കേവലം 21 വയസ്... ഒരു സംഗീത പ്രതിഭയുടെ ജീവിതം തുടങ്ങിയതേയുണ്ടാവൂ. പക്ഷേ അവനെയും മരണം വിളിച്ചു. അതും സ്വയം ചോദിച്ച് വാങ്ങിയ മരണം. അമേരിക്കൻ പോപ്പ് സ്റ്റാറുകളിൽ മിക്കവരും മുപ്പതോ നാൽപ്പതോ തികയാതെ ഇങ്ങനെ സ്വയം ചത്തൊടുങ്ങുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊല്ലപ്പെട്ടത് വിരലിൽ എണ്ണിത്തീർക്കാൻ വയ്യാത്തത്രയും പ്രതിഭകളാണ്. മൈക്കൽ ജാക്‌സൻ മുതൽ ആമി വൈൻഹൗസ് വരെ ലോകം ആരാധനയോടെ നോക്കിക്കാണുന്ന അനേകം പേർ.എന്നിട്ടും ഇവർക്ക് ഈ മാരകവിഷത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ല.

മയക്കുമരുന്ന് ദുരന്തത്തിനിരയായ ഏറ്റവും പുതിയ പ്രതിഭ 21 കാരനായ റോക്ക് സ്റ്റാർ റാപ്പർ ലിൽ പീപാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ക്‌സാനാക്‌സ് എന്ന മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഗുസ്റ്റവ് അഹിർ എന്ന യഥാർത്ഥ പേരിലുള്ള പീപ് കൺസർട്ടിനായി പോകുന്ന ടൂർ ബസിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്നാണ് അരിസോണയിലെ ടുക്‌സണിലുള്ള പൊലീസ് വെളിപ്പെടുത്തുന്നത്. വ്യാഴാഴ്ച നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് അനുസരിച്ച് പീപ് മരിച്ചത് അമിതമായ മയക്കുമരുന്ന് കഴിച്ചാണെന്നാണ് തെളിഞ്ഞിരിക്കുന്നതെന്ന് പിമ കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് വെളിപ്പെടുത്തുന്നു.

എന്നാൽ ടോക്‌സികോളജി ടെസ്റ്റ് ഫലം കൂടി പുറത്ത് വന്നാൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. ഇതിന് എട്ടാഴ്ചയോളം കാത്തിരിക്കേണ്ടി വരും. ലോംഗ് ഐസ്ലൻഡ് സ്വദേശിയായ പീപ് പിന്നീട് ലോസ് ഏയ്ജൽസിലേക്ക് താമസം മാറ്റുകയായിരുന്നു. ഓഡിയോ ഷെയറിങ് പ്ലാറ്റ് ഫോമായ സൗണ്ടക്ലൗഡിൽ ഹോം മെയ്ഡ് മിക്‌സ്‌ടേപ്‌സ് റിലീസ് ചെയ്തായിരുന്നു പീപ് തന്റെ കരിയർ പടുത്തുയർത്തിയിരുന്നത്. ഓഗസ്റ്റിൽ റിലീസ് ചെയ്ത തന്റെ ആദ്യത്തെ ഫുൾ ലംഗ്ത് ആൽബത്തിലൂടെ അദ്ദേഹം മില്യൺ കണക്കിന് ഓൺലൈൻ സ്രോതാക്കളുടെ മനം കവർന്നിരുന്നു. കം ഓവർ വെൻ യു ആർ സോബർ പാർട്ട് വൺ എന്നായിരുന്നു ഇതിന്റെ പേര്.

ഈ അടുത്ത വർഷങ്ങളായി മയക്കുമരുന്നും മദ്യവും അമിതമായി കഴിച്ച് മരണം വരിച്ച നിരവധി പോപ്പ് സ്റ്റാറുകളുണ്ട്. 2010ൽ തന്റെ 29ാം വയസിൽ മരിച്ച ജേ റീടാർഡ് അമിതമായി കൊക്കയിൻ കഴിച്ചാണ് പൊലിഞ്ഞത്. അതേ വർഷം മരിച്ച പോൾ ഗ്രേയ്ക്ക് വെറും 38 വയസായിരുന്നു. അമിതമായി മോർഫിനും ഫെന്റാനിലും കഴിച്ചതാണ് ഗ്രേയെ ചതിച്ചത്. 2011ൽ മൈക്ക് സ്്റ്റാർ അമിതമായി മെത്തഡി കുത്തി വച്ച് മരിച്ചത് വെറും 44ാം വയസിലായിരുന്നു. 2011ൽ മിക്കി വെൽഷ് 40ാം വയസിൽ മരിച്ചത് ഹെറോയിന് അടിപ്പെട്ടാണ്.2015ൽ സ്‌കോട്ട് വെയ്‌ലാൻഡ് 48ാം വയസിൽ മരിച്ചതുകൊക്കയിൻ ആസക്തി കനത്തിട്ടാണ്. 2016ൽ പ്രിൻസ് മരിച്ചത് 57 തികഞ്ഞപ്പോഴായിരുന്നു. ഫെന്റാനിൽ ആയിരുന്നു വില്ലൻ.