മുംബൈ: മറാത്താ പ്രക്ഷോഭത്തിന് കാരണമായ കോപർഡി കൂട്ടബലാൽസംഗ- കൊലക്കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ചു. ജിതേന്ദ്ര ബാബുലാൽ ഷിണ്ഡെ, സന്തൊഷ് ഗോരഖ് ഭവാൽ, നിതിൻ ഗോപിനാഥ് ഭൈലുമെ എന്നിരെയാണ് തൂക്കിലേറ്റാൻ വിധിച്ചത്. അഹമദ്‌നഗർ സെഷൻസ് കോടതി ജഡ്ജി സുവർണ കെവാലെയാണഅ ശിക്ഷ വിധിച്ചത്.

മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയ പ്രമാദമായ ഈ കേസിൽ കഴിഞ്ഞ 18 ന് മൂവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ഗൂഢാലോചന, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊല്ലപ്പെട്ടത് മറാത്ത പെൺകുട്ടിയും പ്രതികൾ ദളിത് സമുദായക്കാരുമായതടെ ഇത് മറാത്താ പ്രക്ഷോഭത്തിനും വഴിവെച്ചിരുന്നു.

2016 ജൂലൈ 13ന് മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിലെ കോപാർഡി ഗ്രാമത്തിലാണ് കേസിനാസ്പദമയ ദാരുണ സംഭവം നടന്നത്. ഡൽഹിയിൽ കൊല്ലപ്പെട്ട നിർഭയയേക്കാൾ ദാരുണമായാണ് ഈ 15കാരി കൊല്ലപ്പെട്ടത്. മുത്തച്ഛനെ കണ്ട് മടങ്ങിയ 15കാരിയെ മുഖ്യപ്രതിയായ ജിതേന്ദ്ര ഷിൻഡെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ബലാൽസംഗം ചെയ്യുകയുമായിരുന്നു. അതിനുശേഷം ഇയാൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിനടുത്ത് തന്നെയുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.

പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ഇവർ പെൺകുട്ടിയുടെ തലമുടി പറിച്ചെടുക്കുകയും പല്ല് അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. ശരീരം മുഴുവൻ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. തോളെല്ലെുകൾ പൊട്ടിയിരുന്നു. കഴുത്തുഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഉജ്ജ്വൽ നികം ആണ് കേസിൽ പ്രത്യേക പബ്‌ളിക് പ്രോസിക്യൂട്ടർ. മറാത്ത സമുദായക്കാരുടെ പ്രക്ഷോഭത്തെ തുടർന്നാണ് നികമിനെ സർക്കാർ നിയോഗിച്ചത്.