തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുണ്ടായിട്ടും അറസ്റ്റു ചെയ്യാൻ അന്വേഷണ സംഘം മടിക്കുന്നത് ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണെന്ന കാര്യം ഉറപ്പാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് പൊതുവേ എല്ലാവരും മനസിലാക്കിയ കാര്യം. അതുകൊണ്ട് തന്നെ സൈബർ ലോകത്തെ സിപിഎം അനുകൂല ബുദ്ധിജീവികൾക്കും ഈ വിഷയത്തിൽ മറ്റ് വിഷയങ്ങളെ പോലെ അഭിപ്രായം പറയാൻ ബുദ്ധിമുട്ടാണ്. എങ്കിലും കന്യാസ്ത്രീകൾ തെരുവിലേക്ക് ഇറങ്ങിയതോടെ സോഷ്യൽ മീഡിയയിലെ വനിതാ സിംഹങ്ങൾക്കും പേരിനെങ്കിലും ഇടപെടൽ നടത്താൻ കഴിയാതെ വയ്യെന്നായി. ബിജെപി നേതാക്കൾ തുമ്മിയാൽ പോലും ബഹളം വെക്കുന്നവർ എന്തായലും ഈ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി.

സൈബർ ലോകത്തെ ആക്ടിവിസ്റ്റുകളായ ദീപാ നിശാന്തും ശാരദക്കുട്ടിയെയും പോലുള്ളവരാണ് പൊലീസ് നടപടിയെ വിമർശിച്ച് ഒടുവിൽ രംഗത്തെത്തിയത്. ലൈംഗികാരോപണത്തിന് വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി സ്വീകരിക്കാത്ത ഭരണകൂടത്തെ വിമർശിച്ച് എഴുത്തുകാരിയും അദ്ധ്യാപികയുമായി ദീപ നിഷാന്ത് രംഗത്തെത്തിയിരുന്നു. പീഡന ആരോപണം നേരിടുന്ന ബിഷപ്പിനൊടൊപ്പമാണ് സഭയുള്ളത്, കേരളത്തിലെ ഭരണകൂടം ആർക്കൊപ്പമാണെന്ന് അറിയണമെന്ന് ദീപ നിശാന്ത് ചോദിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ദീപയുടെ പ്രതികരണം.

ദീപയ്ക്ക് പിന്നാലെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയേയും ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീമാരേയും അധിക്ഷേപിച്ച എംഎ‍ൽഎ പി.സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടിയും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് ശാരദക്കുട്ടിയുടെ വിമർശനം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

കേരളത്തിലെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. നമ്മൾ പെട്ടെന്നു തന്നെ കന്യകാത്വ- ചാരിത്രൃ പരിശോധനകൾ നടത്തി പൂഞ്ഞാർ എംഎ‍ൽഎക്ക് മെഡിക്കൽ റിപ്പോർട്ടു നൽകുക.. ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകൾ മാത്രം ഇനി മേലിൽ പൊതുക്കാര്യങ്ങളിൽ ഇടപെട്ടാൽ മതി. അല്ലെങ്കിൽ അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു വരും. കാരണം പരിശുദ്ധിയുടെ അപ്പോസ്തലന്മാരോടാണ് നമ്മൾ നിരന്തരം ഇടപെടേണ്ടത്.. അവർക്ക് തരിപോലും കളങ്കമേശാൻ നമ്മളായിട്ട് ഇടയുണ്ടാക്കരുത്.

ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാൻ വകുപ്പില്ലെങ്കിൽ അയാളുടെ ഇത്തരം വകതിരിവില്ലാത്ത ഭാഷണം മേലിൽ കേൾപ്പിക്കില്ലെന്ന് ചാനലുകൾക്കു തീരുമാനിച്ചുകൂടേ അവരിതിനു കൂട്ടു നിൽക്കാൻ പാടില്ല. ഒരു മനുഷ്യനെ പിശാചിനെപ്പോലെ ആക്കിത്തീർക്കുന്നത് അയാൾ പറയുന്ന കള്ളങ്ങളാണ്. പിശാച്, ആദി മുതൽ ഭോഷ്‌കു പറയുന്നവനും അതിന്റെ അപ്പനുമാണ് എന്ന് ബൈബിൾ പറയുന്നുണ്ട്.. ഭോഷ്‌കിന്റെ അപ്പൻ ! എന്തൊരു കിടിലൻ പ്രയോഗം..

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ കോട്ടയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ചെയ്യുന്ന സമരത്തിന് വലിയ പിന്തുണ തന്നെ ലഭിക്കുന്നുണ്ട്. ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പൊതുവേദിയിൽ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുന്നത് സഭാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കാം. ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചു നിൽക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.