- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർപ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണവുമായി കേന്ദ്രം മുന്നോട്ട് പോയാൽ സംസ്ഥാന സർക്കാർ ഒരുവിധത്തിലും സഹകരിക്കില്ല; വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്താൻ എംപി.മാർ സമ്മർദ്ദം ചെലുത്തും; ബി.പി.സിഎൽ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം; ബാങ്ക് വായ്പയുടെ മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടണം: എംപിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യസംരംഭകനെ ഏൽപിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത എംപി. മാരുടെ യോഗം തീരുമാനിച്ചു.
സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് സ്വകാര്യവൽക്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കിൽ ഇതുമായി സംസ്ഥാന സർക്കാർ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവള നടത്തിപ്പ് ഏൽപ്പിക്കണമെന്നതാണ് ആവശ്യം. സ്വകാര്യ - പൊതുപങ്കാളിത്തത്തിൽ കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വിജയകരമായി നടത്തുന്ന അനുഭവജ്ഞാനം സംസ്ഥാന സർക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടത്തിയത്.
പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കാൻ തീരുമാനിച്ച മറ്റു പ്രധാന പ്രശ്നങ്ങൾ
1. രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ബി.പി.സിഎൽ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം. ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സർക്കാർ കൂടി മുൻകയ്യെടുത്താണ്. നല്ല സാമ്പത്തിക പിന്തുണയും സംസ്ഥാനം നൽകിയിട്ടുണ്ട്. 1,500 കോടി രൂപ വായ്പ നൽകാനും തീരുമാനിച്ചു.
ബി.പി.സി.എൽ. റിഫൈനറി പ്രയോജനപ്പെടുത്തി 25,000 കോടി രൂപ മുതൽമുടക്കിൽ കൊച്ചിയിൽ വൻകിട പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ബി.പി.സി.എൽ. പൊതുമേഖലയിൽ നിലനിർത്തണം.
2. ജി.എസ്.ടി. നഷ്ടപരിഹാരം: 2020 ജൂലൈ വരെ സംസ്ഥാനത്തിന് 7000 കോടിരൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. ഈ തുക ഉടനെ ലഭ്യമാക്കണം. അഞ്ചുവർഷത്തെ നഷ്ടപരിഹാരം പൂർണമായി നൽകണം. സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി. നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രത്തിന്റെ ഭരണഘടനാബാധ്യതയാക്കുന്നതിന് നിയമനിർമ്മാണം നടത്തണം. നഷ്ടപരിഹാരം നൽകുന്നതിന് സെസ്സിൽ നിന്നുള്ള വരുമാനത്തെമാത്രം ആശ്രയിക്കരുത്. നഷ്ടപരിഹാരത്തുക മുഴുവനായി സംസ്ഥാന സർക്കാർ ഈ വർഷത്തെ വായ്പയായി എടുക്കേണ്ടതാണെന്ന നിർദ്ദേശം സംസ്ഥാനത്തിന് സ്വീകാര്യമല്ല. നഷ്ടപരിഹാര ബാധ്യത സംസ്ഥാനങ്ങളുടെ തലയിലിടുന്ന നിർദ്ദേശമാണിത്. പലിശ സംസ്ഥാനം അടയ്ക്കേണ്ടിവരും. ഇതു സംസ്ഥാനത്തിന്റെ വായ്പാ ബാധ്യത വർദ്ധിപ്പിക്കും.
3. ബാങ്ക് വായ്പയുടെ മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുകയും മൊറട്ടോറിയം കാലയളവിലെ പലിശക്ക് ഇളവ് നൽകുകയും വേണം.
4. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കണം. ഇക്കാര്യം 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയമായി ഉൾപ്പെടുത്തണം.
6. ദേശീയപാത വികസനം വേഗത്തിലാക്കണം. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കേസുകൾ തീർപ്പാക്കുന്നതിന് ദേശീയപാതാ അഥോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന വിഹിതമായി 25 ശതമാനം തുക നൽകാൻ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
6. സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നുള്ള ധനവിനിയോഗത്തിന് സംസ്ഥാനങ്ങൾക്ക് കൂടുതൽ വിവേചനാധികാരം നൽകണം.
7. നെല്ല് സംഭരിച്ച വകയിൽ കേന്ദ്രത്തിൽ നിന്ന് 220 കോടി രൂപ ലഭിക്കാനുണ്ട്. അതു ഉടനെ ലഭ്യമാക്കണം.
8. ജൽജീവൻ മിഷനുള്ള കേന്ദ്ര വിഹിതം 50 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തണം. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പദ്ധതിയാണ് ജൽജീവൻ മിഷൻ.
9. കേരളത്തിൽ അകകങട സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം. കേന്ദ്രം ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ സ്ഥലം നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
10. കണ്ണൂർ അഴീക്കൽ തുറമുഖത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കുന്നതിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകണം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോദാത്തമായി പോരാടിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസല്യാരുടെയും പേരുകൾ ഉൾപ്പെട്ടതിന്റെ പേരിൽ സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടു പിൻവലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് എംപി.മാരുടെ യോഗം ഏകകണ്ഠമായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
1857- മുതൽ 1947 വരെ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്ക് വഹിച്ചവരുടെ നിഘണ്ടുവാണ് സാംസ്കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. മലബാർ കലാപത്തിലെ ഈ പോരാളികൾക്കെതിരെ കേരളത്തിലെ ബിജെപി. - ആർഎസ്എസ്. നേതൃത്വം അടുത്ത കാലത്ത് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം വെബ് സൈറ്റിൽ നിന്ന് നിഘണ്ടു മാറ്റിയത്. സ്വാതന്ത്ര്യസമര പോരാളികളെ നിന്ദിക്കുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, വി എസ്. സുനിൽ കുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും എംപി. മാരായ എളമരം കരീം, എം.കെ. രാഘവൻ, അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബഹനാൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ബിനോയ് വിശ്വം, ശശിതരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, അബ്ദുൾ വഹാബ്, എം വി ശ്രേയാംസ്കുമാർ, കെ. സോമപ്രസാദ്, കെ.കെ. രാഗേഷ്, തോമസ് ചാഴിക്കാടൻ, എ.എം. ആരിഫ് എന്നിവരും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉൾപ്പെടെയുള്ള പ്രാധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ