ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡാണ് ബിജെപിയുടെ കേന്ദ്ര സർക്കാർ അത്യന്തികമായി ലക്ഷ്യമിടുന്നതെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഭരണഘടനാ ഭേദഗതി അനിവാര്യമായ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ഭൂരിപക്ഷം ബിജെപി സർക്കാരിനില്ല. കോടതി വിധികൾ അനുകൂലമാക്കി ഈ ലക്ഷ്യം നേടാനാണ് തന്ത്രങ്ങൾ. എന്നാൽ ഏകീകൃത സിവിൽ കോഡിനുമപ്പുറമുള്ള ലക്ഷ്യങ്ങൾ സംഘപരിവാർ പിന്തുണയുള്ള മോദി സർക്കാരിന്റെ മനസ്സിലുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇതിന്റെ ഭാഗമായാണ് മതനിരപേക്ഷതയ്ക്കു (സെക്യുലർ) പുതിയ നിർവചനം വേണമെന്നു സർക്കാർ നിലപാട് എടുക്കുന്നത്.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു തുടക്കമിട്ടു ഭരണഘടനയെക്കുറിച്ചു നടന്ന ചർച്ചയിൽ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണു പുതിയ വിവാദത്തിനു വഴിമരുന്നിട്ടത്. ഭരണഘടനയെയും ഭരണഘടനാശിൽപി ഡോ. ബി.ആർ. അംബേദ്കറെയും അനുസ്മരിക്കാൻ ചേർന്ന സമ്മേളനം ഫലത്തിൽ ബിജെപിയുടെ മനസ്സ് വിശദീകരിക്കുന്ന ചർച്ചയായി. മതനിരപേക്ഷതയെന്ന വാക്കുതന്നെ ഇന്ത്യയിലെ സാഹചര്യത്തിൽ അനാവശ്യമാണെന്നായിരുന്നു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നിലപാട്. ഭരണഘടനയുടെ ആമുഖത്തിൽ മതനിരപേക്ഷതയ്ക്കു പകരം നിഷ്പക്ഷതയാണു (പന്ഥ് നിരപേക്ഷത) പരാമർശിക്കപ്പെടേണ്ടിയിരുന്നതെന്നു പ്രതിപക്ഷ ബെഞ്ചുകളുടെ പ്രതിഷേധത്തിനിടെ അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ മുന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഈ ലക്ഷ്യം നേടാനാകൂ. തൽക്കാലത്തേക്ക് അതിന് കഴിയില്ല. എന്നിട്ടും ഇത്തരം ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നതിൽ വ്യക്തമായ സൂചനയുണ്ട്.

ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികം പ്രമാണിച്ചാണു ഭരണഘടനയെയും ഭരണഘടനാ ശിൽപിയെയും കുറിച്ചു ചർച്ചചെയ്തു സമ്മേളനം തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ച മനപ്പൂർവ്വം മത വിഷയങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. മനപ്പൂർവ്വം തന്നെയാണ് ഇതെന്നാണ് വിലയിരുത്തൽ. ഇന്ന് പാർലമെന്റിൽ ചർച്ചയ്ക്ക് മറുപടി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലപാട് വിശദീകരിക്കും. ഇതോടെ ചർച്ചകൾ പുതിയ തലത്തിലെത്തും. ഭരണഘടനാ ശിൽപികൾ മതനിരപേക്ഷതയെക്കുറിച്ചു ചിന്തിച്ചിരുന്നില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാദം. ഏതായാലും പാർലമെന്റിലെ ചർച്ച അസഹിഷ്ണുതയെക്കുറിച്ചുള്ളതായി എന്നതാണ് മറ്റൊരു വസ്തുത. ഈ വിഷയം ചർച്ചകളിൽ നിറയ്ക്കാൻ ബിജെപിയും ആഗ്രഹിക്കുന്നതിന്റെ പ്രതിഫലനമാണ് ഇത്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചാലും ചർച്ച തുടരാനാണ് നീക്കം.

അതിനിടെ നമ്മുടെ ഭരണഘടന പ്രതീക്ഷയുടെ തിരിനാളമാണെന്നും അത് മൈത്രി, അവസരങ്ങൾ, ജനങ്ങളുടെ ഇടപെടൽ, സമത്വം എന്നിവയ്ക്കു വേണ്ടി നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു കഴിഞ്ഞു. ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറിന്റെ 125ാം ജയന്തി ആഘോഷങ്ങളുടെയും ഭരണഘടനാ ദിനാചരണത്തിന്റെയും ഭാഗമായി പാർലമെന്റിലെത്തിയ പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രതീക്ഷ എന്നർത്ഥം വരുന്ന ഹോപ്' എന്ന ഇംഗ്‌ളീഷ് വാക്കിലെ ഓരോ അക്ഷരവും ഭരണഘടനയുമായി ബന്ധപ്പെടുത്തിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. എച്ച് ഹാർമണി (മൈത്രി), ഒ ഓപ്പർച്യൂണിറ്റി (അവസരം), പി പീപ്പിൾസ് പാർട്ടിസിപ്പേഷൻ (ജനപങ്കാളിത്തം), ഇ ഇക്വാളിറ്റി (സമത്വം) എന്നിവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് പിറകെയാണ് രാജ്‌നാഥ് സിങ് പാർലമെന്റിൽ നിലപാട് വിശദീകരിച്ച് എത്തിയത്. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ 1976ൽ ആണു മതനിരപേക്ഷത, സോഷ്യലിസം എന്നീ വാക്കുകൾ ആമുഖത്തിന്റെ ഭാഗമായത്. മതനിരപേക്ഷത ഏറ്റവും ദുരുപയോഗിക്കപ്പെട്ട വാക്കാണ്. 'സെക്യുലർ' എന്ന പദത്തിന്റെ പരിഭാഷ ധർമനിരപേക്ഷതയെന്നാവരുത്. പന്ഥ് നിരപേക്ഷതയെന്നാവണം - രാജ്‌നാഥ് സിംഹ് അഭിപ്രായപ്പെട്ടു. സഹിഷ്ണുതയ്ക്കു പേരുകേട്ട ഇന്ത്യ ന്യൂനപക്ഷമായ പാഴ്‌സിയെയും യഹൂദനെയും ക്രിസ്ത്യാനിയെയും മുസ്‌ലിമിനെയും ഒരേ മനസ്സോടെ ഉൾക്കൊള്ളുന്ന രാജ്യമാണ്, എല്ലാവരെയും ഉൾക്കൊണ്ടു പോകുന്നതിൽ ലോകത്തിനു മാതൃക - രാജ്‌നാഥ് പറഞ്ഞു.

അംബേദ്കർക്കു രാജ്യത്ത് ഏറെ വിവേചനവും അപമാനവും നേരിടേണ്ടിവന്നിരുന്നുവെന്ന് രാജ്‌നാഥ് ഓർമിപ്പിച്ചു. എങ്കിലും ഇതേക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടില്ല. ജീവിക്കാൻ പറ്റാതായിരിക്കുന്നുവെന്നും കുടുംബസമേതം നാടുവിടുകയാണെന്നും പറഞ്ഞില്ല - സിനിമാതാരം ആമിർ ഖാൻ നടത്തിയ വിവാദ പരാമർശത്തിലേക്കു വിരൽചൂണ്ടിയ രാജ്‌നാഥ് സിങ് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുടെയും ദേശീയതയുടെയും സംരക്ഷകർ ആരെന്ന ചോദ്യമുന്നയിച്ചു ഭരണ, പ്രതിപക്ഷങ്ങൾ തമ്മിലുള്ള വാക്‌യുദ്ധമായി. അടുത്തകാലത്തു ഭരണഘടനയുടെ മൂല്യങ്ങൾ രാജ്യത്തു ചോദ്യംചെയ്യപ്പെടുകയാണെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാട്. ഭരണഘടനയിൽ വിശ്വസിക്കാത്തവർ ഭരണഘടനയോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുന്നതു തമാശയാണെന്ന് അവർ പറഞ്ഞു.

രാജ്യത്തിനു ഭരണഘടന സംഭാവന ചെയ്ത കോൺഗ്രസിന്റെ പൈതൃകത്തിലേക്കു ശ്രദ്ധ ക്ഷണിച്ച സോണിയ ഗാന്ധി ഭരണഘടനയെക്കുറിച്ചു പറയാൻ ബിജെപിക്കുള്ള അവകാശത്തെ തന്നെയാണു ചോദ്യംചെയ്തത്. ഭരണഘടനയിൽ വിശ്വസിക്കാത്തവർ അതിനോടു കൂറു പ്രഖ്യാപിക്കുന്നു. ജവാഹർലാൽ നെഹ്രു, സർദാർ പട്ടേൽ, ഡോ. രാജേന്ദ്ര പ്രസാദ്, മൗലാന ആസാദ് എന്നീ മഹത്തുക്കളായിരുന്നു ഭരണഘടനാസമിതിയുടെ വഴികാട്ടികൾ. അംബേദ്കറുടെ മികവു തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ഭരണഘടന രചിക്കാൻ നിയോഗിച്ചതു കോൺഗ്രസാണ്. രാജ്യത്തു മാസങ്ങളായി നടക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരാണ്. നല്ല ഭരണഘടനയും മോശം ഭരണകർത്താക്കളുടെ കയ്യിൽ മോശമാകും, നേരേ തിരിച്ചും - അവർ പറഞ്ഞു.

അതിനിടെ ഭരണഘടന മാറ്റിമറിക്കാൻ ശ്രമിച്ചാൽ ചോര ചിന്തുമെന്ന് കോൺഗ്രസിന്റെ ലോകസഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. മതേതരത്വം ഏറ്റവും ദുരുപയോഗം ചെയ്‌യപ്പെട്ട വാക്കാണെന്ന് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവനയെക്കുറിച്ച് സഭയിൽ നടന്ന ചർച്ചയിലാണ് ഖാർഗെ പ്രതികരിച്ചത്. അതേസമയം ചോരചിന്തുമെന്ന വാക്ക് ലോക്‌സഭാ രേഖകളിൽ നിന്ന് നീക്കാൻ സ്പീക്കർ സുമിത്ര മഹാജൻ തീരുമാനിച്ചു. മതേതരത്വത്തിനെതിരെ രാജ്‌നാഥ് സിങ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സഭയിൽ കക്ഷി ഭേദമെന്യേ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്.