- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ മോഡലുകളുടെ മരണം: കേസിലെ ഒന്നാം പ്രതിക്കും അപകടത്തിൽ മരിച്ചവർക്കും മദ്യമോ, മയക്കുമരുന്നോ ഹോട്ടലുടമ നൽകി; ഹാർഡ് ഡിസ്ക് കായലിലേക്ക് വലിച്ചെറിഞ്ഞത് തെളിവ് നശിപ്പിക്കാൻ; റോയി വയലാട്ടിന് നിർണായക പങ്കെന്ന് പൊലീസ്; നമ്പർ 18 ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ജാമ്യം
കൊച്ചി: കൊച്ചിയിൽ വാഹന അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്ന് പേർ മരിക്കാനിടയാക്കിയ സംഭവത്തിൽ രണ്ടാം പ്രതിയും ഹോട്ടലുടമയുമായ റോയി വയലാട്ടിന് നിർണായക പങ്കെന്ന് പൊലീസ്. ഹോട്ടലുടമ ഒന്നാം പ്രതിക്കും അപകടത്തിൽ മരിച്ചവർക്കും മദ്യമോ, മയക്കുമരുന്നോ നൽകിയെന്നാണ് പൊലീസ് പറയുന്നത്.
കാർ പാർക്കിങ് സ്ഥലത്തുവച്ചോ, അല്ലെങ്കിൽ ഡിജെ പാർട്ടി നടക്കുന്ന സ്ഥലത്തുവച്ചോ, ഹോട്ടലിൽ വച്ചോ ആണ് ഇവർക്ക് മയക്കുമരുന്ന് കലർന്ന വസ്തുക്കൾ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടാണ് ഹാർഡ് ഡിസ്ക് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം കേസിൽ അറസ്റ്റിലായ ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടും ജീവനക്കാരായ അഞ്ച് പേരും ഉൾപ്പടെ ആറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എറണാകുളം ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രാത്രി 8.45നാണ് വിധി വന്നത്. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ തങ്ങളെ പ്രതിയാക്കിയത് പൊലീസ് തിരക്കഥയാണെന്നായിരുന്നു റോയിയും ഹോട്ടൽ ജീവനക്കാരും വാദിച്ചത്. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കം. ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു. മജിസ്ട്രേറ്റ്, ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷമാണ് ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടായത്.
മിസ് സൗത്ത് ഇന്ത്യയും മുൻ മിസ് കേരളയുമായ അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ് അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. എന്നാൽ അപകടവുമായി ബന്ധമില്ലെന്ന് ഹോട്ടലുടമ റോയ് ജെ.വയലാട്ട് പറഞ്ഞു. അപകടത്തിൽപ്പെട്ടവർ മദ്യം കഴിച്ചത് പണം നൽകിയാണ്. തന്നെയും തന്റെ സ്ഥാപനത്തെയും അപമാനിക്കാനാണ് ശ്രമമെന്നും റോയ് കോടതിയിൽ പറഞ്ഞു.
സംഭവത്തിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റിലായ പ്രതികൾ കോടതിയിൽ പറഞ്ഞു. ചോദ്യംചെയ്യലിനിടെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പരാതി എഴുതി നൽകാൻ കോടതി നിർദ്ദേശം നൽകി. നരഹത്യക്കുറ്റം ചുമത്തിയത് പൊലീസ് തിരക്കഥയാണ്. കാർ ഓടിച്ചയാളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നു. സൈജുവിനെ ഇനിയും പിടികൂടാനായില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു.
അപകടത്തിൽ പെട്ടവർ ഹോട്ടലിൽ വെച്ച് സ്വന്തം നിലയിൽ പാർട്ടിക്ക് എത്തിയതാണെന്നും ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും റോയിക്കു വേണ്ടി അഭിഭാഷകൻ വാദിച്ചു. തന്റെ ഹോട്ടലിൽ വെച്ച് ഒരു അനിഷ്ടവും സംഭവിച്ചിട്ടില്ല. ചേസ് ചെയ്ത സൈജു ജാമ്യത്തിലിറങ്ങി. ഹൃദ്രോഗിയായ തന്നെ ഇപ്പോഴും പീഡിപ്പിക്കുകയാണ്. തന്റെ ഹോട്ടലിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് അപകടം നടന്നത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചു എന്ന് സമ്മതിച്ചാൽ പോലും അപകടവുമായി ഇതിന് എന്ത് ബന്ധമാണുള്ളത്. കാർ ഓടിച്ച ഒന്നാം പ്രതി അബ്ദു റഹ്മാനെ സഹായിക്കാനാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതികൾ വാദിച്ചു.
സമയപരിധി കഴിഞ്ഞും ഹോട്ടലിൽ മദ്യം വിളമ്പിയെന്ന് പൊലീസ് പറഞ്ഞു. കായലിലേക്ക് ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞ് തെളിഞ്ഞതായും പൊലീസ് കോടതിയെ അറിയിച്ചു.
മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ഇതിനായി വാട്സാപ് ഗ്രൂപ്പുണ്ടെന്നും പ്രതികൾ വാദിച്ചു. കാറിലുണ്ടായിരുന്നവരോട് മോശമായി സംസാരിച്ചെന്നും ചേസ് ചെയ്തെന്നും പൊലീസ് പറയുന്നുണ്ട്. ഔഡി ഓടിച്ച സൈജുവിനെ ഇപ്പോഴും പ്രതിയാക്കിയിട്ടില്ല. റഹ്മാൻ അമിതമായി മദ്യപിച്ച് കാറോടിച്ചതായി പൊലീസ് തന്നെ പറയുന്നു. അപകടത്തിന് ഇതാണ് കാരണം. ഇതിലെവിടെയാണ് മറ്റ് പ്രതികൾക്ക് ബന്ധമുള്ളതെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു.
കേസിന്റെ നിർണായക തെളിവ് ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് ഒളിപ്പിച്ച കുറ്റത്തിനാണ് റോയിയെയും അഞ്ച് ഹോട്ടൽ ജീവനക്കാരെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഹാർഡ് ഡിസ്ക് കായിലേക്ക് എറിഞ്ഞെന്നും റോയിയുടെ നിർദേശപ്രകാരമായിരുന്നു ഇതെന്നും അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ മൊഴിനൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ