി ബഹ്റൈനിന് കീഴിലുള്ള മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ചയോടെ മയ്യിത്ത് നാട്ടിലെത്തിച്ചു.

ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മയ്യിത്ത് സിഎച്ച് സെന്റർ ഭാരവാഹികളാണ് ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ ജന്മനാടായ കാരന്തൂരിലെത്തിച്ചത്. തുടർന്ന് പൊതുദർശനത്തിന് ശേഷം കാരന്തൂർ ജുമാ മസ്ജിദിന് കീഴിലെ ഖബർസ്ഥാനിലാണ് മറവ് ചെയ്യുകയുമായിരുന്നു.

ഡോ. മൊയ്്തീൻ കുട്ടിയുടെയും റംലത്തിന്റെയും മകനാണ്. സഹോദരങ്ങൾ: മുഷ്താഖ്, മനാസില. സഹോദരീ ഭർത്താവ് മുനവ്വിർ ബഹ്റൈനിലാണ്.