അഗർത്തല: റിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയതിനു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ സമ്മാനിച്ച ബിഎംഡബ്ല്യു കാർ തിരികെ നല്കിയ ജിംനാസ്റ്റിക് താരം ദീപ കർമാകർ ഹ്യുണ്ടായി ഇലാൻട്ര സ്വന്തമാക്കി. ദീപയുടെ സ്വന്തം നാടായ അഗർത്തലയിൽ ഈ ലക്ഷ്വറി വാഹനത്തിന് അനുയോജ്യമായ റോഡുകളോ സർവ്വീസ് സെന്ററുകളോ ഇല്ലാത്തതിനാലാണ് ബിഎംഡബ്ല്യു തിരികെ നൽകി പരിപാലന ചെലവ് കുറഞ്ഞ പുതിയ കാർ വാങ്ങിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ സമ്മാനിച്ച കാർ തിരികെ നൽകുന്ന കാര്യം തനിക്ക് ചിന്തിക്കാൻ പോലുമാകില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ ദീപ പറഞ്ഞിരുന്നു. ദീപയുടെ നാടായ അഗർത്തലയിൽ ബിഎംഡബ്ല്യു സർവീസിങ് സെന്റർ ഇല്ല എന്നതും അഗർത്തലയിലെ റോഡുകൾ മോശമാണെന്നതുമാണ് കാർ മടക്കി നൽകാൻ ദീപയെ നിർബന്ധിതയാക്കിയത്. വാഹനത്തിന്റെ അറ്റകുറ്റപണികൾക്കും പരിപാലനത്തിനുമായി വൻതുക മുടക്കേണ്ടി വരുന്നുണ്ടെന്നാണ് ദീപയുടെ കുടുംബം ചൂണ്ടികാട്ടി.

ത്രിപുരയിൽ ബിഎംഡബ്ല്യു കാറുകൾക്ക് സർവ്വീസ് സെന്ററുകളില്ലാത്തതിനാൽ പ്രാദേശികാടിസ്ഥാനത്തിൽ ലഭ്യമാകുന്ന മറ്റൊരു കാർ നൽകി ബിഎംഡബ്ല്യു തിരിച്ചെടുക്കുകയോ അല്ലെങ്കിൽ തത്തുല്യമായ തുക പണമായി നൽകുകയോ ചെയ്യണമെന്ന് നേരത്തെ ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷനോട് ദീപയുടെ കോച്ച് ബിശ്വേശ്വർ ചന്ദ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാർ തിരിച്ചെടുത്ത് ജർമൻ നിർമ്മാതാക്കൾ പണമായി നൽകിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ദിപ കർമാക്കർ ഹ്യുണ്ടായി ഇലാൻട്ര സ്വന്തമാക്കിയത്.

അഗർത്തലയിൽ വീടിന് അടുത്തായി സർവ്വീസ് സെന്റർ ലഭ്യമായതിനാലാണ് ഹ്യുണ്ടായി ഇലാൻട്ര തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം. 14-19 ലക്ഷമാണ് ഇലാൻട്ര വേരിയന്റുകളുടെ ഡൽഹി എക്സ്ഷോറൂം വില. 25-ലക്ഷത്തിൽ ബാക്കി തുക തന്റെ പരിശീലനത്തിനായി വിനിയോഗിക്കാനാണ് ദിപയുടെ തീരുമാനം. സെഡാൻ വിഭാഗത്തിൽ കൊറിയൻ നിർമ്മാതാക്കൾ പുറത്തിറക്കിയ ആറാം തലമുറ ഇലാൻട്രയിൽ 2.0 ലിറ്റർ ങജശ പെട്രോൾ എഞ്ചിൻ, 1.6 ലിറ്റർ ഇഞഉശ ഡീസൽ എഞ്ചിനുമാണുള്ളത്. പെട്രോൾ വകഭേദം 152 പി.എസ്. കരുത്തേകുമ്പോൾ. ഡീസൽ വകഭേദം 128 പി.എസ് കരുത്ത് നൽകും.