ന്യൂയോർക്ക്: അമേരിക്കയിലെ സ്വിംമ്മിങ് പൂളിൽ മുങ്ങിമരിച്ച ആന്ധ്രാപ്രദേശ് സ്വദേശിയായ ഇൻഫോസിസ് ജീവനക്കാരന്റെയും മകന്റെയും മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തും. നാഗരാജു സുരേപള്ളിയും (31) ഇയാളുടെ മൂന്ന് വയസുള്ള മകൻ ആനന്ദുമാണ് താമസസ്ഥലത്തെ സ്വിംമ്മിങ് പൂളിൽ കഴിഞ്ഞ ചൊവ്വാഴ്ച മുങ്ങി മരിച്ചത്.

പൂളിനു ചുറ്റും സൈക്കിൾ ഓടിക്കുകയായിരുന്ന ആനന്ദ് വെള്ളത്തിലേക്ക് വീഴുന്നതു കണ്ട് രക്ഷിക്കാനായാണ് നാഗരാജുവും പൂളിലേക്ക് ചാടിയത്. നീന്തൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ ഇരുവരും മുങ്ങിതാഴുകയായിരുന്നു. അയൽക്കാരായ ദമ്പതിമാരാണ് ഇരുവരുടെയും മൃതദേഹങ്ങൾ പൂളിൽ പൊങ്ങികിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഇൻഫോസിസിലെ സുഹൃത്തുക്കളും ജീവനക്കാരും. ഇതിനായി ജനങ്ങൾക്കിടയിൽ പിരിവ് നടത്തിയിരുന്നു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ നാഗരാജു ഭാര്യ ബിന്ദുവിനും മകനുമൊപ്പം മൂന്ന് വർഷമായി അമേരിക്കയിലായിരുന്നു താമസം.