ചെന്നൈ: ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിർത്ത് അന്തരിച്ച ജയലളിതയുടെ അനന്തിരവൾ ദീപ ജയകുമാർ വീണ്ടും രംഗത്ത്. ശശികലയെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ അണ്ണാ ഡിഎംകെ ശ്രമിക്കുന്നുവെന്ന് ദീപ ആരോപിച്ചു. മുഖ്യമന്ത്രിയാകേണ്ടത് ജനം തെരഞ്ഞെടുത്ത നേതാവാണെന്നും ശശികലയ്ക്കല്ല വോട്ടു ചെയ്തതെന്നും ദീപ പറഞ്ഞു.

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് പി.എച്ച്. പാണ്ഡ്യൻ ആരോപിച്ചതിനു പിന്നാലെയാണ് ദീപ ഇക്കാര്യങ്ങൾ പറഞ്ഞത്. സെപ്റ്റംബർ 22ന് പോയസ് ഗാർഡനിലുണ്ടായ വാർക്കുതർക്കത്തിനിടെ ആരോ ജയയെ പിടിച്ചുതള്ളിയെന്നും തുടർന്ന് കുഴഞ്ഞുവീണപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് പാണ്ഡ്യൻ ആരോപിച്ചത്. നിയുക്ത മുഖ്യമന്ത്രി ശശികലയെ ലക്ഷ്യമിട്ടാണ് പാണ്ഡ്യന്റെ ഒളിയമ്പ്.

ശശികലയെ എതിർക്കുന്ന 40 എംഎൽഎമാർ പാർട്ടിവിട്ട് അണ്ണാഡിഎംകെ പിളരുമെന്നും പുതിയ റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് ദീപയുടെ വാർത്താസമ്മേളനം ചെന്നൈയിൽ നടന്നത്. മുമ്പും ശശകലയ്ക്കു നേർക്കു രംഗത്തുവന്നിട്ടുള്ള ദീപ സ്വന്തമായി പാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.

33 വർഷം ജയലളിതയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയലെന്നു ദീപ ഇന്നു പറഞ്ഞു. ശശികല മുഖ്യമന്ത്രി ആകുന്ന ദിനം തമിഴ്‌നാട്ടിൽ കരിദിനമാണ്. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കും. ശശികലയ്ക്കെതിരെ മത്സരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്നും ദീപ വ്യക്തമാക്കി.

ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള അപ്പോളൊ ആശുപത്രി ഡോക്ടർമാരുടെ വിശദീകരണത്തിൽ തൃപ്തിയില്ല. ആശുപത്രിയിൽ ജയയെ കാണാൻ തന്നെ അനുവദിച്ചില്ല. മരണത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും ദീപ പറഞ്ഞു.

ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ജയലളിത അണ്ണാഡിഎംകെ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ദീപ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. ജയയുടെ മരണത്തെത്തുടർന്ന് ശശികല നടരാജൻ പാർട്ടി ഏകപക്ഷീയമായി പിടിച്ചെടുത്തതിൽ ഒരു വിഭാഗം അണ്ണാഡിഎംകെ പ്രവർത്തകർക്കുള്ള അമർഷമാണ് ദീപയുടെ രാഷ്ട്രീയപ്രവേശനത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.