ഡബ്ലിൻ: ഗർഭഛിദ്രം നിഷേധിച്ചതിനെത്തുടർന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്ന ഇന്ത്യൻ ഡന്റിസ്റ്റ് സവിതാ ഹാലപ്പനാവറിന്റെ രണ്ടാം ചരമവാർഷികം രാജ്യത്ത് ഗർഭഛിദ്രത്തിനെതിരേയുള്ള വെല്ലുവിളികൾക്ക് ഒരിക്കൽ കൂടി വേദിയായി. സവിതയുടെ ചരമദിനമായ 28ന് ഡബ്ലിനിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചാണ് രാജ്യത്ത് നിലനിൽക്കുന്ന ഗർഭഛിദ്ര നിയമത്തിനെതിരേ സംഘം വെല്ലുവിളി നടത്തിയത്.

സോഷ്യലിസ്റ്റ് എംപിയായ റൂത്ത് കോപ്പിംഗർ ആണ് ഈ റാലിക്ക് നേതൃത്വം കൊടുത്തതും ഇതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. സ്ത്രീകളുടെ അവകാശമായ ഗർഭഛിദ്രത്തിന് രാജ്യം ഏർപ്പെടുത്തിയിട്ടുള്ള നിരോധനം നീക്കം ചെയ്യണമെന്ന ആവശ്യമാണ് ഇവർ പ്രധാനമായും ഉന്നയിച്ചത്. അയർലണ്ട് നിരോധിച്ച ഗർഭനിരോധന ഗുളികകൾ  ബെൽഫാസ്റ്റിൽ നിന്നു വാങ്ങിക്കൊണ്ടു വരികയും അവ ഡബ്ലിനിൽ വച്ച് പൊട്ടിച്ച്, റിപ്പബ്ലിക്കിൽ നിലനിൽക്കുന്ന ഗർഭഛിദ്ര നിരോധനം മാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
മുപ്പത് പ്രോ ചോയ്‌സ് അനുകൂലികളോടൊത്ത്  നോർത്തേൺ അയർലണ്ട് വരെ യാത്ര ചെയ്താണ് റൂത്ത് കോപ്പിംഗർ അബോർഷൻ ഗുളികകൾ വാങ്ങിയത്.  ഗർഭഛിദ്രത്തിന് ഈ ഗുളികകൾ വളരെ സുരക്ഷിതമാണെന്ന് കാണിക്കുന്നതിനു വേണ്ടി ചിലർ ഇതു കഴിക്കുക കൂടി ചെയ്തു. ഗർഭഛിദ്രം നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്ന രാജ്യത്തിന്റെ മനോഭാവത്തിന് അയവു വരുത്തണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു.

ഗർഭഛിദ്രം നിഷേധിച്ചതിനെത്തുടർന്ന് സവിത സെപ്റ്റീസീമിയ ബാധിച്ചാണ് മരിക്കുന്നത്. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന അവസരമുൾപ്പെടെ ചില സാഹചര്യങ്ങളിൽ മാത്രം ഗർഭഛിദ്രം അനുവദിക്കാമെന്ന് പിന്നീട് അയർലണ്ടിൽ നിയമഭേദഗതി വരുകയും ചെയ്തു. എന്നാൽ അബോർഷൻ സംബന്ധിച്ച് ഇപ്പോഴും നിലനിൽക്കുന്ന നിയമക്കുരുക്കുകൾ വേണ്ട വിധം പരിഹരിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ല.
ബലാത്സംഗത്തിലൂടെ ഗർഭിണിയായ വിദേശ യുവതി സിസേറിയനിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകേണ്ടി വന്നതും കഴിഞ്ഞമാസം അയർലണ്ടിൽ അബോർഷൻ സംബന്ധിച്ച സംവാദത്തിന് കളമൊരുക്കിയിരുന്നു. അയർലണ്ടിൽ എത്തുന്നതിന് മുമ്പ് അവർ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്നും ഇവിടെയെത്തിയ ശേഷമാണ് താൻ ഗർഭിണിയാണെന്ന് അറിഞ്ഞതെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ ഇവിടെ ഗർഭഛിദ്രം അനുവദിക്കാത്തതിനെത്തുടർന്ന് യുവതിക്ക് കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വന്നു. എന്നാൽ ബലാത്സംഗത്തിലൂടെ ഉണ്ടായ കുഞ്ഞിനെ പ്രസവിക്കുന്നതിനേക്കാൾ താൻ ആത്മഹത്യക്ക് മുതിർന്നിരുന്നുവെന്ന് യുവതി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

ഗാൽവേയിലും ഡബ്ലിനിലും നടന്ന സവിത അനുസ്മരണ ചടങ്ങിൽ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു. മെഴുകുതിരികൾ കത്തിച്ച് അവർ സവിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഭാര്യയുടെ മരണത്തെത്തുടർന്ന് അയർലണ്ടിൽ നിന്ന് ഭർത്താവ് പ്രവീൺ യുഎസിലേക്ക് പോകുകയും ചെയ്തു. സവിതയുടെ മരണത്തിന് കാരണക്കാരായ ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിക്കും എച്ച്എസ്ഇയ്ക്കും എതിരേ പ്രവീൺ കേസ് കൊടുത്തിട്ടുണ്ട്.