രണത്തോടെ എല്ലാം അവസാനിച്ചുവെന്നാണ് എല്ലാവരുടെയും വിശ്വാസം. എന്നാൽ, മരിച്ചാലും മനസ്സ് ഏതാനും മണിക്കൂറുകൾകൂടി ശരീരത്തിൽ തുടരുമെന്ന് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. നിങ്ങൾ മരിച്ചുവെന്ന് ഡോക്ടർമാർ പറയുന്നത് നിങ്ങൾ അറിയുകയും ഉറ്റബന്ധുകക്കളുടെ വിലാപം കേൾക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ശരീരത്തിൽ ജീവന്റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ചുകഴിഞ്ഞാലും ബോധമനസ്സ് ഉണർന്നുതന്നെയിരിക്കും. സ്വന്തം മരണം അറിയുന്നത് അങ്ങനെയാണ്. ഇതിന് തെളിവുമുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. 1990-കളിൽ പുറത്തിറങ്ങിയ ഹൊറർ സിനിമ ഫ്ളാറ്റ്‌ലൈനേഴ്‌സിന്റെ ഇതിവൃത്തത്തോട് സമാനമാണ് ഈ കണ്ടെത്തൽ.

ഏതാനും യുവശാസ്ത്രജ്ഞർ മരണശേഷമെന്തെന്ന് കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു സിനിമയുടെ പ്രമേയം. രാസവസ്തു ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവെച്ച് മരണശേഷമെന്തെന്ന് കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. സമാനമായ രീതിയിലാണ് ശാസ്ത്രലോകവും വലിയ രഹസ്യം തേടി പുറപ്പെട്ടത്.

ന്യുയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ലാൻഗോൺ സ്‌കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞർ യൂറോപ്പിലും അമേരിക്കയിലുമായാണ് ഇതിനുള്ള പഠനം നടത്തിയത്. ഹൃദയാഘാതം വന്ന് മരണത്തെ മുഖാമുഖം കാണുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തതവരുടെ അനുഭവങ്ങൾ പഠിക്കുകയാണിവർ ചെയ്തത്.

ഡോക്ടർമാരും നഴ്‌സുമാരും ജീവൻ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ തങ്ങളറിയുന്നുണ്ടായിരുന്നുവെന്ന് ഇത്തരം അവസ്ഥയിലൂടെ കടന്നുപോയവർ പറഞ്ഞു. അവിടെ പറയുന്നത് മുഴുവൻ കേൾക്കുകയും അതിന്റെ ദൃശ്യങ്ങൾ മനസ്സിൽപ്പതിയുകയും ചെയ്തു. മരണത്തിന്റെ വക്കത്തുനിന്ന് തിരിച്ചെത്തിയവരുടെ ഈ അനുഭവങ്ങൾ റെക്കോഡ് ചെയ്യുകയാണ് ഗവേഷകർ ആദ്യം ചെയ്തത്.

പിന്നീട്, ഇവരെ ചികിത്സിച്ച ഡോക്ടർമാരിൽനിന്നും നഴ്‌സുമാരിൽനിന്നും അന്ന് സംഭവിച്ച കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് രോഗികളും ഡോക്ടർമാരും പറഞ്ഞ കാര്യങ്ങൾ തമ്മിൽ സമാനകളുണ്ടായിരുന്നു. ശരീരം നിശ്ചലമായശേഷവും ബോധമനസ്സ് ഏതാനും സമയംകൂടി തുടരുമെന്ന നിഗമനത്തിലെത്താൻ ഇത് സഹായിച്ചുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. സാം പർനിയ പറയുന്നു.

ഹൃദയമിടിപ്പ് നിലയ്ക്കുന്നതോടെയാണ് ഒരാൾ മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതുന്നത്. മിടിപ്പ് നിലയ്ക്കുന്നതോടെ, തലച്ചോറിലേക്കുള്ള രക്തയോട്ടം നിൽക്കുകയും രോഗി മരിക്കുകയും ചെയ്യും. ഇതോടെയാണ് തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതും രോഗി മരിക്കുന്നതും. എന്നാൽ, പൂർണമായും തലച്ചോറിലെ കോശങ്ങൾ മരിക്കുന്നതിന് മണിക്കൂറുകളെടുക്കുമെന്ന് സാം പർനിയ പറയുന്നു. സി.പി.ആർ കൊടുത്ത് രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്നത് ഇതുകൊണ്ടാണെന്നും ഡോക്ടർ പറയുന്നു.