- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ അന്വേഷണ ചുമതല ഏൽപ്പിച്ചത് എൻ പ്രശാന്തിനെ നിയമത്തിൽ കുരുക്കാൻ; ആഴക്കടൽ മത്സ്യബന്ധനത്തിൽ ഇഎംസിസിയുമായി ധാരണാപത്രം ചട്ടങ്ങൾ ലംഘിച്ചെന്ന് വരുത്തിതീർക്കാനും നീക്കം; സർക്കാരിനെ മുൻകൂട്ടി അറിയിച്ചെന്ന് വിവരാവകാശ രേഖ ഒടുവിൽ പുറത്ത്; ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ അന്വേഷണം നിലച്ച അവസ്ഥയിൽ
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി) യുഎസ് കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതു ചട്ടങ്ങൾ പാലിച്ചാണെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നിലച്ച അവസ്ഥയിൽ.
ധാരണാപത്രം ഒപ്പിടുന്നതിനു മുൻപും ശേഷവും കെഎസ്‌ഐഎൻസി നിയമോപദേശം തേടിയതിന്റെ രേഖകളും പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെ മുൻകൂട്ടി അറിയിച്ചാണെന്നും വ്യക്തമായതോടെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ പ്രതിരോധത്തിലായി.
സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെയും ചട്ടങ്ങൾ ലംഘിച്ചുമാണ് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നു കുറ്റപ്പെടുത്തിയാണു കെഎസ്‌ഐഎൻസിക്കും എംഡി എൻ.പ്രശാന്തിനുമെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. എൻ പ്രശാന്തിനെ നിയമത്തിൽ കുരുക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.
ഉൾനാടൻ ജലഗതാഗത വകുപ്പു മേധാവി കൂടിയായ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കെഎസ്‌ഐഎൻസി ധാരണാപത്രവുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹത്തിനു കൈമാറിയിരുന്നു.
ധാരണാപത്രം ഒപ്പിടുന്നതിനു മുൻപു ഹൈക്കോടതി അഭിഭാഷകൻ ബാബു ജോസഫ് കുരുവത്തഴയിൽ നിന്നും ഒപ്പിട്ടതിനു ശേഷം സുപ്രീം കോടതി മുൻ ജഡ്ജി കെ.എസ്‌പി.രാധാകൃഷ്ണനിൽ നിന്നും കെഎസ്‌ഐഎൻസി നിയമോപദേശം തേടിയിരുന്നു. ഇവ രണ്ടും ധാരണാപത്രം നിയമപ്രകാരമാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സർക്കാരിനെ മുൻകൂട്ടി അറിയിച്ചതിന്റെ രേഖകളും പുറത്തുവന്നു.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകിയതു സർക്കാർ അസെൻഡിൽ ഒപ്പിട്ട ആദ്യ ധാരണാപത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണു രണ്ടാമത്തെ ധാരണാപത്രം ഒപ്പിട്ടതെന്നും രേഖകൾ പരസ്യമായതോടെ തെളിഞ്ഞിരുന്നു.
സർക്കാരിന്റെ നയത്തിനു വിരുദ്ധമായി ആദ്യ ധാരണാപത്രം ഒപ്പിട്ടത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ മറുപടിയോ അന്വേഷണമോ ഇല്ലാത്ത അവസ്ഥയിലായി.
ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ തന്നെയെന്ന് നേരത്തെ വ്യക്തമായിരുന്നു..
കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ഒപ്പിട്ട ധാരണാപത്രം കെഎസ്‌ഐഡിസിയും ഇഎംസിസിയും തമ്മിലാണെന്നായിരുന്നു ഇതുവരെ പുറത്തു വന്ന വിവരം. എന്നാൽ, സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലായിരുന്നു ധാരണാപത്രം എന്നും അതിൽ സർക്കാരിന്റെ പ്രതിനിധിയായി കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം ഒപ്പിടുക മാത്രമാണു ചെയ്തതെന്നുമാണ് രേഖകൾ തെളിയിക്കുന്നത്.
സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലാണ് ധാരണാപത്രമെന്ന് അതിന്റെ തലക്കെട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധാരണാപത്രത്തിലെ ആദ്യ ധാരണ തന്നെ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനും നിലവാരമുയർത്താനുമുള്ള മത്സ്യബന്ധന ഗവേഷണ പദ്ധതിക്കായി 5000 കോടി രൂപയുടെ നിക്ഷേപം എന്നതാണ്.
2020 സെപ്റ്റംബർ 2നു തുടങ്ങുന്ന പദ്ധതിവഴി 25,000 ജോലികൾ സൃഷ്ടിക്കും. ഇതിനായി ഇഎംസിസിക്ക് വേണ്ട സഹായങ്ങളെല്ലാം സംസ്ഥാന സർക്കാർ നൽകുമെന്നും ധാരണാപത്രം പറയുന്നുണ്ട്. ആഴക്കടൽ മത്സ്യബന്ധനക്കരാറിൽ തുടക്കത്തിൽ വിവാദങ്ങൾ ഉയർന്നതോടെ പ്രതിരോധത്തിലായ സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ ഉത്തരവാദിത്തം കെട്ടിവച്ച് തലയൂരാനായിരുന്നു ശ്രമം നടത്തിയത്. എന്നാൽ വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ മുഖം രക്ഷിക്കാൻ പ്രഖ്യാപിച്ച അന്വേഷണം പോലും പ്രഹസനമാകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
മറുനാടന് മലയാളി ബ്യൂറോ