തൃശൂർ: എങ്ങനെ താൻ ഈ പോസ്റ്ററിൽ മുഖമായി എന്നറിയാതെ ആലോചനയിലാണ് ദീപാ നിശാന്ത്. കേരളാ വർമ്മാ കോളേജിലെ പ്രശ്‌നങ്ങളിൽ ദീപാ നിശാന്ത് എന്ന അദ്ധ്യാപികയ്ക്ക് എല്ലാ പിന്തുണയും നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ(എം). അതിന്റെ യുവജന വിഭാഗവമായ ഡിവൈഎഫ്‌ഐയും ദീപാ നിശാന്തിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാൻ മുന്നിലുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യാമാകും ഒരു പക്ഷേ ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ ടീച്ചർ നിരാശയിലാണ്.

തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഇത് മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുയും ചെയ്യുന്നു. ദീപാ നിശാന്തിന്റെ പോസ്റ്റ് ഇങ്ങനെ:

ഈ പോസ്റ്റർ ആരുടെ ഭാവനാസൃഷ്ടിയാണെന്നറിയില്ല. എന്തായാലും നന്നായിട്ടുണ്ട്. ഡി. വൈ. എഫ്.ഐ. എന്നു പറയുന്നത് ഒരശ്ലീല പദമാണ് എന്നൊന്നും ഞാൻ കരുതുന്നില്ല. ഇടതു പക്ഷ അനുഭാവമുണ്ടാകുക എന്നത് കുറ്റകരമായ സംഗതിയായും കരുതുന്നില്ല.

പക്ഷേ ഞാനറിയാത്ത ഒരു പരിപാടിക്ക് എന്റെ ഫോട്ടോ സഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തമാണ്. അതാരു ചെയ്തതായാലും ശരി തെറ്റു തന്നെയാണ്. ദീപാ നിശാന്ത് എന്ന വ്യക്തി അതിനു മാത്രം സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനമൊന്നും നടത്തിയിട്ടുമില്ല.

സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിലവിൽ ഇടപെടുന്നുണ്ടോ ഭാവിയിൽ ഇടപെടണോ വേണ്ടയോ എന്നതൊക്കെ എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതിലൊരാളും കൈകടത്തേണ്ടതില്ല.നിലവിൽ അദ്ധ്യാപിക എന്ന ജോലിയിൽ പൂർണ്ണസംതൃപ്തയാണ്. പ്രവർത്തനമേഖല വിപുലമാക്കുമ്പോൾ ഞാൻ തന്നെ അറിയിച്ചോളാം.

ഒരു വ്യക്തിയുടെ സ്വകാര്യതയെ അൽപ്പമെങ്കിലും മാനിക്കുക. എതിർക്കുന്നവരും അനുകൂലിക്കുന്നവരും... പിന്നെ ഇതിന്റെ അനുബന്ധ പോസ്റ്റുകൾ ധാരാളം കണ്ടു. ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശ്രമിക്കണമെന്ന് എതിർക്കുന്നവരോട് പറയുന്നില്ല. പറഞ്ഞിട്ടും പ്രയോജനമില്ലെന്ന് എനിക്കേറെക്കുറെ ബോധ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട് വ്യക്തിഹത്യ നടത്തിക്കൊണ്ടേയിരിക്കുക. ആശംസകൾ!

 

ഈ പോസ്റ്റർ ആരുടെ ഭാവനാസൃഷ്ടിയാണെന്നറിയില്ല. എന്തായാലും നന്നായിട്ടുണ്ട്. ഡി. വൈ. എഫ്.ഐ. എന്നു പറയുന്നത് ഒരശ്ലീല പദമാണ് എന...

Posted by Deepa Nisanth on Friday, December 4, 2015