ഹൂസ്റ്റൻ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ഇടവക ഷുഗർലാൻഡിൽ പുതുതായി വാങ്ങിയ ദേവാലയത്തിന്റെ കൂദാശ ഇന്നും നാളെയും നടക്കും. ഇടവക മെത്രാപ്പൊലീത്ത അലക്‌സിയോസ് മോർ യൗസേബിയോസ് മുഖ്യ കാർമികത്വം വഹിക്കും. റാന്നി-നിലയ്ക്ൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ് സഹ കാർമികനായിരിക്കും.

ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും നിരവധി വൈദിക ശ്രേഷ്ഠർ പങ്കെടുക്കുമെന്നു വികാരി പി.എം. ചെറിയാൻ, ജനറൽ കൺവീനർ തോമസ് വർഗീസ് എന്നിവർ അറിയിച്ചു. വിശിഷ്ഠാതിഥികളെ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദേവാലയ കവാടത്തിൽ സ്വീകരിക്കും. വികാരി പി.എം. ചെറിയാൻ, റിസപ്ക്ഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ, വീഥിക്ക് ഇരുവശവും കത്തിച്ചു പിടിച്ച മെഴുകുതിരികളും, സ്വാഗത ഗാനവും ആലപിച്ചു മോർത്ത് മറിയം സമാജാംഗങ്ങൾ വിശിഷ്ഠാതിഥികളെ ദേവവാലയത്തിലേക്ക് ആനയിക്കും. ആറുമണിക്ക് ഇടവക മെത്രാപ്പൊലീത്ത അലക്‌സിയോസ് മോർ യൗസേബിയോസിന്റെ നേതൃത്വത്തിൽ സന്ധ്യാ നമസ്‌കാരം, തുടർന്ന് ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടം. രാത്രി ഭക്ഷണത്തോടെ ആദ്യദിന പരിപാടികൾക്കു സമാപ്തിയാകും.

നാളെ രാവിലെ ഏഴു മണിക്കു പ്രഭാത നമസ്‌കാരത്തോടെ കൂദാശയുടെ രണ്ടാം ഘട്ടം ആരംഭിച്ചു വിശുദ്ധ കുർബാനയോടുകൂടെ സമാപിക്കും. തുടർന്നു 12.30നു നടക്കുന്ന പൊതു സമ്മേളനം റാന്നി-നിലയ്ക്ൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മോർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപ്പൊലീത്ത അലക്‌സിയോസ് മോർ യൗസേബിയോസ് അധ്യക്ഷത വഹിക്കും. ഷുഗർലാൻഡ് സിറ്റി മേയർ ജോ ആർ. സിമ്മർമാൻ, ഇന്ത്യൻ വൈസ് കോൺസൽ (പി.എസ്.ഒ.) ആ.ഡി. ജോഷി, സ്റ്റാഫോഡ് സിറ്റി കൗൺസിൽ അംഗം കെൻ മാത്യു, മിസൗറിസിറ്റി കൗൺസിൽ മുൻ അംഗം റോബിൻ ഇലയ്ക്കാട്ട് തുടങ്ങിയവർ ആശംസകളർപ്പിക്കും. ഇടവക മെത്രാപ്പൊലീത്ത അലക്‌സിയോസ് മോർ യൗസേബിയോസ് സുവനീറിന്റെ പ്രകാശനം നിർവഹിക്കും.

ആദ്യ വികാരി ഫാ. ജോൺ ഗീവർഗീസ് ഒന്നാം പതിപ്പ് ഏറ്റു വാങ്ങും. തുടർന്ന് ഉച്ച ഭക്ഷണത്തോടെ കൂദാശാ കർമ്മങ്ങൾക്കു പരിസമാപ്തി കുറിക്കും. കൂദാശയ്ക്കു മുമ്പായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ബിൽഡിങ് കമ്മിറ്റി കോർഡിനേറ്റർ ഇ.കെ. വർഗീസ് അറിയിച്ചു.
വിലാസം
9915 Belknap Road, Sugar land, Tx-77498