ണ്ടനിലെ ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്‌നിബാധയെ തുടർന്ന് മരിച്ചവരിൽ ഒരാളായ സിറിയൻ അഭയാർത്ഥി മുഹമ്മദ് അൽഹജാലി എന്ന 23കാരനായ എൻജിനീയറിങ് വിദ്യാർത്ഥി സിറിയയിൽ നിന്നും കള്ളവണ്ടി കയറിയും കടൽ താണ്ടിയും ബ്രിട്ടനിലെത്തിയ മൂന്ന് സഹോദരങ്ങളിൽ ഒരാളാണെന്ന് വ്യക്തമായി. അപകടത്തിൽ ഇദ്ദേഹത്തിന്റെ ഒരു സഹോദരനായ ഒമാർ ഉൾപ്പെട്ടിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തങ്ങളുടെ മറ്റൊരു സഹോദരനായ ഹാഷിമും (20) അടക്കം ഇവർ സിറിയയിൽ നിന്നും ബ്രിട്ടനിലെത്തുകയായിരുന്നു. ഇവരുടെ മാതാപിതാക്കൾ ഇപ്പോഴും സിറിയയിലാണ്.

മകന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇവർക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പെറ്റീഷനിൽ ഇതുവരെ 66,000ത്തിൽ അധികം പേരാണ് ഒപ്പ് വച്ചിരിക്കുന്നത്. മുഹമ്മദിന്റെ സുഹൃത്തുക്കളാണീ പെറ്റീഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിലേക്ക് ഇപ്പോഴും ഒപ്പ് ശേഖരണം തുടരുകയാണ്.അഗ്‌നിബാധയെ തുടർന്ന് ഗ്രെൻഫെൽ ടവറിലെ തന്റെ ഫ്‌ലാറ്റിൽ മുഹമ്മദ് തന്റെ സഹോദരനിൽ നിന്നും വേർപെട്ട് രണ്ട് മണിക്കൂറോളം കുടുങ്ങിക്കിടക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു. പുക കൂടിക്കൂടി വരുന്നുവെന്നും തങ്ങൾ മരിക്കാൻ പോകുന്നുവെന്നുമായിരുന്നു മുഹമ്മദിന്റെ അവസാന വാക്കുകൾ.

മുഹമ്മദ് എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നുവെന്നും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനാണ് ഇയാൾ യുകെയിലെത്തിയതെന്നും കുടുംബാംഗങ്ങൾ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തെ പിന്തുണയ്ക്കുന്നതിനുള്ള പെറ്റീഷനെ തുടർന്ന് ഹോം ഓഫീസ് പ്രതികരിച്ചിട്ടുണ്ട്. അതായത് തങ്ങൾ മുഹമ്മദിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അച്ഛനമ്മമാർക്ക് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇവിടേക്ക് വരാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന കാര്യം പരിഗണനയിലാണെന്നും ഹോം ഓഫീസ് വെളിപ്പെടുത്തുന്നു.

ടവറിന്റെ 20ാം നിലയിൽ കഴിഞ്ഞിരുന്ന ആർട്ടിസ്റ്റായ ഖദിജ സായെ മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇവരുടെ അമ്മ 54 കാരി മേരി മെൻഡിയെ ഇതുരവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ ദമ്പതികളായ ഗ്ലോറിയ ട്രെവിസാനും മാർകോ ഗോട്ടാർഡിയും മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 21ാം നിലയിൽ വസിച്ചിരുന്ന അബ്ദുൽ അസീസ് വഹാബി, ഭാര്യ ഫൗസിയ, മക്കളായ യാസിൻ, നുർ ഹുദ, മെഹ്ദി എന്നിവരും മരിച്ചുവെന്നാണ് വിശ്വസിക്കുന്നത്. 17ാംനിലയിൽ വസിച്ചിരുന് സബാഹ് അബ്ദുള്ള രക്ഷപ്പെട്ടിരുന്നു.

എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ ഖദീ ഖലൗഫി മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. 70പേരെ കാണാതായിട്ടുണ്ടെന്നും ഇവർ മരിച്ചുവെന്നാണ് ഭയപ്പെടുന്നതെന്നും സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.പരുക്കേറ്റ 24 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരവുമാണ്. ടവറിന്റെ 17ാം നിലയിൽ താമസിച്ചിരുന്നു അഞ്ചംഗങ്ങളുള്ള ബംഗ്ലാദേശി കുടുംബത്തെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കൊംറും മിയാഹ്(82), ഭാര്യ റസിയ ബീഗം (65), കുട്ടികളായ അബ്ദുൾ ഹനിഫ് (29), അബ്ദുൾ ഹമീദ്(26), ഹോസ്‌ന ബീഗം തനിമ(22), എന്നിവരാണീ കുടുംബത്തിൽ ഉൾപ്പെടുന്നത്.

 

18ാം നിലയിൽ താമസിച്ചിരുന്ന തനിക്കൊപ്പമുണ്ടായിരുന്ന അഞ്ച് വയസുകാരനായ മകനെ രക്ഷപ്പെടുന്നതിനിടയിൽ കാണാതായെന്ന് ഐസക് ഷാവോ എന്ന യുവതി വേദനയോടെ വെളിപ്പെടുത്തുന്നു. ഫറാഹ് ഹംദാൻ എന്ന യുവതിയുടെ ആറ് മാസം പ്രായമുള്ള കുട്ടിയെ കാണാതായിട്ടുണ്ട്. അപടത്തിനിരയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണിത്. ഫറാഹിനെയും ഭർത്താവ് ഒമറിനെയും അപകടത്തിൽ കാണാതായിട്ടുണ്ട്. ഇവരുടെ മറ്റ് മക്കളായ മലെക്ക് ബെൽകാഡി(10), തംസീൻ (6) എന്നിവർ ചികിത്സയിലാണ്.