- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കെടുതിയിൽ വിറങ്ങലിച്ച് വടക്കേ ഇന്ത്യയും കിഴക്കൻ സംസ്ഥാനങ്ങളും; പ്രളയത്തിലും മണ്ണിടിച്ചിലിലും വൻനാശം; മരണം 39 ആയി; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു; അഞ്ച് ദിവസംകൂടി ശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: മഴക്കെടുതിയിൽ വിറങ്ങലിച്ച് വടക്കേ ഇന്ത്യയും കിഴക്കൻ സംസ്ഥാനങ്ങളും. പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ഇതിനോടകം 39 പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം 23 പേർക്ക് ജീവൻ നഷ്ടമായി.
വെള്ളിയാഴ്ച മുതൽ തുടങ്ങിയ കനത്ത മഴയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഹിമാചലിൽ മഴക്കെടുതിയിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. കാണാതായ ആറ് പേർ കൂടി ഹിമാചലിൽ മരിച്ചിട്ടുണ്ടാകാമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അരിന്തം ചൗധരി പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
മേഘവിസ്ഫോടനമുണ്ടായ ഉത്തരാഖണ്ഡിൽ ഇതുവരെ നാല് പേർ മരിച്ചുവെന്നാണ് വിവരം. സംസ്ഥാനത്ത് പത്ത് പേരെ മഴക്കെടുതിയിൽ കാണാതായി. സംസ്ഥാനത്ത് പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. സ്ഥിതിഗതികൾ ആശങ്കാജനകമായ ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു.
ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ഒഡീഷ, ജമ്മുകശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതികൾ ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മാത്രം 13 പേർ മരിച്ചു. കാണാതായ ആറുപേർക്കായുള്ള തിരച്ചിൽ പന്ത്രണ്ട് മണിക്കൂർ പിന്നിട്ടു.
ഹിമാചലിൽ സംസ്ഥാന വ്യാപകമായി ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 30 ഇടങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കവും മഴയും തുടരുന്ന ഒഡീഷയിലും സ്ഥിതിഗതികൾ സുരക്ഷിതമല്ല. അഞ്ഞൂറോളം ഗ്രാമങ്ങളിലായി 4.5 ലക്ഷം ആളുകളാണ് മഴക്കെടുതിയിൽ കുടുങ്ങിയത്. ആറ് മരണങ്ങളാണ് ഇതുവരെ ഒഡീഷയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചില ജില്ലകളിൽ ആളുകളെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കുന്ന നടപടികളും ആരംഭിച്ചുകഴിഞ്ഞു. നിറഞ്ഞ്കവിഞ്ഞ് ഒഴുകുന്ന മഹാനദിയിൽ രക്ഷാപ്രവർത്തനം നടത്തിയ ബോട്ട് മറിഞ്ഞെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. 70 പേരെയാണ് രക്ഷപ്പെടുത്തിയത്.
ഝാർഖണ്ഡിൽ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി മരങ്ങൾ കടപുഴകി. വൈദ്യുതി ബന്ധം താറുമാറായി. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. സ്വന്തം വീടിന്റെ ഭിത്തി തകർന്ന് സ്ത്രീ മരിച്ചപ്പോൾ നൽകരി നദിയിൽ മുങ്ങിയാണ് രണ്ട് പേർ മരിച്ചത്. ജമ്മുകശ്മീരിലെ വൈഷ്ണഓ ദേവി തീർത്ഥാടന സംഘം കഴിഞ്ഞദിവസം വെള്ളപ്പൊക്കത്തിൽ കുടുങ്ങിയെങ്കിലും ഇന്ന് രാവിലെ യാത്ര പുനരാരംഭിച്ചു.
ഉത്തരാഖണ്ഡിൽ പൗഡി ഗാർവാളിലെ റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ദുരന്ത നിവാരണ സേന തുടരുകയാണ്.
ഉത്തരേന്ത്യയിൽ അടുത്ത അഞ്ച് ദിവസംകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒഡീഷയിൽ ഡാം തുറന്നു വിട്ടതിനെ തുടർന്ന് ഝാർഖണ്ഡിലെ ജംഷാദ്പൂർ മേഖലയിൽ വെള്ളം കയറി. വെള്ളം ഉയരുകയാണെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജമ്മു കശ്മീരിലെ രജൗരിയിൽ ദർഹലി നദി തീരത്ത് മിന്നൽ പ്രളയസാഹചര്യമാണ്. തീരവാസികൾക്ക് മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ യമുനാ നദികൾ കരകവിഞ്ഞതോടെ ജനവാസ മേഖലകളിൽ പ്രളയസമാനമായ സാഹചര്യത്തിലായി.
രാജസ്ഥാൻ,ഛത്തിസ്ഗഡ്, മധ്യപ്രദേശ്‌സംസ്ഥാനങ്ങളിലും മഴ ശക്തമാണ്.മധ്യപ്രദേശിലെ നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു നർസിങ്പൂർ, ദാമോ, സാഗർ, ചത്തർപൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട്.
ന്യൂസ് ഡെസ്ക്