ദുബായ്: ക്വിന്റൺ ഡി കോക്കിന്റെ പേരിൽ ഉടലെടുത്ത വിവാദത്തിന് പരിസമാപ്തി. വിഷയത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് താരം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങൾക്ക് അറുതിയായത്.വർണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാൻ വിസമ്മതിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അദ്ദേഹത്തെ പുറത്തിരുത്തുകയും ചെയ്തു. താരം ഇനിയൊരിക്കൽ പോലും ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കില്ലെന്ന തരത്തിലുള്ള വാർത്തകളും വന്നു. ഇതിനിടെയാണ് പരസ്യ ക്ഷമാപണവുമായി ഡി കോക്ക് രംഗത്ത് വന്നത്.

ബോർഡിന്റെ തീരുമാനം പോലെ മുട്ടുകുത്തി പ്രതിഷേധിക്കാൻ തയാറാണെന്നും വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ നിന്നും പിന്മാറി ആശയക്കുഴപ്പം സൃഷ്ടിച്ചതിലും മാപ്പ് ചോദിക്കുന്നുവെന്നും താരം പ്രതികരിച്ചു.കഴിഞ്ഞ രാത്രി ക്രിക്കറ്റ് ബോർഡ് അധികൃതരുമായി ഡി കോക്ക് നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. ബോർഡിന്റെ സദ്ദുദേശപരമായ തീരുമാനം തനിക്ക് ബോധ്യപ്പെട്ടുവെന്നും രാജ്യത്തിന് വേണ്ടി കളിക്കുന്നതിനോളം വലിയ സന്തോഷമില്ലെന്നും താരം പ്രതികരിച്ചു.

മുട്ടുകുത്തി നിന്നുള്ള പ്രതിഷേധം മറ്റുള്ളവരെ ബോധവത്കരിക്കാനും വർണവിവോചനം നേരിടുന്നവരുടെ ജീവിതം മെച്ചപ്പെടാനും ഉപകരിക്കുമെങ്കിൽ ചെയ്യാൻ സന്തോഷമേയുള്ളുവെന്നും ഡി കോക്ക് വ്യക്തമാക്കി. വിഷയത്തിൽ ടീം അംഗങ്ങളും നായകൻ ടെമ്പ ബാവുമയും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ബാവുമ മികച്ച ക്യാപ്റ്റനാണെന്നും ഡി കോക്ക് പറഞ്ഞു.

''വിൻഡീസിനെതിരെ കളിക്കാതിരുന്നത് ആരേയും താഴ്‌ത്തികെട്ടാൻ വേണ്ടിയിട്ടല്ല. പക്വതയില്ലാത്തവെന്നോ സ്വാർത്ഥനെന്നോ നിങ്ങൾക്കെന്നെ വിളിക്കാം. എന്നാൽ റേസിസ്റ്റ് എന്ന് വിളിക്കുന്നത് ഏറെ വേദനയുണ്ടാക്കുന്നു. എന്റെ കുടുംബവും ഗർഭിണിയായ ഭാര്യക്കും അതൊന്നും ഉൾക്കൊള്ളാനാവുന്നില്ല.

നമ്മുടെയെല്ലാം അവകാശങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഇങ്ങനെ ചെയ്യണം എന്ന് നിർദേശിക്കുന്നത് ചെയ്യുന്നതിലൂടെ എന്റെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്ന് എനിക്ക് തോന്നി. എന്നാൽ ബോർഡുമായി സംസാരിച്ചപ്പോൾ അതിനെല്ലാമുള്ള ഉത്തരം എനിക്ക് കിട്ടി. ഞാൻ വംശീയവാതി ആയിരുന്നു എങ്കിൽ അവിടെ മുട്ടിന്മേൽ അനായാസം നിൽക്കാൻ എനിക്കാവും, കള്ളം പറയാനാവും. അത് തെറ്റാണ്. അതൊരു നല്ല സമൂഹമുണ്ടാക്കാൻ സഹായിക്കില്ല. എനിക്കൊപ്പം കളിച്ചവർക്കും വളർന്നവർക്കും അറിയാം ഞാൻ എന്താണെന്ന്.'' ഡി കോക്ക് കൂട്ടിച്ചേർത്തു.

വിൻഡീസിനെതിരായ മത്സരത്തിന് തൊട്ടുമുൻപാണ് വർണവിവേചനത്തിനെതിരേ മുട്ടുകുത്തി പ്രതിഷേധിക്കാനുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി ഡി കോക്ക് മത്സരത്തിൽ നിന്നും പിന്മാറിയത്.പിന്നീട് താരത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഡി കോക്കിന്റെ തീരുമാനം വ്യക്തിപരമാണെന്നും മാനിക്കുന്നുവെന്നും നായകൻ ബാവുമയും പ്രതികരിച്ചിരുന്നു.

രണ്ട് മത്സരങ്ങൾ ദക്ഷിണാഫ്രിക്ക പൂർത്തിയാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ വിൻഡീസിനെ തോൽപ്പിക്കാനും അവർക്കായി. ഇനി ശ്രീലങ്കയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം.