ർമനിയിൽ ഒരു തടാകത്തിൽ മലയാളി ഗവേഷക വിദ്യാർത്ഥി മരിച്ചനിലയിൽ. എരൂർ നന്നപ്പിള്ളി 'ശ്രീലക്ഷ്മി'യിൽ സത്യന്റെ (കൊച്ചിൻ ഷിപ്പ്യാർഡ്) മകൻ അരുൺ സത്യൻ ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പരേതന് 25 വയസായിരുന്നു പ്രായം.

നീഡർ സാക്‌സൺ സംസ്ഥാനത്തിലെ ഗോട്ടിംങ്ങൻ ജില്ലയിലെ റൈൻസ്‌ഹോഫ് റോസ്‌ഡോർഫർ ബാഗർസീയിൽ ആണ് അപകടം.കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ അരുണിന്റെ മൃതദേഹം16 മീറ്റർ താഴ്ചയിൽ നിന്നാണ് ഫയർഫോഴ്‌സ് പുറത്തെടുത്തത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും സുഹൃത്തുക്കൾ അരുണിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടർന്നുവെങ്കിലും ക്വാറി തടാകത്തിന്റെ അരികിൽ നിന്ന് അരുണിന്റെ സൈക്കിളും വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തിയതല്ലാതെ അരുണിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് ഡൈവിങ് സംഘവും, മുങ്ങൽ വിദഗ്ധരും, റെസ്‌ക്യൂ ഹെലികോപ്റ്ററും, ഗോട്ടിംഗൻ റെസ്‌ക്യൂ ഡോഗ് സ്‌ക്വാഡ്രൺ ഉൾപ്പടെ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം വീണ്ടെടുക്കാനായത്.

എറണാകുളം തൃപ്പൂണിത്തുറ ഏരൂർ വെസ്‌ററ് ശ്രീലക്ഷ്മിയിൽ സത്യന്റെയും അജിതയുടെയും മകനാണ് മരിച്ച അരുൺ. പിതാവ് സത്യൻ കൊച്ചിൻ ഷിപ്പ്യാർഡിൽ ജീവനക്കാരനാണ്. അതുൽ ഏക സഹോദരനാണ്.ഗോട്ടിംഗൻ യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയായ അരുൺ ജർമനിയിൽ എത്തിയിട്ട് ഒന്നര വർഷമായി.