' ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാകണം. ഇല്ലെങ്കിൽ സന്ധ്യമയങ്ങും മുമ്പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്!'-

പറഞ്ഞത് ബ്രെഹ്താണ്. അതൊരു കലാപാഹ്വാനമല്ല. അനീതിയോടുള്ള ഒരു മനുഷ്യന്റെ ധാർമ്മികവ്യഥയാണത്.. തീവ്രമായ വൈകാരികവിക്ഷോഭത്തിൽ മനുഷ്യർ പറയുന്ന വാക്കുകളെ ആ സന്ദർഭ പരിസരത്തിൽ നിന്നടർത്തിമാറ്റി വിചാരണ നടത്തരുത്..

ദീപക് ശങ്കരനാരായണൻ എന്ന വ്യക്തിയെ വർഷങ്ങളായി നേരിട്ടറിയാം.. ആ അറിവിന് ഇവിടെ പ്രസക്തിയില്ല. തീർത്തും വ്യക്തിപരമാണത്. അയാൾ എവിടെയും മതസ്പർദ്ധ വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതായി അറിവില്ല. ഒരു മതത്തിനെതിരെയും അയാൾ സംസാരിച്ചിട്ടില്ല. ഇന്ത്യ ഒരു മതേതരജനാധിപത്യ റിപ്പബ്ലിക്കായിത്തന്നെ തുടരണം എന്ന കാഴ്ചപ്പാടാണ് അയാളുടെ പോസ്റ്റുകളിലുള്ളത്... വർഗ്ഗീയവാദികൾ മുന്നോട്ടു വെക്കുന്ന മതാധിഷ്ഠിത ഹിന്ദുരാഷ്ട്രത്തിനായുള്ള ശ്രമങ്ങളോടൊപ്പം നിൽക്കുന്നില്ല എന്നതാണ് അയാൾ ചെയ്ത 'ക്രിമിനൽ കുറ്റം!'ഞാനടക്കമുള്ള ഹിന്ദുക്കളെല്ലാം ചെയ്യുന്ന കുറ്റവും അതുതന്നെയാണ്.

ചരിത്രത്തിലിന്നേവരെ ഒരു പെൺകുട്ടിയും അനുഭവിച്ചിരിക്കാനിടയില്ലാത്ത വിധം - സമാനതകളില്ലാത്ത വിധം - ക്രൂര പീഡനങ്ങളനുഭവിച്ച് ഒരു എട്ടു വയസ്സുകാരി കൊല ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഒരു മനുഷ്യൻ വൈകാരികവിക്ഷോഭത്താൽ ചില വരികൾ കുറിച്ചത്. അതൊരു മതത്തിനും എതിരല്ലായിരുന്നു.അങ്ങനെ വളച്ചൊടിച്ചത് തന്നെയാണ്.. ദീപക്കിന്റെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമിച്ചവരെല്ലാം കത്വകേസിലെ പരോക്ഷപ്രതികൾ തന്നെയാണ്.. കത്വ സംഭവത്തെ അനുകൂലിച്ച് നവമാധ്യമങ്ങളിലടക്കം രംഗത്തുവന്ന ഓരോ വ്യക്തിയും അതിലെ പരോക്ഷപ്രതിയാണ്.കത്വ കേസിലെ കുറ്റപത്രം തടയാനൊരുമ്പെട്ട അഭിഭാഷകർ, പ്രതികൾക്കനുകൂലമായി ദേശീയപതാകയുമേന്തി പ്രകടനം നടത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ആ നീചക്കൂട്ടം... ഇവരെല്ലാം കത്വ കേസിലെ പരോക്ഷ പ്രതികളാണ്..

ഇവരെപ്പറ്റിയാണ് ദീപക്കെഴുതിയത്.. ഈ ക്രിമിനലുകളെപ്പറ്റി എഴുതിയപ്പോൾ അതിലെ വ്യാകരണപ്പിശക് പരിശോധിക്കുന്നവർ ആരോടൊപ്പമാണ്? അക്ഷരങ്ങൾക്കതീതമായ പ്രാണവേദനയനുഭവിച്ച് കൊല ചെയ്യപ്പെട്ട ഒരു പെൺകുഞ്ഞിനെപ്പറ്റി എഴുതിയപ്പോൾ വന്നു പെട്ട ഒരു വാചകം ഇഴകീറി പരിശോധിച്ച് അയാളെ ഒരു കുറ്റവാളിയായി ചിത്രീകരിക്കുന്നത് ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ്? തന്റെ പരാമർശം തെറ്റിദ്ധരണാജനകമാം വിധം വളച്ചൊടിച്ചപ്പോൾ ദീപക് അതിൽ ഖേദം രേഖപ്പെടുത്തി പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.എന്നിട്ടും അയാൾക്കെതിരെ കേസെടുക്കുന്നത് തീർച്ചയായും ഖേദകരമാണ്..

ദീപക്കിന്റെ വിഷയത്തെ കാണേണ്ടത് ദീപക് ശങ്കരനാരായണൻ എന്ന വ്യക്തിയുടെ വിഷയമായല്ല. ഒരു മനുഷ്യാവകാശ പ്രശ്‌നമായിത്തന്നെയാണ് അതിനെ വിലയിരുത്തേണ്ടത്. നിയമം ആളുകളെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കാനുള്ള ഒന്നല്ല. ..ഒന്നായി മാറരുത്....

കല്ലിനേയും പശുക്കളേയും ജന്തുക്കളേയും ആരാധിക്കുന്ന ഒരു ജനത, മനുഷ്യരോട് അസഹിഷ്ണുത കാട്ടുമ്പോൾ, അതിനെ സാംസ്‌കാരികമായിത്തന്നെ നാം പ്രതിരോധിക്കണം. ഏകശിലാരൂപത്തിലേക്ക് ഒരു മതേതരരാഷ്ട്രത്തെ ചുരുക്കിക്കെട്ടാനുള്ള ശ്രമങ്ങളെ ദയനീയമാം വിധം പരാജയപ്പെടുത്തണം. വ്യത്യസ്ത സംസ്‌കാരങ്ങൾ പുലരുന്ന ഒരു ദേശത്തെ, അതേ നിലയിൽത്തന്നെ നിലനിർത്താൻ ജനാധിപത്യബോധമുള്ള ഓരോ പൗരനും ഒന്നിച്ചണിനിരക്കേണ്ട ചരിത്ര മുഹൂർത്തം തന്നെയാണിത്. മതനിരപേക്ഷ ജനാധിപത്യവാദികളുടെ വിശാലമായ ഐക്യത്തിലൂടെ മാത്രമേ ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനാകൂ.. മനുസ്മൃതിച്ചട്ടങ്ങളെ ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുന്നവരുടെ കൂടെ ഒരു ജനാധിപത്യ ഭരണകൂടം നിൽക്കരുത്.. സ്വന്തം കയ്യിലെ ചോര പൊത്തിപ്പിടിച്ച് ആൾക്കൂട്ടത്തിലേക്കോടി 'ദേ കൊലപാതകി, അവനെ കൊല്ല് ' എന്ന് വിളിച്ചു കൂവുന്ന കൊലയാളി തന്ത്രത്തോടൊപ്പം ചേർന്ന് മാനവികതാവാദികളെ പ്രതിസന്ധിയിലാക്കരുത്...

ദീപക്കിനെതിരെ മാത്രമല്ല, ആ വാക്കുകൾ പങ്കുവെച്ചതിന് എനിക്കെതിരെയും കേസുണ്ട് എന്ന് കേൾക്കുന്നു. .[അതേ വാക്കുകൾ ആവർത്തിച്ച സകല സംഘി പ്രൊഫൈലുകൾക്കെതിരെയും കേസെടുക്കും എന്നാണ് പ്രതീക്ഷ! അതും പ്രചരണക്കുറ്റത്തിൽ ഉൾപ്പെടുമല്ലോ അല്ലേ?]

ഭയമില്ല... കത്തിക്കുത്തുകേസോ, അഴിമതിക്കേസോ പെൺവാണിഭക്കേസോ അല്ല നേരിടാൻ പോകുന്നത്... സംഘപരിവാറിനെതിരെ സംസാരിച്ചതിനാണ് കേസ്.. പക്ഷേ അതങ്ങനെ തന്നെ പറയണം. അതിനെ വളച്ചൊടിക്കരുത്. ഒരു മതത്തിനെതിരെയും എവിടെയും സംസാരിച്ചിട്ടില്ല. ഒരാളെയും കൊന്നു തള്ളാൻ ആഹ്വാനം ചെയ്തിട്ടില്ല.. ഹിന്ദുമതത്തിന്റെ മൊത്തം സംരക്ഷണമേറ്റെടുത്തിരിക്കുന്ന തീവ്രവർഗ്ഗീയവാദികളോടൊപ്പം നിൽക്കാതിരിക്കുന്നതാണ് ഞങ്ങൾ ചെയ്യുന്ന തെറ്റ്.. ഞങ്ങളുടെ മതത്തെ നിങ്ങൾ സംരക്ഷിക്കണ്ട... നിങ്ങളിൽ നിന്ന് ഞങ്ങളുടെ മതം സംരക്ഷിച്ചെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.. അതിനിയും തുടരും..

' തൊണ്ടയിടറുകയും കണ്ണു കലങ്ങുകയും ചെയ്യുമ്പോൾ വൃത്തവും പ്രാസവും മറന്നുപോകുന്ന മനുഷ്യരുടെ '' കൂട്ടത്തിലാണ് ഞങ്ങൾ.... ബുദ്ധിപരമായ നിദ്രയിൽ അമർന്നിരിക്കാൻ ഞങ്ങൾക്കറിയില്ല...' എല്ലാ ബലാത്സംഗങ്ങളും ഒരു പോലെയല്ലേ?' എന്ന സമവാക്യമാർച്ചിലൂടെ ഞങ്ങളെ നിശ്ശബ്ദരാക്കാൻ നോക്കരുത്. എല്ലാ ബലാത്സംഗങ്ങളും ഒരുപോലെയല്ല എന്നു തന്നെയാണ് ഉത്തരം.. കത്വ സംഭവത്തെ വേറിട്ടുതന്നെ കാണണം.. ബലാത്സംഗം അവിടെ ന്യൂനപക്ഷമർദ്ദനോപാധിയായി മാറുകയാണ്. പട്ടികവർഗ്ഗത്തിൽപ്പെട്ട മുസ്ലീങ്ങളായ ബഖർവാലകളെയും ഗുജ്ജാറുകളെയും ജമ്മുവിൽ തുരത്തിയോടിക്കാനുള്ള തന്ത്രമാണ് അവിടെ ബലാത്സംഗം.. സാമാന്യബലാത്സംഗയുക്തിയിൽ അതിനെ ചർച്ച ചെയ്യരുത്. മദ്രസയിലെ പീഡനങ്ങളും പള്ളിയിലെ പീഡനങ്ങളും അമ്പലങ്ങളിലെ പീഡനങ്ങളും പീഡനങ്ങൾ തന്നെയാണ്. തീർച്ചയായും അതെല്ലാം അപലപനീയങ്ങളുമാണ്. പക്ഷേ ബലാത്സംഗം ഒരു ജനതയെ ഭയപ്പെടുത്തി ആട്ടിയോടിക്കാനുള്ള നീചതന്ത്രമായി മാറുമ്പോൾ അതിനെ കൂടുതൽ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്.ന്യൂനപക്ഷ പീഡനവും വിശ്വാസ സ്വാതന്ത്ര്യനിഷേധവുമെല്ലാം ആ ബലാത്സംഗത്തിനു പുറകിലുണ്ട്. അത് നടത്തിയത് നിരക്ഷരരായ, നിയമമറിയാത്ത ആളുകളല്ല... നിയമപാലകനും റവന്യൂ ഉദ്യോഗസ്ഥനുമടങ്ങിയ ആളുകൾ അതിലുണ്ട്. ബലാത്സംഗസമവാക്യമാർച്ചുകൾ നടത്തി അതിനെ സാമാന്യവൽക്കരിക്കുന്നവരോട് സഹതാപമേയുള്ളൂ... ടേബിൾ മാനേഴ്‌സിനെപ്പറ്റി നമ്മൾ ചർച്ച ചെയ്യേണ്ടത് ഡൈനിങ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്നവരോടാണ്.. തെരുവുപട്ടികളുമായി യുദ്ധം ചെയ്ത് എച്ചിലിലകൾക്കിടയിൽ നിന്ന് ചോറ് വാരിത്തിന്നുന്ന മനുഷ്യരോട് ടേബിൾ മാനേഴ്‌സ് പാലിക്കാൻ പറയുന്നത് അങ്ങേയറ്റത്തെ അശ്ലീലമാണ്...

പിൻകുറിപ്പ്: 'തൃശ്ശൂർ പൂരത്തിന് പോയാൽ പെണ്ണുങ്ങളെ ആണുങ്ങൾ പിച്ചും, തോണ്ടും, മാന്തും....! പോകാതെ വീട്ടിലിരിക്കണോർക്ക് വല്ല പ്രശ്‌നണ്ടോ? ടീച്ചർക്ക് പഠിപ്പിച്ചാ മാത്രം പോരേ? ഇങ്ങനൊക്കെ എഴുതീട്ടല്ലേ പ്രശ്‌നണ്ടാവണേ' ന്ന് ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ഒരു പുരോഗമനവാദിയിൽ നിന്ന് നേരിട്ട് കേട്ട ഷോക്കിലാണ് ഇനിമുതൽ വല്ല ഭൂതകാലക്കുളിരും അയവിറക്കി മലയാളസാഹിത്യത്തെ അപകടകരമാം വിധം പൈങ്കിളിവത്കരിച്ച് മൂലയ്ക്കിരുന്നോളാം! കാശിനു കാശ് ! പബ്ലിസിറ്റിക്ക് പബ്ലിസിറ്റി! കുട്ട്യോളെ കൊല്ലും, കെട്ട്യോനെ കൊല്ലും ! നിന്നെ ബലാത്സംഗം ചെയ്യും എന്ന ഭീഷണീം വരില്ല.. ഒന്നും വരില്ല!ജീവിതം സ്വസ്ഥം! സുന്ദരം! ശാന്തം!

ബ്രഹ്തിന്റെ വരികൾ കടമെടുത്ത് അവസാനിപ്പിക്കുന്നു: ' കാടു നിറയെ പൊലീസുകാരാണെങ്കിൽ ഞങ്ങളെങ്ങനെ മരങ്ങളെക്കുറിച്ച് കവിതയെഴുതും?'