തിരുവനന്തപുരം: സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ കേരളവർമ കോളേജിലെ അദ്ധ്യാപികയായ ദീപ നിശാന്ത്.
ചേറിൽ വളരുന്ന എല്ലാ താമരകളും പിഴുതെറിയുക തന്നെ വേണം..താഴെ തെറിക്കമന്റിട്ടോളൂ....നിങ്ങളെ പൊതു സമൂഹം തിരിച്ചറിയുക തന്നെ വേണം.. എല്ലാ പൊതു ഇടങ്ങളിൽ നിന്നും നിങ്ങളെ ആട്ടിയോടിക്കുന്ന ഒരു കാലം വരുക തന്നെ ചെയ്യും..എന്നാണ് ദീപ നിശാന്ത് പറയുന്നത്. ബിലു പത്മിനി നാരായണന്റെ പോസ്റ്റും അവർ ഷെയർ ചെയ്തിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ചേറിൽ വളരുന്ന എല്ലാ താമരകളും പിഴുതെറിയുക തന്നെ വേണം..താഴെ തെറിക്കമന്റിട്ടോളൂ....നിങ്ങളെ പൊതു സമൂഹം തിരിച്ചറിയുക തന്നെ വേണം.. എല്ലാ പൊതു ഇടങ്ങളിൽ നിന്നും നിങ്ങളെ ആട്ടിയോടിക്കുന്ന ഒരു കാലം വരുക തന്നെ ചെയ്യും...

Bilu Padmini Narayananഎഴുതിയ പോസ്റ്റ് ഷെയർ ചെയ്യുന്നു... പൂർണ്ണമായും യോജിക്കുന്നതു കൊണ്ടു തന്നെ...'സംഘപരിവാർ എന്നും ഹിന്ദുത്വ ശക്തികൾ എന്നും മൃദു -- തീവ്ര സംഘി എന്നുമൊക്കെ ഇനി പറയുന്നത് ഒരു തരം പൊളിറ്റിക്കൽ യൂഫമിസം ആയി കരുതേണ്ടിയിരിക്കുന്നു. ബിജെപി എന്നു തന്നെയാണ്, RSS എന്നു തന്നെയാണ് നമ്മുടെ ഭാഷയിൽ വിമർശനങ്ങളിൽ വ്യക്തമാകേണ്ടത്.

എഴുപത്തിയാറോളം വരും സംഘപരിവാർ എന്നു പേരു ചാർത്തിയ, വസുധൈക കുടുംബകം എന്ന ആശയത്തിന്റെ പഞ്ചാരമേമ്പൊടി വിതറിയ ആ ഗ്രൂപ്പിലെ വിവിധ സംഘടനകളുടെ എണ്ണം. എ.ബി.വി.പി.,വിശ്വഹിന്ദു പരിഷത്ത്, ഭാരതീയ മസ്ദൂർ സംഘ് ഇങ്ങനെ വിരലിലെണ്ണാവുന്ന കുറച്ചെണ്ണം പൊതു മണ്ഡലത്തിൽ വിസിബിളായി നിൽക്കുമ്പോൾ മറ്റനവധി വ്യവഹാര മേഖലകളിൽ താരതമ്യേന നിശ്ശബ്ദമായി ബാക്കിയുള്ളവ പണിയെടുക്കുന്നു. കാശ്മീരിൽ ഹിന്ദുത്വ അഭിഭാഷക സംഘടന അവശ്യ സന്ദർഭത്തിൽ ഇടപെട്ടതു പോലെ സ്വന്തം മണ്ഡലങ്ങളിൽ പ്രവർത്തന പ്രചാരണ പ്രതിരോധങ്ങളുമായി സന്ദർഭാനുസൃതമായി ഇവ ചലിച്ചുകൊണ്ടിരിക്കുന്നു.

ഒരു സവിശേഷ സംഭവത്തിൽ ഒരു സംഘ പരിവാർ സംഘടനയെങ്കിൽ അടുത്തതിൽ വേറൊരെണ്ണം... ഓരോ എപ്പിസോഡിലും മാറി വരുന്ന വില്ലന്മാരെപ്പോലെ നാമവരെ വിമർശിക്കുന്നു, പ്രാകുന്നു ..

പക്ഷേ അത് ഒരു വിഷവൃക്ഷത്തിന്റെ തായ് വേരു കൊത്താതെ ചില്ലകൾ മാത്രം വെട്ടിയൊതുക്കുന്നതു പോലെയാണ്.
മരം വീണ്ടും തളിർത്ത് പൂത്ത് മരണം വിതച്ചു കൊണ്ടിരിക്കും.

ദുർഗ്ഗാവാഹിനിയെന്ന, ക്ഷേത്രങ്ങളിലെ ഭക്ത സ്ത്രീകളെ ചേർത്ത് രൂപീകരിച്ച സംഘടനയുണ്ട്. ഏതെങ്കിലും പ്രത്യേക സംഭവം വെച്ച് ഇതിനെ എതിർക്കാനുള്ള അവസരം ഉണ്ടാകും. പക്ഷേ അത് ഭരണകൂടവ്യവസ്ഥയിൽ, തെരഞ്ഞെടുപ്പിൽ നേരിട്ടു ഇടപെടുന്ന ഒന്നല്ല. രാഷ്ട്രീയ ശത്രുവാകുന്നില്ല. ചിത്രം തെളിഞ്ഞു കഴിഞ്ഞ ഇന്ത്യൻ ഫാസിസത്തിന്റെ ആ രാഷ്ട്രീയ മുഖം ബിജെപി. യാണ്. അതിന്റെ പ്രത്യയശാസ്ത്ര വേര് ആർ.എസ്.എസും

മൂന്നു ദിവസം മുൻപ് കർണ്ണാടകത്തിൽ RSSൽ ' പിളർപ്പ്' ഉണ്ടാവുകയും പുറത്താക്കിയവർ ചേർന്ന് ജനസംഘ് എന്ന പഴയ സംഘടനയെ പൊടി തട്ടി പുനർരൂപീകരിക്കുകയും ചെയ്തു. ഇലക്ഷനിൽ ബിജെപിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രസ്താവനയും വന്നു. ഒറ്റ നോട്ടത്തിൽ ഇത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന തൽക്കാല അനുകൂല ഘടകമായി തോന്നിയേക്കാം. പക്ഷേ ഫലത്തിൽ തറവാട്ടു ഭൂമി ഇത്തിരി കശപിശയൊക്കെ കൂട്ടി വീതം വെച്ച് വേറെ വീടു പണിയുന്ന മച്ചമ്പിമാരെപ്പോലെയാണ് ഇത്. മൊത്തം അതിരിന്റെ കാര്യം വരുമ്പോൾ അവർ ഒരുമിക്കും.

ഹോംസ് കഥയിലെ മോറിയാർട്ടിയെന്ന നേരിട്ട് ഒന്നിലും ഇടപെടാത്ത , എന്നാൽ എല്ലാം നിയന്ത്രിക്കുന്ന ആത്യന്തിക ശത്രുവായ യൂണിവേഴ്‌സിറ്റി ഗണിത പ്രൊഫസറെപ്പോലെയാണ് ആർ.എസ്.എസ്. എല്ലാ ഹിംസകളിലും അതിന് ഒരു കൾച്ചറൽ എലിബി ഉണ്ടായിരിക്കും.

നമുക്കു നേരിട്ടു കൈ വെയ്ക്കാവുന്നത് വെയ്‌ക്കേണ്ടത് ബിജെപി.യിൽ ആണ്. അതു കൊണ്ടു തന്നെ ബിജെപി.ക്കാർ വോട്ടു ചോദിച്ച് ഈ വീടിന്റെ പടി കടക്കരുത് എന്ന ചെങ്ങന്നൂരിലെ ഗേറ്റു നോട്ടീസിനെ ഈ സന്ദർഭത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രവർത്തനമായിത്തന്നെ കാണണം.

ഹിന്ദു രാഷ്ട്ര സംസ്ഥാപനം ആത്യന്തിക ലക്ഷ്യമായി മാനിഫെസ്റ്റോയിൽ എഴുതി വെച്ച ഒരു ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയെ എതിർക്കുക എന്നത് ഭരണഘടനാപരമായിത്തന്നെ ഒരു പൗരയുടെ ഉത്തരവാദിത്തമാണ്. '