ജീവിതം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നവരെന്നാകും പോൺസിനിമകളിലെ നായികമാരെക്കുറിച്ച് ചിലരെങ്കിലും കരുതിയിട്ടുണ്ടാവുക. എന്നാൽ, ആ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് മരണത്തെ സ്വയം വരിച്ചതിലൂടെ ഒലിവിയ ലുവ എന്ന 23-കാരി. നീലച്ചിത്രങ്ങളിലെ നായികയായിരുന്ന ഒലീവിയ കുറച്ചുകാലമായി വെസ്റ്റ് ഹോളവുഡിലെ പുനധിവാസ കേന്ദ്രത്തിലായിരുന്നു. മരുന്നുകളും മദ്യവും ചേർത്ത് അമിതഡോസിൽ അകത്താക്കിയതാണ് മരണകാരണമെന്നാണ് കരുതുന്നത്.

ഒലീവിയ വോൾ്ട്ടയർ എന്ന് സ്‌ക്രീനിൽ അറിയപ്പെട്ടിരുന്ന ഒലീവിയ, മദ്യത്തിനും മയക്കുമരുന്നിനും അടിമയായതോടെയാണ് പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങളുള്ള ഇവിടേക്ക് എങ്ങനെ മദ്യം എത്തിയെന്ന കാര്യം ഇനിയും അജ്ഞാതമാണ്. പോൺ ഇൻഡസ്ട്രിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന എക്‌സ്ബിസ് എന്ന വാർത്താ ഏജൻസിയാണ് ഒലീവിയയുടെ മരണം സ്ഥിരീകരിച്ചത്.

2017 ഏപ്രിലിലാണ് എൽ.എ. ഡയറക്ട് മോഡൽസ് എന്ന ഏജൻസിയിൽചേർന്ന് നീലച്ചിത്രങ്ങളിൽ ഒലീവിയ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ, ഒക്ടോബറോടെ അവർ അഭിനയം ഏറെക്കുറെ ഉപേക്ഷിച്ചു. അപ്പോഴേക്കും മദ്യത്തിനും മയക്കുമരുന്നിനും അവർ അടിമയായിക്കഴിഞ്ഞിരുന്നു. വീട്ടിൽനിന്നുള്ള എതിർപ്പ് കൂടിയായതോടെ, പുനരധിവാസ കേന്ദ്രത്തെ ആശ്രയിക്കുകയായിരുന്നു. ഇക്കൊല്ലമാദ്യം അഭിനയരംഗത്തേക്ക് തിരിച്ചുവരാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഒലീവിയയുടെ മരണമെന്ന് എക്‌സ്ബിസ് റിപ്പോർട്ട് ചെയ്യുന്നു.

പോൺസിനിമകളിൽ തകർത്തഭിനയിക്കുന്ന പലരും പിന്നീട് കടുത്ത ജീവിതനൈരാശ്യത്തിൽപ്പെടുന്നുവെന്ന യാഥാർഥ്യത്തിന് അടിവരയിടുന്നതാണ് ഒലീവിയയുടെ മരണവും. അമേരിക്കയിലും കാനഡയിലുമായി ആറുമാസത്തിനിടെ ജീവനൊടുക്കുന്ന അഞ്ചാമത്തെ പോൺ നായികയാണ് ഒലീവിയ. ഒലീവിയ അംഗമായ എൽ.എ. ഡയറക്ട് മോഡൽസിൽ അംഗമായിരുന്ന ഒലീവിയ നോവയെന്ന നായികയും ഈ മാസമാദ്യം ജീവനൊടുക്കിയിരുന്നു.

സമീപകാലത്തെ മരണങ്ങളിലാദ്യത്തേത് 35-കാരിയായ ഷൈല സ്റ്റൈലേസിന്റേതാണ്. നവംബർ ഒമ്പതിന് കാൽഗരിയിലെ വീട്ടിൽ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. പത്തുവർഷത്തോളം നീലച്ചിത്രങ്ങളിൽ അഭിനയിച്ച അവർ 2016-ൽ ഈ രംഗം വിട്ടിരുന്നു. ഡിസംബറിൽ 23-കാരിയായ അമേസ് കാലിഫോർണിയയിലെ വീട്ടിൽ തൂങ്ങിമരിച്ചു. ഇതിന് ദിവസങ്ങൾക്കുശേഷം മരുന്ന് അമിതമായി കഴിച്ച് 31-കാരിയായ യൂരിസാൻ ബെൽട്രാനും മരണത്തെ പുൽകി. ജനുവരി ഒമ്പതിനായിരുന്നു ഒലീവിയ നോവയുടെ മരണം.