സംഘപരിവാർ അനുകൂല ട്രോളുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്ന കാവിപ്പട, ഔട്ട്‌സ്പോക്കൺ എന്നീ ഫേസ്‌ബുക്ക് ഗ്രൂപ്പുകൾക്കെതിരെ തൃശൂർ കേരളവർമ കോളജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. 

അപകീർത്തികരമായ പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. കുടുംബത്തെ ഒന്നാകെ അപായപ്പെടുത്തുമെന്നു കാട്ടി സംഘപരിവാർ സംഘടനകൾ ഭീഷണിമുഴക്കുന്നതായും പരാതിയിൽ പറയുന്നു.

ചിത്രകാരൻ എംഎഫ് ഹുസൈൻ വരച്ച സരസ്വതിയുടെ പെയ്ന്റിങ് എസ്എഫ്‌ഐ കേരള വർമ കോളേജിൽ സ്ഥാപിച്ചതിനെതിരെ സംഘ പരിവാർ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐയെ അനുകൂലിച്ച് കോളേജിലെ അദ്ധ്യാപികയായ ദീപ നിശാന്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ടു. ഇതോടെയാണ് സംഘപരിവാർ സംഘടനകൾ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്.

അശ്ലീല ചിത്രങ്ങൾക്കൊപ്പം തല വെട്ടി ചേർത്ത പോസ്റ്റുകളാണ് ദീപ നിശാന്തിന് മറുപടിയെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഔട് സ്പോക്കൺ, കാവിപ്പട എന്നീ ഫേസ്‌ബുക്ക് ഗ്രൂപ്പുകളാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതെന്ന് ദീപ ഡിജിപിക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിയിൽ പറയുന്നു. സ്ത്രീ എന്ന നിലയിൽ അവഹേളിക്കുകയും അപമാനിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയിൽ പറയുന്നുണ്ട്.

ദീപ നിശാന്തിനെതിരെ ആസിഡ് ആക്രമണം നടത്തിയോ, മുറിവേൽപ്പിച്ചോ അപായപ്പെടുത്തണമെന്ന ആഹ്വാനങ്ങൾ ഹിന്ദുരക്ഷാ സേന ഗ്രൂപ്പുകൾ നടത്തിയിരുന്നു. കുടുംബത്തെയൊന്നാകെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന സ്‌ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.