- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോൺസൺ തന്നെയാണ് അവളെ പീഡിപ്പിച്ചത്; പീഡന ക്കേസുമായി മുന്നോട്ട് പോയാൽ നിന്നെയും ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കും'; ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്; പറയുന്നത് പോലെ ചെയ്യുന്നവരാണ് അവർ, ഭയമുണ്ട്; സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്ന് മയൂഖയും
തൃശ്ശൂർ: സുഹൃത്തിന്റെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്തെത്തിയ ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി. ഊമക്കത്ത് രൂപത്തിലാണ് മയൂഖക്ക് വധഭീഷണി എത്തിയത്. മയൂഖ ജോണി തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിൽ ഭീഷണിയുമായാണ് ഊമക്കത്ത് ലഭിച്ചത്. പീഡനക്കേസുമായി മുന്നോട്ട് പോയാൽ മയൂഖയെയും ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കുമെന്നാണ് കത്തിൽ പറയുന്നത്. കത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വളരെ മോശം പരാമർശങ്ങളുമുണ്ട്.
കത്തിനെത്തുടർന്ന് ഡിജിപിക്ക് പരാതി നൽകിയതായി മയൂഖ ജോണി വ്യക്തമാക്കി. അസഭ്യവർഷമാണ് കത്തിൽ. ജോൺസൺ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കത്തിലുണ്ട്. കത്തിന് പിന്നിൽ പ്രതിയുടെ ആളുകളാണെന്ന് സംശയിക്കുന്നതായും മയൂഖ പറയുന്നു. കഴിഞ്ഞദിവസം മയൂഖയും ബലാത്സംഗക്കേസിലെ പരാതിക്കാരിയായ സുഹൃത്തും തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു. ഇവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് തൊട്ടടുത്ത വീട്ടിൽ അജ്ഞാതൻ ഏൽപ്പിച്ച കത്ത് കിട്ടിയത്.
വധഭീഷണിക്ക് പുറമേ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും കത്തിലുണ്ട്. ബലാത്സംഗക്കേസിലെ പ്രതിയുടെ അടുത്ത ആളാണെന്നും ആളൂർ സിഐ.യെ സംരക്ഷിക്കുന്ന ആളാണ് താനെന്നും കത്തിൽ അവകാശപ്പെടുന്നു. കേസുമായി മുന്നോട്ടുപോയാൽ മയൂഖയെയും ഭർത്താവിനെയും മകളെയും ഇല്ലാതാക്കുമെന്നും കത്തിലുണ്ട്.
ഭീഷണിക്കത്ത് ലഭിച്ചതോടെ മയൂഖ ജോണി ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. കത്തിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണമെന്നും ഇവർക്കെതിരേ നടപടി വേണമെന്നുമാണ് ആവശ്യം. അതേ സമയം ഭീഷണി ഉണ്ടെങ്കിലും കേസിൽ നിന്നും പിന്നോട്ടില്ലെന്നാണ് മയൂഖ ജോണ്ി പറയുന്നത്. പറയുന്നത് പോലെ ചെയ്യുന്നവരാണ് അവർ, അതുകൊണ്ട് തന്നെ ഭയമുണ്ടെന്നും മയൂഖ പ്രതികരിച്ചു.
2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാൽ പൊലീസിൽ പരാതി നൽകിയില്ല. 2018-ൽ പെൺകുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുർന്ന് ഭർത്താവിന്റെ നിർദേശപ്രകാരം 2021 മാർച്ചിലാണ് പരാതി നൽകിയത്.
ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാൽ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിക്കു വേണ്ടി മന്ത്രിതലത്തിൽ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ തൃശ്ശൂരിലെത്തി നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. തൃശ്ശൂർ ആളൂർ പൊലീസാണ് കേസന്വേഷിച്ചിരുന്നത്. മയൂഖയുടെ ആരോപണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
എന്നാൽ ആരോപണം നേരിടുന്ന ചുങ്കത്ത് ജോൺസൺ എന്നയാൾ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നുവെന്നും, പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ മരണ ശേഷം ജോൺസണും കുടുംബവും സിയോനിൽ നിന്നും പുറത്തു വന്നുവെന്നും ഇതിന്റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡന പരാതി എന്നുമാണ് പ്രതികളെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. മയൂഖയും പരാതിക്കാരിയും സിയോൻ പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകരാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനവുമായാണ് മയൂഖ ജോണി രംഗത്തെത്തിയത്. വിശ്വാസത്തിന് വേണ്ടി ഒരു സ്ത്രീയും ചാരിത്ര്യം അടിയറ വയ്ക്കില്ലെന്ന് മയൂഖ പറഞ്ഞിരുന്നു.-
മറുനാടന് മലയാളി ബ്യൂറോ