ക്കഴിഞ്ഞ ഫെബ്രുവരി 26ന് ബെർക്സിലെ സ്ലൗഗിലെ ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് കാൽ വഴുതി വീണ നാല് വയസുകാരൻ ജോൺ- ഹെന്റി ബെർടിൽ മരണത്തിന്റെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളത്തിനടിയിൽ ഒമ്പത് മിനുറ്റ് നേരമാണ് ഈ കുട്ടി ശ്വാസം പോലും കിട്ടാതെ കഴിച്ച് കൂട്ടിയത്. എന്നാൽ യഥാർത്ഥത്തിൽ കുട്ടിക്ക് 20 മിനുറ്റ് നേരം വേണ്ടത്ര ഓക്സിജൻ കിട്ടാതെ മരണസമാനമായ അവസ്ഥയിലായിരുന്നുവെന്നും അതിൽ നിന്നും പുനർജന്മം പ്രാപിക്കുകയായിരുന്നുവെന്ന് പ്രസ്താവിച്ചാലും അതിശയോക്തിയാകില്ല. ഇത്രയും നേരം ശ്വാസം പോലും കിട്ടാതെ ജോൺ ജീവിതത്തിലേക്ക് മടങ്ങി വന്ന സംഭവം മെഡിക്കൽ ലോകത്തിന് ഇനിയും വിശ്വസിക്കാനാവുന്നില്ല. 

അപകടത്തിന് ശേഷം ജോണിന് നടക്കാനോ സംസാരിക്കാനോ തന്റെ മാതാപിതാക്കളെ തിരിച്ചറിയാനോ സാധിക്കില്ലെന്നായിരുന്നു ഡോക്ടർമാർ ഭയപ്പെട്ടിരുന്നത്. റോസിയാനെയും ലെവിസുമാണ് ജോണിന്റെ രക്ഷിതാക്കൾ. എന്നാൽ വിജയകരമായ ചികിത്സയ്ക്ക് ശേഷം ജോണിന് നിലവിൽ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. തന്റെ കാണാതായ മകൻ സ്വിമ്മിങ് പൂളിനടിയിൽ പോയ കാര്യമറിഞ്ഞ് പരിഭ്രാന്തയായ അമ്മ റോസിയാനെ പെട്ടെന്ന് വെള്ളത്തിലേക്ക് എടുത്ത് ചാടുകയും അവനെ രക്ഷിക്കുകയുമായിരുന്നു. 

എന്നാൽ വെള്ളത്തിനടിയിൽ നിന്നും പുറത്തെടുത്ത കുട്ടിക്ക് അനക്കമൊന്നുമില്ലെന്ന് കണ്ട് നോട്സിലെ ന്യൂവാർക്കിലുള്ള ഈ അമ്മ പരിഭ്രാന്തയാവുകയായിരുന്നു. 28 മിനുറ്റോളം വേണ്ടത്ര ഓക്സിജൻ ലഭിക്കാതിരുന്ന കുട്ടിക്ക് 20 മിനുറ്റോളം പൾസുമില്ലായിരുന്നു. അതായത് സാങ്കേതികമായി കുട്ടി അപ്പോഴും വെള്ളത്തിനിടയിലുള്ള അതേ അവസ്ഥിയിലായിരുന്നു. തുടർന്ന് ജോണിനെ പെട്ടെന്ന് തന്നെ ഓക്സ്ഫോർഡിലെ ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് അവിടെ 13 ദിവസത്തോളമാണ് തീവ്രപരിചരണവിഭാഗത്തിൽ കുട്ടി കിടന്നത്. തുടർന്ന് കുട്ടിയെ നോട്ടിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് ട്രീറ്റ്മെന്റിനായി കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇവിടെ വച്ചാണ് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്. 

അപകടത്തിന് ശേഷം കുട്ടിക്ക് നല്ലൊരു ജീവിതം നയിക്കാനാവില്ലെന്നായിരുന്നു ഡോക്ടർമാർ ഭയപ്പെട്ടിരുന്നത്. എന്നാൽ ജോൺ അൽപ ദിവസത്തിനകം തന്നെ അത് തിരുത്തിക്കാണിക്കുകയായിരുന്നു. അഞ്ചാഴ്ചക്ക് ശേഷം അവൻ മിടുക്കനായി ആശുപത്രി വിട്ട് പോവുകയും ചെയ്തു. അവനെ ചികിത്സിക്കുമ്പോൾ തങ്ങൾ സദാസമയവും പ്രാർത്ഥിക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു. ദൈവമാണ് അവനെ തിരിച്ച് തന്നതെന്നും അവർ ഭക്തിയോടെ പറയുന്നു. നോട്ടിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റൽ ഇക്കാര്യത്തിൽ അത്ഭുതകരമായ പ്രവർത്തനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും റോസിയാനെ നന്ദിയോടെ സ്മരിക്കുന്നു. ഇതിന് പകരമായി ഹോസിപിറ്റലിന് തങ്ങളെന്തെങ്കിലും നൽകുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി കുട്ടിയുടെ കുടുംബം ഇപ്പോൾ ഹോസ്പിറ്റലിലെ ചാരിറ്റിക്കായി ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുന്നുണ്ട്.