മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ 'ട്രക്ക് ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 231 ആയി ഉയർന്നു.275 പേർക്ക് പരുക്കേറ്റു.ആഫ്രിക്കൻ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.സർക്കാർ മന്ത്രാലയങ്ങൾക്ക് അടുത്തുള്ള തിരക്കേറിയ പൊതുനിരത്തിലാണ് സ്‌ഫോടനമുണ്ടായത്. പരുക്കേറ്റ പലരുടെയും ശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വണ്ണം പൊള്ളിയിരിക്കുകയാണ്.

പ്രസിഡന്റ് മുഹമ്മദ് അബുള്ളാഹി മുഹമ്മദ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.ആശുപത്രികളിൽ രക്തദാനം ചെയ്യാനെത്തിയവർക്കൊപ്പം പ്രസിഡന്റും ചേർന്നു.ആശുപത്രികൾ മുഴുവൻ മരിച്ചവരെയും പരുക്കേറ്റവരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

കൈകാലുകൾ നഷ്ടപ്പെവരെയും ആശുപത്രികളിൽ കാണാം.വിദേശകാര്യ മന്ത്രാലത്തിനടുത്തുള്ള സഫാരി ഹോട്ടൽ പൂർണമായി തകർന്നു.കെട്ടിടിവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

അൽഖ്വയ്ദയുമായി ബന്ധമുള്‌ല അൽഷബാബ് തീവ്രവാദസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. എന്നാൽ ഉന്നതരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന അൽഷബാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്‌ഫോടനത്തെ ദേശീയ ദുരന്തമായാണ് സർക്കാർ പ്രഖ്യാപിച്ചത്.മൊഗാദിഷു കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ശനിയാഴ്ചയുണ്ടായത്.ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു.

അൽഷബാബിനെതിരെയുള്‌ല പോരാട്ടത്തിൽ സൊമാലിയൻ സേനയെ ഡ്രോൺ ആക്രമണങ്ങളിലൂടെയും മറ്റും യുഎസ് സഹായിക്കുന്നുണ്ട്. യുഎസ്-ആഫ്രിക്ക കമാൻഡിന്റെ തലവൻ മൊഗാദിഷുവിൽ പ്രസിഡന്റിനെ കണ്ടുമടങ്ങി രണ്ടുദിവസത്തിനുള്ളിലാണ് ആക്രമണമുണ്ടായിരിക്കുന്നത്.രണ്ടുദിവസം മുമ്പ് രാജ്യത്തിന്റെ സൈനിക മേധാവി കൂടിയായ പ്രതിരോധ മന്ത്രി രാജി വച്ചിരുന്നു.