കോഴിക്കോട്: ചികിത്സ കഴിഞ്ഞ് ആശുപത്രി വാസം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്ന ദീക്ഷിതിനെ കാണാനായി വിഷ്ണുവിന്റെ മാതാപിതാക്കളും എത്തിയിരുന്നു. തങ്ങളുടെ മകന്റെ ഹൃദയം തുടിക്കുന്ന ദീക്ഷിതിനെ അവർ ചേർത്തു പിടിച്ചു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കാസർക്കോട് പെരിയ സ്വദേശിയായ ദീക്ഷിത്.

കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്ണുവിന്റെ ഹൃദയമാണ് ദീക്ഷിതിൽ തുടിക്കുന്നത്. കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന ദീക്ഷിതിനെ കാണാൻ വിഷ്ണുവിന്റെ പിതാവ് സുനിൽ കുമാറും മാതാവ് ജിഷയും മറ്റും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി. കാസർക്കോട് പെരിയ സ്വദേശിയായ ദീക്ഷിത് ഹൃദയത്തിന്റെ പമ്പിങ് ഇരുപത് ശതമാനത്തിലും താഴെ ആയതിനെ തുടർന്ന് രണ്ടു വർഷത്തോളമായി മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് 21 കാരനായ കൂത്തുപറമ്പ് തൃക്കണ്ണാപുരം സ്വദേശി വിഷ്ണുവിന് ഗുരുതരമായി പരിക്ക് പറ്റുന്നത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിഷ്ണുവിന് മാർച്ച് 11 ന് മസ്തിഷ്‌ക്ക മരണം സംഭവിക്കുകയും തുടർന്ന് അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കൾ സമ്മതം നൽകുകയുമായിരുന്നു. ഹൃദയത്തിന് പുറമെ കരൾ, വൃക്കകൾ, കോർണിയ എന്നിവ സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ ദാനം ചെയ്തു.

ശസ്ത്രക്രിയ ദിവസം കാസർക്കോട് ആയിരുന്ന ദീക്ഷിതിനെ അധികൃതരുടെ ഇടപെടലിലൂടെ രണ്ടര മണിക്കൂർ കൊണ്ടാണ് കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. ദീക്ഷിതിന്റെ പതിനഞ്ചാം പിറന്നാൽ ദിനത്തിൽ തന്നെയായിരുന്നു പുനർജന്മ സമാനമായ ശസ്ത്രക്രിയ നടന്നത്. മാർച്ച് പന്ത്രണ്ടിന് മെട്രോമെഡ് ആശുപത്രിയിൽ ഡോ. വി നന്ദകുമാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയായി.

യാത്രയയപ്പ് ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ മാനേജിങ് ഡയരക്ടർ ഡോ. പി പി മുഹമ്മദ് മുസ്തഫ, മെഡിക്കൽ ഡയരക്ടർ ഡോ. മുഹമ്മദ് ഷലൂബ്, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. വി നന്ദകുമാർ, ഡോ. റിയാദ്, ഡോ. ജലീൽ, ഡോ. അശോക് ജയരാജ്, ഡോ. വിനോദ്, ഡോ. ലക്ഷ്മി എന്നിവർ സംബന്ധിച്ചു.