സൈപ്രസിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച മലയാളി വിദ്യാർത്ഥിനിയുടെ സംസ്‌കാരം ഡബ്ലിൻ നടത്തുമെന്ന് സൂചന. പാലാ സ്വദേശിയും ഡബ്ലിനിൽ സ്ഥിര താമസക്കാരനുമായ ജോയി തോമസിന്റെ മകൾ ഇരുപത്തിമൂന്ന് വയസ്സുള്ള ജെറിൽ ജോയിയാണ് കഴിഞ്ഞ ദിവസം സൈപ്രസിലെ യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ് മരിച്ചത്.ജെറിൽ ജോയിയുടെ മൃതദേഹം ഡബ്ലിനിലേയ്ക്ക് കൊണ്ട് വരാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സംസ്‌കാരം ഡബ്ലിൻ രഹേനിയിൽ നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.മൃതദേഹം എന്ന് എത്തിക്കുമെന്നതിനെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ലഭ്യമല്ല.ജെറിലിന്റെ മരണവിവരമറിഞ്ഞു നിരവധി കുടുംബസുഹൃത്തുക്കൾ രഹേനിയിലെ ഇവരുടെ ഭവനത്തിൽ എത്തിയിരുന്നു.തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഭവനത്തിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് സീറോ മലബാർ ചാപ്ല്യന്മാരായ ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ക്ലമന്റ് പാടത്തിപറമ്പിൽ,ഫാ.രാജേഷ് ജോസഫ് മേച്ചിറാകത്ത് എന്നിവർ നേതൃത്വം നൽകി.

ജോയി തോമസും,ഭാര്യ ബൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ എത്സമ്മയും മകളുടെ മരണവിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.നിക്കോഷ്യയിലെത്തിയ ഇവരെ സൈപ്രസിലെ ഐറിഷ് അംബാസിഡറുടെ ഓഫിസിൽ നിന്നുമാണ് ഒരു മണിക്കൂറോളം അകലെയുള്ള നോർത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ എത്തിച്ചത്.നോർത്തേൺ സൈപ്രസും,സൈപ്രസും തമ്മിലുള്ള അതിർത്തി തർക്കം മൂലം ഇരു പ്രദേശങ്ങളിലും നയതന്ത്ര പ്രതിനിധികളുടെ സഹായമില്ലാതെയുള്ള യാത്ര അസാധ്യമാണ്.

നോർത്ത് സൈപ്രസിലെ ഏറ്റവും വലിയ നഗരമായ നിക്കോസിയയിലുള്ള നിയർ ഈസ്റ്റ് യൂണിവേഴ്സിറ്റിയിൽ വെറ്റിനറി മെഡിസിനിലെ മൂന്നാംവർഷ വിദ്യാർത്ഥിനിയായിരുന്നു ജെറിൽ ജോയി. പാലാ സ്വദേശിയും ഡബ്ലിനിൽ സ്ഥിരതാമസക്കാരനുമായ ജോയി തോമസിന്റെ മകൾ ജെറിൽ ജോയിയാണ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണാണ്് മരിച്ചത്. അബദ്ധത്തിൽ താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആരെങ്കിലും തള്ളിയിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.15 മണിയോടെയാണ് അപകടം സംഭവിച്ചത്.

കോറിഡോർ ജനാല വഴിയാണ് ജെറിൽ 23 മീറ്ററോളം ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചത്. യൂണിവേഴ്‌സിറ്റി കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരിക്കുന്ന വാഹങ്ങൾക്ക് മുകളിലേക്കാണ് വീണത്. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജെറിലിനെ അടുത്തുള്ള നിയർ ഈസ്റ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പ്രാദേശിക സമയം 5.20 തോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ആത്മഹത്യയാണോ, ആരെങ്കിലും താഴേക്ക് തള്ളിയിട്ടതാണോ, അതോ അബദ്ധത്തിൽ വീണതാണോ എന്ന കാര്യത്തിൽ സംശയം തുടരുന്നതായി സംഭവ സ്ഥലം പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിന്റെ നടുക്കത്തിലാണ് യൂണിവേഴ്‌സിറ്റിയിലെ മറ്റ് വിദ്യാർത്ഥികൾ.

പാലാ കൊഴുവനാൽ മലയിരുത്തി സ്വദേശി ജോയി തോമസിന്റെയും എൽസമ്മയുടെയും മകളാണ് ജെറിൽ ജോയി. സഹോദരൻ ഡോ. ജോയൽ.

സൈപ്രസ് ദ്വീപിന്റെ വടക്കുകിഴക്കൻ ഭാഗമാണ് ഈ രാജ്യത്തിന്റെ കീഴിലുള്ള പ്രദേശം. ടർക്കി മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചിട്ടുള്ളത്. റിപ്പബ്ലിക് ഓഫ് സൈപ്രസിന്റെ ഭാഗമായതും തുർക്കിയുടെ സൈനിക അധിനിവേശത്തിലിരിക്കുന്നതുമായ പ്രദേശമാണിതെന്നാണ് അന്താരാഷ്ട്രസമൂഹത്തിൽ ഈ പ്രദേശം അറിയപ്പെടുന്നത്.