തിരുവനന്തപുരം: IT മിലൻ പ്രവർത്തകർ 'ശബരിമല - ഭരണഘടനയും നിയമവും വിശ്വാസങ്ങളും' എന്ന വിഷയത്തിൽ കഴക്കൂട്ടത്ത് സംവാദം സംഘടിപ്പിച്ചു. ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാൽ , നിയമ വിദഗ്ധൻ ശങ്കു ടി ദാസ് , മിഷൻ നേതാജി സ്ഥാപകാംഗം ശ്രീജിത്ത് പണിക്കർ എന്നിവർ പങ്കെടുത്തു.

ശബരിമല ഒരു മതേതര സ്ഥാപനമോ ഒരു മതാതീയ ആത്മീയ കേന്ദ്രമോ അല്ലെന്നും , കൃത്യമായ ആചാര വ്യവസ്ഥ പാലിക്കുന്ന ഒരു ഹൈന്ദവ സങ്കേതമാണ് ശബരിമലയെന്നും പ്രിഥ്വിപാൽ പറഞ്ഞു. പാണ്ഡ്യവംശകുലരായ പന്തളം രാജകുടുംബത്തിന്റെ പരദേവതാ പ്രതിഷ്ഠയായ മാളികപ്പുറത്തമ്മയെ ശബരിമല അയ്യപ്പന്റെ കാമുകീ സങ്കല്പത്തിൽ അവതരിപ്പിച്ചത് ചില കുത്സിത നീക്കങ്ങളുടെ ഭാഗമാകാമെന്നും പൃഥ്വിപാൽ പറഞ്ഞു.

ഭാരതം ഭരണഘടനാ വ്യവസ്ഥയിൽ അധിഷ്ടിതമായ നിയമ സംവിധാനം ഉള്ള രാഷ്ട്രമാണെങ്കിലും, ഈ രാഷ്ട്രത്തെ ഒന്നാക്കി നിർത്തുന്നത് ഹൈന്ദവ വിശ്വാസങ്ങളാണെന്നും, ആ വിശ്വസങ്ങളെ മുറിവേല്പിക്കാതെ പരിപാലിക്കേണ്ട ഉത്തരവാദിത്വം കോടതിക്കും സർക്കാരിനുമുണ്ടെന്ന് സംവാദകൻ ശ്രീജിത്ത് പറഞ്ഞു.

നിലപാടില്ലാത്ത നിലപാടാണ് സർക്കാർ കോടതിയിൽ പറഞ്ഞതെന്നും ശബരിമല യുവതീ പ്രവേശന സംബന്ധിയായ കേസിൽ മാറി മാറി വന്ന ഇടതുപക്ഷ സർക്കാരുകൾ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായതെന്ന് അഡ്വ. ശങ്കു ടി ദാസ് പറഞ്ഞു. ഈ വിഷയത്തിലെ വിവിധ സാധ്യതകൾ ചർച്ചയായി. ശബരിമല വിഷയം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉണ്ടാക്കുന്ന ചലനങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു ഐടി മേഖലയിലെ യുവാക്കളായ ഉദ്യോഗസ്ഥരുടെയും തദ്ദേശവാസികളുടെയും സജീവ സാന്നിധ്യം.