ദോഹ: ഖത്തറിലെ ലുവൈനിയയിലുണ്ടായ വാഹനപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ സലാം കുന്നുമ്മലിന്റെ മകൻ മിസ്ഹബ് അബ്ദുൽ സലാം ആണ് മരിച്ചത്. പരേതന് 11 വയസായിരുന്നു പ്രായം.

അപകടത്തിന്റെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മിസ്ഹബിന് ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഉടൻ തന്നെ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്. അപകടത്തിൽ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഒരാൾ ഒഴികെ എല്ലാവരും ആശുപത്രി വിട്ടു.

ദുഃഖാനിൽ വ്യാഴാഴ്‌ച്ച വൈകീട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. മിസ്ഹബിന്റെ മൂത്ത സഹോദരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. കുടുംബം ബീച്ചിൽ പോയി മടങ്ങവേയായിരുന്നു സംഭവം. മിസ്ഹബിന്റെ സഹോദരിയും സഹോദരിയുടെ കുഞ്ഞും വാഹനത്തിലുണ്ടായിരുന്നു. മാതാവ്: ആബിദ. സഹോദരങ്ങൾ: സന, മുഹമ്മദ്, ഫാത്തിമ, ദിൽന.ദുഃഖാൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മിസ്ഹബ്.