- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടക്കോഴിമലയിൽ ഒളിച്ചിരുന്ന കൊടി സുനിയെ സാഹസികമായി പൊക്കിയത് തിരുവഞ്ചൂർ ആക്ഷൻ പറഞ്ഞ പൊലീസ്; താൻ ആഭ്യന്തരമന്ത്രിയായിരിക്കെ ജയിലിൽ പോയ ആളായിരിക്കാം കത്തെഴുതിയതെന്ന് തിരുവഞ്ചൂരും; പ്രതിപക്ഷ നേതാക്കളും വിരൽ ചൂണ്ടുന്നത് ടിപി വധക്കേസ് പ്രതികളുടെ പ്രതികാരനീക്കത്തിലേക്ക്
തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മഹമ്മദ് ഷാഫിയുടെയും പൊടിക്കൽ ക്വട്ടേഷനുകളുടെ കൂടുതൽ വിവരങ്ങൾ വരുന്നതിനിടെയാണ് തിരുവഞ്ചൂര് രാധാകൃഷ്ണന് വധഭീഷണി വന്നിരിക്കുന്നത്. തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് ടിപി വധക്കേസിലെ കൊടി സുനിയെ സാഹസികമായി മുടക്കോഴിമലയിൽ പോയി പിടികൂടിയത്. കേസ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ലെന്നും തിരുവഞ്ചൂർ അന്ന് നിലപാടെടുത്തിരുന്നു. ഏതായാലും തിരുവഞ്ചൂരിനോട് ടിപി കേസ് പ്രതികൾക്കുള്ള പകയാണ് എംഎൽഎ ഹോസ്റ്റലിലേക്ക് വന്ന ഊമക്കത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.
10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയേയും മക്കളേയും ഉൾപ്പെടെ വധിക്കുമെന്നാണ് ഊമക്കത്തിൽ പറയുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ക്രിമിനൽ പട്ടികയിൽ പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തിൽ പറയുന്നു. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.തനിക്കെതിരായ ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണം. ഭീഷണിയിൽ ഭയപ്പെടുന്നില്ല, പ്രത്യേക സുരക്ഷ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.വളരെ വാശിയും വേദനയുമുള്ള കത്താണിതെന്നും ആഭ്യന്തരമന്ത്രിയായിരിക്കെ തന്റെ കൃത്യനിർവഹണം മൂലം ജയിലിലാക്കപ്പെട്ട ആളായിരിക്കാം കത്തെഴുതിയതെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.
'വളരെ വാശിയും വേദനയുമുള്ള കത്താണിതെന്നാണ് മനസ്സിലായത്. എനിക്കങ്ങനെ നിത്യ ശത്രുക്കളൊന്നുമില്ല. ഞാൻ രാഷ്ട്രീയത്തിൽ എല്ലാവരുമായിട്ടും നല്ല സൗഹൃദത്തിലും നല്ല സംതൃപ്തിയിലും കഴിഞ്ഞു കൂടുന്ന ആളാണ്. ഉത്തരവാദിത്വം കൃത്യതയോടു കൂടി സംസ്ഥാനത്തിന്റെ പൊതുതാൽപര്യം കണക്കിലെടുത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭയപ്പാടില്ലാതെ ജനങ്ങൾക്ക് ജീവിക്കാൻ പറ്റുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആ നടപടികളിൽ ക്ഷതമേറ്റ ആരെങ്കിലുമായിരിക്കും. അങ്ങനെയെങ്കിൽ എനിക്കവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ' തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സംരക്ഷണം വേണമെന്ന് പറയുന്നില്ല. ജീവൽ ഭയത്തോടെ കഴിയുന്നെന്ന സന്ദേശമാണ് അതിൽ നിന്നും നൽകുക. പക്ഷെ ഇതിന്റെ ഉറവിടം കണ്ടെത്തണം. കാരണം ഇതുപോലെ എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണം. കേരളത്തിലെ ജയിലുകളിൽ നടത്തുന്ന ഓപ്പറേഷനുകളാണിത്. അതാണ് നമ്മൾ കണ്ടു കൊണ്ടേയിരിക്കുന്നത്. എങ്ങനെ ആ ജയിലിലിരുന്ന് ഇതൊക്കെ ഓപ്പറേറ്റ് ചെയ്യാൻ പറ്റുന്നതെന്നത് വേറൊരു ചോദ്യമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
വധഭീഷണിയിൽ തനിക്ക് ഭയമൊന്നുമില്ലെന്നും ജനിച്ചാൽ ഒരിടത്തു മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഭയപ്പാടൊന്നുമില്ല. ജനിച്ചാൽ ഒരിടത്തു മരിക്കണം. അന്തസ്സായി ജീവിക്കുക. സ്വാഭാവികമായിട്ടും അതിന്റെ പ്രതികരണങ്ങൾ പലതരത്തിലുണ്ടാവും. ആ പ്രതികരണങ്ങളെ ഭയപ്പെട്ടു കൊണ്ട് കർത്തവ്യ നിർവഹണത്തിൽ നിന്ന് പിറകോട്ട് പോവാൻ കഴിയുമോ. അങ്ങനെ പിറകോട്ട് പോയാൽ പൊതുപ്രവർത്തനത്തിൽ നിൽക്കാൻ കഴിയുമോ,' മുൻ ആഭ്യന്തരമന്ത്രി ചോദിച്ചു.
വധഭീഷണിക്ക് പിന്നിൽ ടിപി കേസ് പ്രതികളെന്ന് പ്രതിപക്ഷം
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് എംഎൽഎ ഹോസ്റ്റലിൽ വധഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹത്തിനു സുരക്ഷയൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എന്നിവർ ആവശ്യപ്പെട്ടു. ടിപി കേസ് പ്രതികൾക്ക് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനോട് പ്രതികൾക്ക് വിരോധമുണ്ടെന്നും വധഭീഷണിയിൽ അടിയന്തരമായ അന്വേഷണം വേണമെന്നും വ്രി.ഡി.സതീശൻ ആവശ്യപ്പെട്ടു.. പരാതിയിൽ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായായിരിക്കെ ജയിലിടയ്ക്കപ്പെട്ട ആളാണെന്ന് കത്തിൽ നിന്ന് വ്യക്തമാണെന്നും ടിപി വധക്കേസിലെ പ്രതികളാണെന്ന് സംശയമുണ്ടെന്നും എന്നാൽ ഇത് ഉറപ്പിക്കാനാവില്ലെന്നും വിഡി സതീശനും കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ക്രമിനലുകൾ അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ്. മുൻ ആഭ്യന്തര മന്ത്രിക്കെതിരെ പോലും ഊമക്കത്ത് അയക്കാൻ വേണ്ടി ധൈര്യപ്പെടുന്ന തരത്തിൽ ഈ സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ശക്തമായ അന്വേഷണം നടത്തണം അദ്ദേഹത്തിന് ആവശ്യമായ സംരക്ഷണം കൊടുക്കണം. സിപിഐഎമ്മുമായി ബന്ധമില്ല എന്നു വരുത്തത്തക്ക രീതിയിലുള്ള ഒരു വാചകമുണ്ട്. അതെന്തിനു വേണ്ടിയാണ് എഴുതിച്ചേർത്തത് എന്ന് വ്യക്തമാക്കണം. സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് ഞങ്ങൾ ആരോപണം ഉന്നയിക്കുന്നില്ല. പക്ഷെ കത്തിൽ നിന്ന് ജയിലിൽ കിടക്കുന്ന ക്രമിനൽ തന്നെയാണ് ഇതയച്ചിരിക്കുന്നത്, അല്ലെങ്കിൽ ജയിലിനു പുറത്തോ ജാമ്യത്തിലോ പരോളിലോ ഉള്ള പ്രതിയാണ് ഇതയച്ചിരിക്കുന്നത് എന്ന് വ്യക്തമാണെന്നും വിഡി സതീശൻ പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ശിക്ഷിക്കപ്പെട്ട ഏതോ ഒരു ക്രിമിനൽ കേസിലെ പ്രതിയാണ് ഈ കത്തിന്റെ അവകാശി. കത്തെഴുതിയത് നൂറു ശതമാനം ടിപി വധക്കേസിലെ പ്രതികളാണെന്ന് പറയുന്നില്ല. അതന്വേഷിക്കേണ്ടത് സർക്കാരാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന് പൂർണമായ സംരക്ഷണം ഇടതുപക്ഷ സർക്കാരിൽ നിന്ന് കിട്ടണമെന്ന് കെ സുധാകരൻ പറഞ്ഞു.
അതീവ ഗൗരവമുള്ളതന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വധഭീഷണി മുഴക്കികൊണ്ടുള്ള കത്ത് അതീവ ഗൗരവമുള്ളതെന്ന് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു. ടി.പി കേസിലെ പ്രതികളാണ് ഭീഷണിക്കു പിന്നിലെന്ന ആരോപണം ശരിയാണെങ്കിൽ സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഇതിന്മേൽ സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോവിഡിന്റെ മറവിൽ സർക്കാർ സകല ക്രിമിനലുകൾക്കും പരോൾ നൽകിയിരിക്കുകയാണ്. ടി.പി കേസിലെ പ്രതികളും പരോൾ ലഭിച്ചവരിലുണ്ട് . ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുന്നു. ഇത്തരം കൊടും ക്രിമിനലുകൾക്ക് സിപിഎമ്മും സർക്കാരും കുട പിടിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടാണ് ഇവർക്ക് ഇത്തരത്തിൽ ഭീഷണികൾ മുഴക്കാൻ കഴിയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.മുൻ ആഭ്യന്തരമന്ത്രിക്കെതിരേ പോലും വധഭീഷണി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണെന്ന് ഉമ്മൻ ചാണ്ടിയും ചൂണ്ടിക്കാട്ടി.
മുടക്കോഴി മല
മറുനാടന് മലയാളി ബ്യൂറോ