കേംബ്രിഡ്ജിൽ നിന്നും ഫ്രഞ്ച് ആൽപ്‌സിലേക്ക് ഹോളിഡേ ആഘോഷിക്കാൻ പോയ സംഘത്തിലെ രണ്ട് പേർ ഗർത്തത്തിൽ വീണ് മരിച്ചതായി റിപ്പോർട്ട്. 26കാരായ ഇന്ത്യക്കാരനായ അക്കൗണ്ട് എക്‌സിക്യൂട്ടീവ് രാജൻ മഹേന്ദ്രയും സുഹൃത്തും ഡോക്ടറുമായ ഓസ്‌കർ കാസഗ്‌ന്യൂ ഫ്രാൻസിസുമാണ് മരിച്ചിരിക്കുന്നത്. അപകടമരണത്തിനിരയായ മഹേന്ദ്ര താമസിച്ചിരുന്നത് കേംബ്രിഡ്ജിലാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് ആൽപ്‌സിലെ ചാമോണിക്‌സ്‌മോണ്ട്ബ്ലാൻകിൽ സ്‌കീയിംഗിൽ ഏർപ്പെട്ട് കൊണ്ടിരിക്കുമ്പോൾ ഇവർ നൂറ് കണക്കിന് മീറ്റർ ആഴത്തിലേക്ക് വീണ് പോവുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഫ്രാൻസിസിന്റെ 29 കാരനായ സഹോദരൻ ഒലിവർ ഈ അപകടത്തിന് സാക്ഷ്യം വഹിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഞായറാഴ്ച രാവിലെ 11.40ന് പിസ്റ്റെ പട്രോളർമാരെ ഈ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൗണ്ടയിൻ പൊലീസിനെയും വിളിച്ച് വരുത്തിയിരുന്നു. മഹേന്ദ്രയുടെ സഹോദരൻ രവിയും സ്‌കി ഹോളിഡേക്ക് ഈ സംഘത്തിനൊപ്പം പോയിരുന്നുവെങ്കിലും അപകടം നടന്നയിടത്ത് അദ്ദേഹം ഉണ്ടായിരുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഫ്രാൻസിസ് സ്‌കിയെ വളരെയധികം സ്‌നേഹിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സ്‌കൂൾ സഹപാഠിയായ ടിനാഷെ പഡിവ പറയുന്നത്.വർഷങ്ങളായി ഫ്രാൻസിസ് സ്‌കിയിങ് ഇൻസ്ട്രക്ടറായി പ്രവർത്തിച്ചിരുന്നുവെന്നും പഡിവ വെളിപ്പെടുത്തുന്നു.

ഫ്രാൻസിനും മഹേന്ദ്രയും അയൽക്കാരും ബാല്യകാലം മുതലേ സുഹൃത്തുക്കളുമായിരുന്നു. കേംബ്രിഡ്ജിലെ അപ്മാർക്കറ്റ് സ്ട്രീറ്റിലാണ് ഇവരുടെ വീടുകൾ സ്ഥിതി ചെയ്യുന്നത്.1700 മീറ്റർ ആൽട്ടിറ്റിയൂഡിലായിരുന്നു അപകടം നടക്കുന്ന വേളയിൽ ഈ സംഘം സ്‌കീയിങ് നിർവഹിച്ചിരുന്നത്. ഈ സമയത്ത് കാലാവസ്ഥ തെളിമയുള്ളതും നല്ല വെയിലുമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പാറകൾ നിറഞ്ഞ കട്ടിയേറിയ ഐസ് ഗർത്തത്തിൽ വീണാണ് ഇരുവരുടെയും അന്ത്യം സംഭവിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോലും ഇവിടെ മറ്റ് സ്‌കീയർമാർ ആപത്തൊന്നുമില്ലാതെ സ്‌കീയിങ് നിർവഹിച്ചതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മഞ്ഞിൽ ട്രാക്കുകൾ കണ്ടതിനാൽ ഇത് സുരക്ഷിതമായ പാതയാണെന്ന് വിശ്വസിച്ചായിരുന്നു സംഘം ഇതിലൂടെ മുന്നോട്ട് നീങ്ങിയിരുന്നത്. രണ്ട്‌പേരും ആപത്തിൽ പെട്ടതറിഞ്ഞ് പിന്നിലുള്ളവർ പെട്ടെന്ന് പിന്മാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.കൂട്ടത്തിലുള്ളവർക്കുണ്ടായ ദുരന്തത്തിൽ നിന്നും സംഘാഗങ്ങൾ ഇനിയും കരകയറിയിട്ടില്ലെന്നാണ് പ്രാദേശിക ഉറവിടം വെളിപ്പെടുത്തുന്നത്. ബ്രിട്ടീഷ് കോൺസുലേറ്റ് എല്ലാ വിധ സഹായങ്ങളും ചെയ്ത് രംഗത്തുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇൻഗാംസിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇവർ ഹോളിഡേയ്ക്ക് പോയത്. അപകടത്തെ തുടർന്ന് തങ്ങൾ ഫ്രാൻസിലെ ചാമോണിക്‌സിലെ പ്രാദേശിക ഭരണകൂടം, ബ്രിട്ടീഷ് കോൺസുലേറ്റ്, തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇൻഗാംസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.