- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി വ്യാപാരം നടത്തിയത് ബിനീഷിന്റെ നിർദ്ദേശ പ്രകാരമെന്ന് മൊഴി; ഡെബിറ്റ് കാർഡ് ബിനിനസ് ആവശ്യത്തിന് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചു; കാർഡിൽ നടന്ന മുഴുവൻ ഇടപാടുകളും പരിശോധിക്കും; കണ്ടെത്തിയത് ബംഗളൂരുവിലെ ഹയാത്ത് ഹോട്ടലിന്റെ പേരിലെ കാർഡ്; കോടിയേരിയുടെ മകന് കരുക്കായി ഡെബിറ്റ് കാർഡ്
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ക്രെഡിറ്റ് കാർഡ് അല്ല ഡെബിറ്റ് കാർഡെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ കാർഡിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബിനീഷിന്റെ വീട്ടിലെ റെയ്ഡിനിടെ കണ്ടെടുത്തതായി വെളിപ്പെടുത്തിയ ഡെബിറ്റ് കാർഡിൽ നടന്ന മുഴുവൻ ഇടപാടുകളും പരിശോധിക്കും. അനൂപ് ബെംഗളൂരുവിലായിരിക്കെ ഈ കാർഡിന്റെ ഉപയോഗം തിരുവനന്തപുരത്തു നടന്നിട്ടുണ്ടെന്നാണു വിവരം. കൂടുതൽ അന്വേഷണത്തിനായി ഇ.ഡിയുടെ ആവശ്യപ്രകാരം ബിനീഷിന്റെ കസ്റ്റഡി കാലാവധി കോടതി ശനിയാഴ്ച നാല് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.
ഡെബിറ്റ് കാർഡ് ബിനിനസ് ആവശ്യത്തിന് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ഡെബിറ്റ് കാർഡ് പിടിച്ചെടുത്തത് അനൂപ് മുഹമ്മദിന് ബിനീഷുമായുള്ള ബന്ധത്തിന് തെളിവെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അനൂപ് ബെംഗളൂരുവിൽ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ് ഡെബിറ്റ് കാർഡ്. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ട്. കാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനുണ്ട്. അനൂപിന്റെ പേരിൽ വന്ന പണം ബിനീഷിന്റെ ബിനാമികളുടേതാണ്. ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ബിനീഷിന്റെ വീട്ടിൽ നിന്നും ചില ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഡിവൈസുകളിൽ നിന്ന് വിവരങ്ങൾ മായ്ച്ച നിലയിലാണെന്നും ഇത് വീണ്ടെടുക്കുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികൾ പ്രവർത്തിച്ചത് വ്യാജ വിലാസത്തിലാണ്. ഈ കമ്പനികളുടെ പേരിൽ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബിനീഷിന്റെ നിർദ്ദേശം അനുസരിച്ചാണ് ലഹരി വ്യാപാരം നടത്തിയതെന്ന് അനൂപ് സമ്മതിച്ചെന്നും ബിനീഷ് വലിയ തുക പല അക്കൗണ്ടുകളിലൂടെ അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്.
2006 മുതലുള്ള സാമ്പത്തിക ഇടപാടുകളും ബെനാമി ഇടപാടുകളും കണ്ടെത്താൻ ഇഡി അന്വേഷണം വിപുലീകരിച്ചു. കഴിഞ്ഞ ദിവസം റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരിൽ 8 പേർ തിരുവനന്തപുരത്തു തങ്ങുകയാണ്. കേരളത്തിലെ ഇഡി വിഭാഗവുമായി സഹകരിച്ചാകും അന്വേഷണം. വരുംദിവസങ്ങളിൽ കേരളത്തിൽ മറ്റുചില സ്ഥലങ്ങളിൽ കൂടി പരിശോധന നടക്കും. വർക്കലയിൽ ബിനീഷുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളിലും തലസ്ഥാനത്തെ ചില സ്ഥാപനങ്ങളിലും ഇഡി റെയ്ഡിനൊരുങ്ങുകയാണ്.
ബിനീഷ് കോടിയേരിക്ക് ഗോവയിലും ബെംഗളൂരുവിലും ഉണ്ടായിരുന്ന ബിസിനസ് ബന്ധങ്ങൾ, 2006 മുതൽ ആരോഗ്യവകുപ്പിനു മരുന്നു വിതരണം ചെയ്ത കമ്പനികളുടെ ബെനാമി ബന്ധങ്ങൾ എന്നിവ പരിശോധിക്കും.
മറുനാടന് മലയാളി ബ്യൂറോ