ജിദ്ദ: വർഷങ്ങൾക്ക് മുമ്പ് ജിദ്ദയിലെ ജോലിസ്ഥലത്ത് വെച്ച് ഒരു മലയാളി ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയായ സ്വദേശിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. മലപ്പുറം, തേഞ്ഞിപ്പലം, ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലി ആണ് കവർച്ചക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറ്റവാളിയായ ഫുആദ് നൂഹ് അബ്ദുല്ല എന്ന സൗദി പൗരന് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കിയ വിവരം ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അമീറലി. സായുധ കവർച്ച ലക്ഷ്യം വെച്ച് സ്ഥാപനത്തിൽ എത്തിയ കുറ്റവാളിയെ അമീറലി ചെറുക്കാൻ ശ്രമിച്ചിരുന്നു. ക്ഷുഭിതനായ പ്രതി അമീറലിയെ കൊലപ്പെടുത്തുകയും അവിടെയുള്ള പണം അപഹരിക്കുകയും ചെയ്തു. കുറ്റവാളി ഒളിപ്പിച്ചു വെച്ച അമീറലിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഏറെ വൈകാതെ കുറ്റവാളി പിടിയിലാവുകയും നിയമ നടപടികൾക്ക് വിധേയമാക്കുകയും ചെയ്തു. ജിദ്ദ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ പ്രതി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിത്തിയിരുന്നു. കൊലപാതകം തെളിഞ്ഞതോടെ കോടതി ഇയാൾക്കെതിരെ വധശിക്ഷ വിധിക്കുകയും ചെയ്തു.

വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോർട്ടും ശരിവെക്കുകയും ഇക്കാര്യത്തിൽ രാജകീയ ഉത്തരവും വരികയും ചെയ്തതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാക്കിയത്. ശിക്ഷ വ്യാഴാഴ്‌ച്ച ജിദ്ദയിൽ വെച്ച് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവന വെളിപ്പെടുത്തി.