ഡബ്ലിൻ: സൈക്കിൾ സവാരിക്ക് അടുത്തകാലത്ത് പ്രിയമേറിയതോടെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ഒട്ടേറെപ്പേരുടെ ജീവൻ പൊലിയുന്നതായി റിപ്പോർട്ട്. സൈക്കിൾ യാത്രക്കാർക്കിടയിൽ അപകടമരണങ്ങളും പരിക്കുകളും ഏറി വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഐറീഷ് റോഡുകളിൽ രണ്ടു ശതമാനത്തോളം മാത്രമാണ് സൈക്കിൾ യാത്രക്കാരെങ്കിലും ഇതിൽ എട്ടു ശതമാനത്തോളം പേർക്ക് അപകടങ്ങളിൽ പരിക്കുകൾ പറ്റുന്നുണ്ട്.

മധ്യവയസ്‌ക്കരും ചെറുപ്പക്കാരുമായ പുരുഷന്മാരാണ് അപകടങ്ങളിൽ മരിക്കുന്നതും പരിക്കേൽക്കുന്നതും. അയർലണ്ടിലെ സൈക്കിൾ യാത്രക്കാരിൽ 75 ശതമാനത്തോളം പേർ പുരുഷന്മാരാണ് എന്നതാണ് ഇതിനു കാരണം. പൊതുവേ റോഡ് അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം അടുത്തകാലത്തായി വർധിച്ചുവരുന്നതാണ് കാണപ്പെടുന്നത്. കഴിഞ്ഞ വർഷം സൈക്കിൾ യാത്രക്കാരായ 12 പേരാണ് റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടത്. മുൻ വർഷത്തെക്കാൾ ഇരട്ടിയാണിത്. ഈ വർഷവും അപകടങ്ങളിൽ കൊല്ലപ്പെടുന്ന സൈക്കിൾ യാത്രക്കാരുടെ എണ്ണം വർധിക്കാനാണ് സാധ്യത.

ജൂൺ വരെയുള്ള റിപ്പോർട്ടിൽ ഇതുവരെ അഞ്ചു സൈക്കിൾ യാത്രക്കാരാണ് വിവിധ അപകടങ്ങളിൽ മരിച്ചതെന്ന് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോർട്ട് അനുസരിച്ച് അടുത്തകാലത്തായി സൈക്കിൾ യാത്രയ്ക്ക്  പ്രിയമേറി വരികയാണ്. സ്‌കൂളിലേക്കും ഓഫീസുകളിലേക്കും പലരും യാത്ര സൈക്കിളിൽ ആക്കിയിരിക്കുകയാണിപ്പോൾ. മറ്റു വാഹനവുമായുള്ള കൂട്ടിയിടിയിലാണ് സൈക്കിൾ യാത്രക്കാരുടെ ജീവൻ പൊലിയുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാവിലേയും വൈകുന്നേരവുമുള്ള ഗതാഗത തിരക്കിനിടയിലാണ് മിക്ക സൈക്കിൾ സവാരിക്കാർക്കും പരിക്കേൽക്കുന്നതും. വളവുകൾ തിരിയുമ്പോഴും ടി ജംഗ്ഷനുകളിലുമാണ് കൂടുതലും അപകടങ്ങൾ നടക്കുക. ജംഗ്ഷനുകളിൽ സൈക്കിൾ യാത്രക്കാർ അതീവ ജാഗ്രത കാട്ടണമെന്ന് റോഡ് സേഫ്റ്റി അഥോറിറ്റി വക്താവ് അറിയിച്ചു. അർബൻ മേഖലകളിൽ മോട്ടോറിസ്റ്റുകൾ അവരുടെ വേഗത്തെ കുറിച്ച് ഏറെ ബോധവാന്മാരായിരിക്കണം. അഞ്ചിൽ നാലു ഡ്രൈവർമാരും ഈ മേഖലകളിൽ തങ്ങളുടെ സ്പീഡ് ലിമിറ്റ് ലംഘിക്കുകയാണ് ചെയ്യുന്നതെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഏതു തരത്തിലുള്ള യാത്രക്കാർക്കുമുള്ളതാണ് രാജ്യത്തെ റോഡുകളെന്നും അത് ഓർമയിൽ വച്ചു വേണം വാഹനവുമായി പുറത്തിറങ്ങേണ്ടെന്നും അഥോറിറ്റി ചെയർവുമൺ ചൂണ്ടിക്കാട്ടി.

സൈക്കിൾ യാത്രക്കാർക്കിടയിലും മോട്ടോറിസ്റ്റുകൾക്കിടയിലും ഇതുസംബന്ധിച്ച് ബോധവത്ക്കരണം വേണമെന്നും മണിക്കൂറിൽ 30 കിലോമീറ്റർ എന്ന വേഗപരിധി തിരക്കേറിയ നഗരപ്രദേശത്ത് പാലിക്കാൻ തയാറാകണമെന്നും നാഷണൽ സൈക്കിളിങ് കോ ഓർഡിനേറ്റർ ഡാമിയൻ ഒ ടുമാ  അറിയിച്ചു.