റിയാദ് : മൂന്നു മലയാളികൾ ഉൾപ്പടെ അഞ്ച് ഇന്ത്യാക്കാരെ എട്ട് വർഷം മുൻപ് സൗദിയിൽ ജീവനോടെ കുഴിച്ച് മൂടിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം.  കേസിൽ പ്രതികളായ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായാണ് സൗദി അധികൃതർ  ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  2010ൽ റിയാദിലെ സഫ്‌വയിലുള്ള കൃഷിയിടത്തിലായിരുന്നു സംഭവം.

തിരുവനന്തപുരം കിളിമാനൂർ സ്വദേശി അബ്ദുൽ ഖാദർ സലീം, കൊല്ലം സ്വദേശികളായ കണ്ണനല്ലൂർ ഷെയ്ഖ് ദാവൂദ്, ശാസ്താംകോട്ട വിളത്തറ ഷാജഹാൻ അബൂബക്കർ എന്നിവരും രണ്ടു കന്യാകുമാരി സ്വദേശികളുമാണു കൊല്ലപ്പെട്ടത്. ഫാം ഹൗസിലേക്ക് അഞ്ചു പേരെയും വിളിച്ചുവരുത്തിയ പ്രതികൾ കൈകാലുകൾ ബന്ധിച്ച് മർദിച്ചും ലഹരിമരുന്ന് കലർത്തിയ പാനീയം നൽകി ബോധം കെടുത്തിയും വലിയ കുഴിയെടുത്ത് മൂടുകയായിരുന്നു.

2014 ഫെബ്രുവരി ഏഴിനാണു മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മദ്യനിർമ്മാണത്തിലും വിതരണത്തിലും കൊല്ലപ്പെട്ടവരുമായി മുഖ്യപ്രതി സഹകരിച്ചിരുന്നു. കൂട്ടത്തിലൊരാൾ സ്പോൺസറുടെ മകളെയും മറ്റു സ്ത്രീകളെയും മാനഭംഗപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ക്രൂരകൃത്യമെന്നായിരുന്നു പ്രതികളുടെ വിശദീകരണം.

ഫാമിൽ കുഴിയെടുത്തപ്പോൾ കിട്ടിയത് തലയോട്ടികൾ ! : ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ

അഞ്ചു പേരെയും ഫാം ഹൗസിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തിയ പ്രതികൾ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷം കൈകാലുകൾ ബന്ധിച്ചും വായകൾ മൂടിക്കെട്ടിയും ക്രൂരമായി മർദിച്ച ശേഷമാണ് വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്.   ഇന്ത്യക്കാരുടെ പണവും മൊബൈൽ ഫോണുകളും മറ്റു വിലപിടിച്ച വസ്തുക്കളും പ്രതികൾ തട്ടിയെടുത്തു.

മദ്യനിർമ്മാണ കേന്ദ്രം നടത്തുകയും മദ്യം വിതരണം ചെയ്യുകയും മദ്യവും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തെന്ന ആരോപണവും പ്രതികൾ നേരിട്ടിരുന്നു. മൃതപ്രായരായിരിക്കെയാണ് അഞ്ചു പേരെയും പ്രതികൾ വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്.  കേസിൽ അറസ്റ്റിലായ മൂന്നു പ്രതികൾക്കും വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

ഇത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് സൽമാൻ രാജാവ് അനുമതി നൽകുകയും ചെയ്തതിനെ തുടർന്നാണ് മൂവരെയും വധശിക്ഷക്ക് വിധേയരാക്കിയത്.സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരന്മാരായ യൂസുഫ് ബിൻ ജാസിം ബിൻ ഹസൻ അൽമുതവ്വ, അമ്മാർ ബിൻ യുസ്രി ബിൻ അലി ആലുദുഹൈം, മുർതസ ബിൻ ഹാശിം ബിൻ മുഹമ്മദ് അൽമൂസവി എന്നിവർക്ക് കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിലാണ് വധശിക്ഷ നടപ്പാക്കിയത്.

2014 ൽ ഫാമിൽ കുഴിയെടുക്കുന്നതിനിടെ ലഭിച്ച അസ്ഥികളിൽ നിന്നാണ് കൊലപാതകവിവരം പുറം ലോകമറിയുന്നത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടായിരത്തിപത്തിൽ കാണാതായ ഇന്ത്യൻ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. വിചാരണക്കോടതിയാണ് മൂന്നു പൗരന്മാർക്കും വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചു. തുടർന്നാണ് സൽമാൻ രാജാവിന്റെ അനുമതിയോടെ മൂന്നു സ്വദേശികളേയും വധശിക്ഷയ്ക്കു വിധേയരാക്കിയത്.