തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകാനുള്ള സാധ്യത ആരായുമെന്ന നിലപാടിൽ നിന്ന് ദേവസ്വം ബോർഡ് പിന്നോക്കം പോയി. അതേസമയം, സന്നിധാനത്ത് സ്ത്രീകൾക്കായി കൂടുതൽ ക്രമീകരണം ഏർപ്പാടാക്കുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന നിലപാടിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിന്നോക്കം പോയത് മുഖ്യമന്ത്രി എതരിഭിപ്രായം പറഞ്ഞതോടെയാണെന്നാണ് സൂചന. 'ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ ദേവസ്വം ബോർഡ് പുനപരിശോധന ഹർജി നൽകുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല. സർക്കാർ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോർഡ്. മറിച്ചുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.' മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.

ശബരിമല മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്ന് യോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പത്മകുമാർ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇന്നലെ തിരുവനന്തപുരത്ത് പത്മകുമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിവ്യൂ ഹരജിയുടെ സാധ്യത പരിഗണിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചത്. 'ആചാരം അറിയാവുന്ന സ്ത്രീകൾ ശബരിമലയിൽ പോകില്ല, തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയിൽ പോകാൻ ഉദ്ദേശിക്കുന്നില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം അമ്പലങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ പുനപരിശോധന ഹർജി നൽകുന്നതിനെക്കുറിച്ച് തന്നോട് ദേവസ്വം പ്രസിഡന്റ് സൂചിപ്പിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണത്തിലൂടെ തന്റെ സമ്മതത്തോടെ എന്ന തോന്നൽ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം എ.പത്മകുമാർ യോഗത്തിൽ പങ്കെടുത്തില്ല. ബോർഡ് അംഗങ്ങളായ കെ.പി ശങ്കർ ദാസ്, രാഘവൻ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് ദേവസ്വം ബോർഡിലെ രണ്ട് അംഗങ്ങളും മറുപടി പറഞ്ഞില്ല.

അതേസമയം, സന്നിധാനത്ത് ദർശനത്തിനായി ഡിജിറ്റൽ ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സ്ത്രീകൾ അധികമായി എത്തുന്ന പശ്ചാത്തലത്തിൽ കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിക്കും. കെഎസ്ആർടിസി ബസുകളിൽ 25 ശതമാനം സീറ്റുകൾ ശബരിമലയിലേക്കുള്ള സ്ത്രീ തീർത്ഥാടകർക്കായി റിസർവ് ചെയ്യും. സ്ത്രീകൾ ഇല്ലെങ്കിൽ മാത്രമേ പുരുഷന്മാരെ ഈ സീറ്റുകളിലിരിക്കാൻ അനുവദിക്കൂവെന്നും ഉന്നതതലയോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.

ശബരിമലയിൽ തിരുപ്പതി മാതൃകയിൽ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, ശബരിമലയിൽ സ്ത്രീകൾക്കായി കൂടുതൽ ക്രമീകരണം ഏർപ്പാടാക്കും. നിലയ്ക്കൽ ബേസ് ക്യാംപിലും മറ്റു ഇടത്താവളങ്ങളിലും സ്ത്രീകൾക്കു സൗകര്യം ഒരുക്കും. നിലയ്ക്കലിൽ പതിനായിരം പേർക്കുള്ള വിശ്രമസൗകര്യം ഏർപ്പെടുത്തും. സന്നിധാനത്തു സ്ത്രീൾക്കായി പ്രത്യേകം ക്യൂ ഏർപ്പെടുത്തുന്നതു പ്രായോഗികമാവില്ല. മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്നതും സ്ത്രീകൾ പ്രാദേശികമായി മറ്റ് അയ്യപ്പന്മാരോടൊപ്പമോ കുടുംബവുമായിട്ടോ വന്നു ദർശനം കഴിഞ്ഞു തിരിച്ചുപോകുമ്പോൾ ഒറ്റപ്പെടാൻ സാധ്യതയുള്ളതിനാലുമാണിത്.

സ്ത്രീൾക്കായി പ്രത്യേകം ടോയ്ലറ്റുകളും കുളിക്കടവുകളുമുണ്ടാക്കും. സ്ത്രീകളുടെ കുളിക്കടവിനു പ്രത്യേക ബ്ലോക്ക് ഉണ്ടാക്കും. ടോയ്ലറ്റുകൾക്കു പ്രത്യേകം നിറം നൽകി വേർതിരിക്കും. സന്നിധാനത്തു തീർത്ഥാടകരെ താമസിപ്പിക്കുന്നതു നിയന്ത്രിക്കും. തൊഴുതു കഴിഞ്ഞാൽ പമ്പയിലേക്കു മടങ്ങുന്ന സ്ഥിതിയുണ്ടാവണം. രാത്രിയിൽ സന്നിധാനത്തു തീർത്ഥാടകർ തങ്ങുന്നതു തിരക്കു വർദ്ധിപ്പിക്കുന്നതു കൊണ്ടാണിത്. ഭക്തജനപ്രവാഹം കണക്കിലെടുത്തു ദർശനത്തിനും പൂജയ്ക്കുമുള്ള ദിവസങ്ങളും സമയവും വർദ്ധിപ്പിക്കുന്നകാര്യം തന്ത്രിയുമായി ചർച്ചചെയ്തു തീരുമാനിക്കും.

ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയാൽ ഓരോ ദിവസവും എത്രപേർ എത്തിച്ചേരുമെന്നു മുൻകൂട്ടി അറിയാൻ കഴിയും. അതു സുരക്ഷാസൗകര്യം ഒരുക്കുന്നതിനു സഹായിക്കും. ഡിജിറ്റൽ സംവിധാനത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിലും വ്യാപക പ്രചാരം നൽകും. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചും പ്രചാരണം നടത്തും. സന്നിധാനത്തു ക്യൂ നിൽക്കുമ്പോഴുള്ള തിരക്കു നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കും. 20 ലക്ഷം ലീറ്റർ വെള്ളം എത്തിക്കുന്നതിനുള്ള നടപടിയാണു സ്വീകരിച്ചിരുന്നത്. സ്ത്രീകൾ കൂടുതലായി എത്തുമെന്നതിനാൽ അഞ്ച് ലക്ഷം ലീറ്റർ അധികവെള്ളം സംഭരിക്കുന്നതിനു നടപടിയെടുക്കും.

ദേവസ്വം മന്ത്രിയെ കൂടാതെ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജൻ, പ്രിൻസിപ്പൽ സെക്രട്ടറി വി എസ്.സെന്തിൽ, സെക്രട്ടറി എം.ശിവശങ്കർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.രാഘവൻ, കെ.പി.ശങ്കർദാസ്, കമ്മിഷണർ എൻ.വാസു, അഡി.ചീഫ് സെക്രട്ടറിമാർ, സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.