കുവൈത്ത് സിറ്റി: രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിലേക്കു വരെ വളർന്ന കൊലപാതകക്കേസിൽ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഫിലിപ്പീൻസുകാരിയായ വേലക്കാരിയെ കൊന്ന് വീട്ടിലെ ഫ്രീസറിൽ മൃതദേഹം ഒളിപ്പിച്ച് രാജ്യംവിട്ട ദമ്പതികളെയാണ് ശിക്ഷിച്ചത്. ലെബനൻ സ്വദേശി നാദിർ ഇശാം അസഫ്ൻ, ഭാര്യ സിറിയൻ സ്വദേശി മോണ ഹസോൺ എന്നിവർ കുവൈറ്റിൽ താമസിച്ചിരുന്ന വേളയിലാണ് രണ്ടുവർഷം മുമ്പ് ഇത്തരമൊരു ദാരുണകൃത്യം നടത്തുന്നത്.

2016 സെപ്റ്റംബറിലാണ് വീട്ടുജോലിക്കു നിന്ന ജോഅന്ന ഡിമാഫെലിസ് എന്ന യുവതിയെ കാണാനില്ലെന്ന പരാതി നാദിറും മോണയും പൊലീസിന് നൽകുന്നത്. ഇതിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇരുവരും രാജ്യംവിടുകയും ചെയ്തു. താമസിച്ചിരുന്ന അപ്പാർട്ടുമെന്റ് പൂട്ടിയിട്ടാണ് ഇരുവരും പോയത്. പരാതിയിൽ ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഫെബ്രുവരിയിൽ മൃതദേഹം കണ്ടെടുത്തു. മൃതദേഹത്തിന് ഒരു വർഷത്തോളം പഴക്കമുണ്ടെന്നും കണ്ടെത്തി. സംഭവം കുവൈറ്റും ഫിലിപ്പീൻസും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവാൻ പോലും കാരണമായി. കുവൈറ്റിൽ ഫിലിപ്പിനോകൾ ജോലിക്ക് പോകുന്നതിന് വിലക്കും ഉണ്ടായി.

ഇതിന് പിന്നാലെയാണ് പ്രതികൾക്കായി ഇന്റർപോൾ സഹായം തേടി തിരച്ചിൽ തുടങ്ങിയത്. തുടർന്ന് ഫെബ്രുവരിയിൽ ഇരുവരും സിറിയയിൽ അറസ്റ്റിലായി. നാദറിനെ അയാളുടെ രാജ്യമായ ലെബനന് കൈമാറി. ഭാര്യ മോണ ഇപ്പോഴും സിറിയൻ കസ്റ്റഡിയിലാണ്. രണ്ട് പേരെയും കുവൈത്തിന് കൈമാറുന്നതിന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇവരുടെ അഭാവത്തിലാണ് വധശിക്ഷ വിധിച്ചുള്ള കോടതിവിധി ഉണ്ടായത്.

അതേസമയം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായും ഇയാളുടെ ഭാര്യയും കുറ്റക്കാരിയാണെന്നും ലെബനൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ലെബനൻ ശിക്ഷ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കുവൈത്ത് കോടതിയുടെ വിധി പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ മാസമാണ് പ്രതി നാദിർ അറസ്റ്റിലായതായി ഫിലിപ്പൈൻസ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്.

2014ലാണ് ജോഅന്ന കുവൈറ്റിൽ തൊഴിൽതേടി പോകുന്നത്. നിരന്തമായി ഫിലിപ്പിനോ ജോലിക്കാർക്ക് പീഡനം നേരിടുന്നുണ്ട് കുവൈറ്റിൽ എന്ന ആക്ഷേപം ഫിലിപ്പീൻ അംബാസിഡർ ഉന്നയിച്ചതും ചർച്ചയായിരുന്നു. 2017ൽ മാത്രം ഇത്തരത്തിൽ ആറായിരത്തോളം പരാതികൾ ഉണ്ടായെന്നാണ് അദ്ദേഹം ആരോപിച്ചത്.