ബർലിൻ: സാമ്പത്തികതിരിമറി കണ്ടുപിടിച്ച മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയ ജർമ്മൻ പൗരന് കോടതി 12 വർഷത്തെ തടവുശിക്ഷ വിധിച്ചു. അങ്കമാലി സ്വദേശി ജാനറ്റ്(34) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് റെനെ വെർഹോഫൻ ആണു ശിക്ഷിക്കപ്പെട്ടത്. അങ്കമാലി കിഴക്കേടത്ത് വീട്ടിൽ സെബാസ്റ്റ്യന്റെയും റീത്തയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജാനറ്റ്. ഇവരുടെ മകൾ ആലീസിന് ഒരു വസയു മാത്രം പ്രായമേ ഉള്ളൂ.

ജർമനിയിലെ ഡ്യൂയിസ്‌ബെർഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജാനറ്റിന്റെ പിതാവിന്റെ അക്കൗണ്ടിൽനിന്ന് 27,000 യൂറോ റെനെ മോഷ്ടിച്ചത് കണ്ടുപിടിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. ആസൂത്രിതമായ കൊലപാതകം അല്ലെന്നും പുകവലി തടഞ്ഞതിനെച്ചൊല്ലിയുള്ള വഴക്ക് കൊലയിൽ അവസാനിച്ചെന്നുമാണ് ജാനറ്റ് വാദിച്ചത്. എന്നാൽ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം തെളിയിച്ചു.

ഏപ്രിൽ 13നാണ് റെനെ ജാനറ്റിനെ കൊലപ്പെടുത്തി ഡ്യൂയിസ്‌ബെർഗിലെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയത്. മെയ്‌ 20നാണ് സംഭവം പുറംലോകമറിയുന്നത്.

ജാനറ്റിന്റെ പിതാവിന്റെ ബാങ്ക് നിക്ഷേപത്തിൽനിന്നു കഴിഞ്ഞ ജനുവരിയിലാണു റെനെ മോഷണം നടത്തിയത്. നെറ്റ് ബാങ്കിങ്ങിലൂടെയാണു പണം തട്ടിയത്. അക്കൗണ്ടിന്റെ പാസ്‌വേർഡ് റെനെയ്ക്ക് അറിയാമായിരുന്നു. അക്കൗണ്ടിൽ നിന്ന് താൻ അറിയാതെ പണം പിൻവലിക്കുന്നത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആരെങ്കിലും ഹാക്ക് ചെയ്തതായിരിക്കും എന്നു പറഞ്ഞ് റെനെ തന്ത്രപരമായി ഒഴിഞ്ഞു. പിന്നീട് ജാനറ്റ് ബാങ്കിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഏത് അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നും കണ്ടെത്തി. തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അമ്മൂമ്മ നൽകിയ വീട്ടിലാണ് റെനെ താമസിച്ചിരുന്നത്. സഹോദരിക്ക് അവകാശമായി നിശ്ചിത തുക നൽകണമെന്നും അമ്മൂമ്മ റെനെയോട് ആവശ്യപ്പെട്ടിരുന്നു. സഹോദരിക്ക് മൂന്ന് ഗഡുക്കളായി പണം കൊടുക്കാമെന്നാണ് റെനെ ഏറ്റിരുന്നത്. ഇതിൽ രണ്ട് ഘട്ടമായി തുക നൽകി. ബാക്കി തുക നൽകേണ്ട ദിവസം അടുത്തപ്പോഴാണ് ജാനറ്റ് അറിയാതെ ബാങ്കിൽ നിന്ന് പണം പിൻവലിച്ചത്. ഇതാണ് ജാനെറ്റിന്റെ കൊലയിലേക്ക് എത്തുന്ന തർക്കം ഉണ്ടാക്കിയത്.

ഇലക്ട്രിക് വയർ ഉപയോഗിച്ചു കഴുത്തു വരിഞ്ഞുമുറുക്കിയും കഴുത്തിന്റെ പുറകിൽ കറിക്കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിവുണ്ടാക്കിയുമാണു റെനെ ജനറ്റിനെ കൊല ചെയ്തതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൊലയ്ക്കു ശേഷം മൃതദേഹം ബേസ്‌മെന്റിൽ ഒളിപ്പിച്ച് മുറി പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് രാത്രിയാണ് വീടിനു പിന്നിലുള്ള പൂന്തോട്ടത്തിൽ കുഴിച്ചുമൂടിയത്.

ജാനറ്റ് വീടുവിട്ടിറങ്ങിപ്പോയി എന്ന കള്ളക്കഥയാണ് തൊട്ടടുത്തുതന്നെ താമസിച്ചിരുന്ന മാതാപിതാക്കളെ റെനെ ധരിപ്പിച്ചത്. പിന്നീട് ഇയാൾ പൊലീസിലെത്തി ജാനറ്റിനെ കണ്ടുപിടിക്കാൻ സഹായം തേടി. ജാനറ്റിന്റെ തിരോധാനം മൂന്നാഴ്ച പിന്നിട്ടപ്പോഴാണു പൊലീസിന്റെ അന്വേഷണം റെനെയിലേക്കു തിരിഞ്ഞതും ഇയാളെ കസ്റ്റഡിയിലെടുത്തതും.