2016 ജൂലൈ 15-31 ലക്കത്തിലെ വനിത ചർച്ചാവിഷയമാകുന്നത് അതിന്റെ മുഖച്ചിത്രത്തിന്റെ പേരിലാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ജനപ്രിയമാഗസിൻ അതിന്റെ കവർഫോട്ടോയിലേക്ക് ഇപ്രാവശ്യം തിരഞ്ഞെടുത്തത് ട്രാൻസ്‌ജെൻഡറായ ദീപ്തിയെയാണ് എന്ന കാര്യം അത്ര നിസ്സാരമായ ഒന്നല്ല. അത് പൊതുസമൂഹത്തിന് ' അത്ഭുതകരമായ ' ഒന്നായി തോന്നുന്നു എന്നതു തന്നെയാണ് അത് നിസ്സാരമായ കാര്യമല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവും.

നൂറായിരം പാചകക്കുറിപ്പുകൾക്കും ഭർത്താവിന്റെ സ്‌നേഹം' പിടിച്ചു വാങ്ങാൻ' 101 കുറുക്കുവഴികൾക്കും ഇരകളുടെ ദൈന്യതകൾക്കും താരങ്ങളുടെ വിവാഹമോചന വാർത്തകൾക്കും മാത്രം ഇടം കൊടുക്കുന്ന 'വനിതകളുടെ വഴികാട്ടി'യായ ഒരു 'കുടുംബ ' മാഗസിൻ 'സദാചാരഭദ്രജീവിതത്തെ' ചോദ്യം ചെയ്യുന്ന ഇത്തരക്കാരെ മുഖച്ചിത്രമായി പരിഗണിക്കുന്നു എന്നത് വലിയ വിപ്ലവം തന്നെയാണ്. [ വായിക്കാത്തതു കൊണ്ട് മുഖച്ചിത്രത്തിനപ്പുറം അകത്തെന്തെങ്കിലുമുണ്ടോ എന്നറിയില്ല. അതിലേക്ക് കടക്കുന്നുമില്ല.ദീപ്തിയുടെ ലൈംഗികസ്വത്വത്തെയാണോ മുഖസൗന്ദര്യത്തെയാണോ വനിത പരിഗണിച്ചത് എന്ന കുനുഷ്ടുചോദ്യം ഉള്ളിലടക്കുന്നു.]

ഒറ്റപ്പെടലിന്റേയും അന്യവത്കരണത്തിന്റേയും തടവറയിലടക്കപ്പെട്ട ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ചെറുതും വലുതുമായ ഏതൊരു ശ്രമവും ശ്ലാഘനീയമാണ്. സാമൂഹികധാർമ്മികമൂല്യങ്ങളെ സംബന്ധിച്ച 'പോപ്പുലറിസ്റ്റ് ധാരണകൾ' കാലഹരണപ്പെട്ടവയാണെന്ന് തിരിച്ചറിയാൻ അത് സഹായിക്കും.

'ധാർമ്മികമായ അർത്ഥത്തിൽ പൂർണ്ണ പൗരത്വം നിഷേധിക്കപ്പെട്ടവർക്ക് ' സിവിൽ സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പു വരുത്തേണ്ടത് ഒരു ജനാധിപത്യ രാജ്യത്ത് താമസിക്കുന്ന ഓരോരുത്തരുടേയും കടമയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ മുഖ്യധാരാമാദ്ധ്യമങ്ങൾ പോലും വേണ്ടത്ര പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നില്ല എന്ന കാര്യം ഖേദകരമാണ്. അടുത്തിടെ എറണാകുളത്ത് നടന്ന സംഘർഷത്തെത്തുടർന്ന് മർദ്ദനത്തിനിരയാവുകയും മറ്റ് ശാരീരികമാനസികപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ട 11 ട്രാൻസ്‌ജെൻഡറുകളുടെ പ്രശ്‌നം എന്തുകൊണ്ടാണ് നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾക്ക് ഒരു അപ്രധാനവാർത്തയായി മാറിയത്? അനൂപ് വി.ആറിനെയും ശരത് ചേലൂരിനേയും പോലുള്ള കുറച്ച് ആളുകളുടെ സൈബർ ഇടപെടലുകൾ ഇക്കാര്യത്തിൽ ഇല്ലായിരുന്നുവെങ്കിൽ ആ പ്രശ്‌നം ആരറിയുമായിരുന്നു ? [ഇന്നലെ അഡ്വ.മായാകൃഷ്ണന്റെ ഇടപെടൽ മൂലം അവർക്ക് ജാമ്യം ലഭിച്ചെന്നറിഞ്ഞു. സന്തോഷം.] എത്ര നേതാക്കൾ അവരെ സന്ദർശിച്ച് കാര്യങ്ങൾ അന്വേഷിച്ചു? എത്ര പേർ നിയമസഭയിൽ ഈ വിഷയം അർഹിക്കുന്ന പ്രാധാന്യത്തോടെ ഉന്നയിച്ചു?വിയ്യൂർ ജയിലിൽ പോയി അവരെ സന്ദർശിക്കുകയും കാര്യങ്ങളന്വേഷിച്ച് ആ പ്രശ്‌നം നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്ത ശ്രീ.വി.ടി.ബൽറാമിനെ വിസ്മരിക്കുന്നില്ല. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാർദ്ധക്യ പെൻഷൻ നിലവിലുള്ളപ്പോൾ 60 വയസ്സു കഴിഞ്ഞ ട്രാൻസ്‌ജെൻഡറുകൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ബജറ്റ് യുക്തി ചോദ്യം ചെയ്യാൻ ഒരു ജനപ്രതിനിധിക്ക് അവകാശമുണ്ട്. ഒന്നുകിൽ പെൻഷൻപ്രായം കുറച്ച് ലൈംഗികന്യൂനപക്ഷത്തിന് പ്രത്യേകപരിഗണന നൽകുക, അല്ലെങ്കിൽ അവരുടെ പെൻഷൻതുക വർദ്ധിപ്പിക്കുക എന്ന ബൽറാമിന്റെ ആവശ്യത്തിന് തീർച്ചയായും പ്രസക്തിയുണ്ട്.

പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ വി.ആർ.അനൂപ് എഴുതിയ ഒരു കാര്യം അങ്ങേയറ്റം ആത്മനിന്ദയോടെയേ നമുക്ക് വായിക്കാൻ കഴിയൂ. അനൂപ് പറയുന്നു:
' ട്രാൻസ്‌ജെൻഡറുകളോടുള്ള പരിഗണനയും പ്രണയവും വഴിഞ്ഞൊഴുകുന്നവരെക്കൊണ്ട് വഴി നടക്കാൻ കഴിയാത്ത ഈ നാട്ടിൽ, ഇതുവരെ അവരെ (ജയിലിൽ )സന്ദർശിക്കാൻ അവരുടെ കമ്യൂണിറ്റി സഹോദരങ്ങളെക്കൂടാതെ ആരും വന്നിട്ടില്ല എന്നതാണ് സത്യം!'

ഇതൊക്കെത്തന്നെയാണ് സാമാന്യമായി നടക്കുന്നത്. ഒരു ന്യൂനപക്ഷത്തിന്റെ മാത്രം വിഷയമായി പലതും ഒതുങ്ങുന്നു. ജനകീയ ഇടപെടലുകൾ വേണ്ടത്രയില്ലാത്ത അരികുജീവിതങ്ങളായി അവർ മാറുന്നു. സാമൂഹിക അന്യവത്കരണത്തിന്റെ ഇരകളായി അവർ ജീവിക്കേണ്ടി വരുന്നു. ഒരു വ്യക്തിക്കു നൽകാവുന്ന ഏറ്റവും വലിയ പീഡനവും ഇത്തരത്തിലുള്ള സാമൂഹിക അന്യവത്കരണം തന്നെയാണ്. ഇത്തരം അന്യവത്കരത്തിലൂടെയാണ് കേരളത്തിലെ എൽ.ജി.ബി.ടി.വിഭാഗക്കാർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ അവരെ പാർശ്വവത്കരിക്കുകയും 'കസബ' പോലുള്ള സിനിമകളിൽ അവരെ പരിഹസിക്കുന്നു എന്നും പറഞ്ഞ് മുറവിളി കൂട്ടുകയും ചെയ്യുന്ന വ്യാജസാമൂഹികബോധമാണ് പലർക്കുമുള്ളത്. ചാന്തുപൊട്ടും 101 വെഡ്ഡിംഗും സൂത്രധാരനും കണ്ട് ആർത്തുചിരിച്ച് കയ്യടിച്ചവർ ഒരു പുതുമുഖ സംവിധായകന്റെ തികച്ചും കമേഴ്‌സ്യലായ ചിത്രത്തിന്റെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ് പരിശോധിക്കുന്നതു കാണുമ്പോൾ അതിന്റെ യുക്തി പിടികിട്ടുന്നില്ല.കോമിക് റോളുകളിലല്ലാതെ ഇവരെ അവതരിപ്പിച്ചിട്ടുള്ള എത്ര സിനിമകൾ നിങ്ങൾ ചൂണ്ടിക്കാണിക്കും? ഒരു 'ചിത്രാംഗദ 'യോ' അർദ്ധനാരി 'യോ ' ഫയറോ' ഉണ്ടാകുന്നത് എത്ര കാലം കൂടുമ്പോഴാണ്?

ലൈംഗിക ന്യൂനപക്ഷങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് എപ്പോഴും ആട്ടിയോടിക്കപ്പെടുകയോ പരിഹാസവിധേയരാക്കപ്പെടുകയോ ചെയ്യുന്നവരാണ്. അവരിൽ നിന്നും ഉയർന്നു വരുന്നവർ അപൂർവ്വമാണ്. ഋതുപർണ്ണഘോഷോ രേവതിയോ മാനവേന്ദ്രസിങ് ഗോയലോ ആകാൻ എത്ര പേർക്ക് സാധിക്കുന്നുണ്ട്? ആണിന്റേയും പെണ്ണിന്റേയും ലോകത്ത് നിരവധി സ്വത്വ പ്രതിസന്ധികളിലൂടെയാണ് ഇവരിൽ പലരും മുന്നോട്ടു പോകുന്നത്. അവർക്ക് വോട്ടവകാശവും റേഷൻ കാർഡും മാത്രമല്ല ആവശ്യം.ഭിക്ഷാടനത്തിലേക്കോ ലൈംഗികവൃത്തിയിലേക്കോ തിരിയാതെ അന്തസ്സുറ്റ ഒരു സാമൂഹിക ജീവിതം അവർക്ക് ലഭ്യമാക്കാൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുള്ള ഇടപെടൽ ആവശ്യമാണ്. ദയയോ കാരുണ്യമോ അല്ല അവർക്കു വേണ്ടത്. അവരുടെ ലൈംഗിക സ്വത്വത്തിന്റെ ജനകീയാംഗീകാരമാണ്.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സംവരണത്തിലൂടെ അവരെ കൊണ്ടുവരേണ്ടതുണ്ട്. എന്തിനും ഏതിനും മനുഷ്യാവകാശങ്ങളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന, സമ്പൂർണ്ണസാക്ഷരത അവകാശപ്പെടുന്ന ഒരു നാട്ടിൽ ഓരോരുത്തരുടേയും ലൈംഗികസ്വത്വം അംഗീകരിച്ചേ മതിയാകൂ. സമൂഹത്തിൽ നിന്നുമുള്ള പരിഹാസശരങ്ങളേറ്റ് വിഷാദ രോഗത്തിനടിമപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ മയക്കുമരുന്നിനടിമപ്പെടുകയോ ചെയ്യുന്ന പലരും അവർക്കിടയിലുണ്ട്.

നമ്മുടെ ലിംഗപദവി നമ്മുടെ തെരഞ്ഞെടുപ്പല്ല. നമ്മുടെ ജൈവഘടനയുടെ സ്വാഭാവിക രൂപവത്കരണമാണത്. അവരും അങ്ങനെ തന്നെ. ആണും പെണ്ണും മാത്രം ഉൾപ്പെടുന്നതല്ല ലോകം. പണ്ടും അങ്ങനെയായിരുന്നില്ല. വാത്സ്യായന മഹർഷിയുടെ 'കാമസൂത്ര 'ത്തിലും ഖജുരാവോ, കൊണാർക്ക് തുടങ്ങിയ ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളിലും വിശുദ്ധ വേദപുസ്തകത്തിലും ഖുറാനിലും അവരുണ്ട്. ഇന്നലെ പൊട്ടി മുളച്ച പ്രതിഭാസമല്ല അവർ. ചെക് റിപ്പബ്ലിക്കിലെ ഒരു ഗുഹയിൽനിന്ന് 5000 വർഷം പഴക്കമുള്ള ഒരു ഉഭയലിംഗമനുഷ്യന്റെ ശരീരാവശിഷ്ടം കണ്ടെടുത്ത വാർത്തക്ക് അധികകാലത്തെ പഴക്കമൊന്നുമില്ല.
ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയിൽ നിന്ന് തീർത്തും വ്യത്യസ്തരായിരിക്കും. ലൈംഗികാഭിലാഷങ്ങളും അങ്ങനെ തന്നെയാണ് .വ്യക്തികളിൽ കടന്നു കൂടുന്ന സ്വാഭാവിക ജൈവകാമനകളെ പ്രകൃതിവിരുദ്ധതയുടെ പട്ടികയിൽ ഉൾപ്പെടുത്തി വിലക്കിയിട്ട് കാര്യമില്ല. ചെരുപ്പിട്ട്, വസ്ത്രം ധരിച്ച്, ഭക്ഷണം പാകം ചെയ്ത് കഴിച്ച്, വീടുവച്ച് ,റോഡു നിർമ്മിച്ച്, വാഹനങ്ങളിൽ സഞ്ചരിച്ച്, സന്താനനിയന്ത്രണത്തിനായി കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിച്ച് അങ്ങേയറ്റം പ്രകൃതി വിരുദ്ധമായി ജീവിക്കുന്ന ജീവിയാണ് മനുഷ്യൻ.അങ്ങനെയുള്ള നമ്മൾക്ക് പ്രകൃതി വിരുദ്ധത എന്ന പദം പ്രയോഗിക്കാൻ എന്താണ് അധികാരം?

'വികൃതി ഏവം പ്രകൃതി ' എന്ന വാചകം ഋഗ്വേദത്തിലെയാണ്.(' Un natural is also natural.') പ്രകൃതിവിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതും പ്രകൃതിയുടെ ഭാഗം തന്നെയാണ് എന്ന് സാരം.നമ്മൾ നിശ്ചയിക്കുന്ന മൂല്യബോധത്തിന്റേയോ ധാർമ്മികതയുടേയോ അടിസ്ഥാനത്തിൽ ലോകം നിലനിൽക്കണമെന്നാഗ്രഹിക്കുന്നത് ജനാധിപത്യരീതിയല്ല. അത് സ്വേച്ഛാധിപത്യരീതിയാണ്. സ്വവർഗ്ഗരതിയെ വിലക്ഷണമെന്നും പ്രകൃതിവിരുദ്ധമെന്നും സ്ഥാപിച്ച് പരിഹാസവിധേയമാക്കുന്ന ചിന്താഗതികൾക്കാണ് മാറ്റം വരേണ്ടത്. അത്തരം പൊതുബോധ നിർമ്മിതിക്ക് ആക്കം കൂട്ടാൻ വനിതയുടെ മുഖച്ചിത്രത്തിന് സാധിക്കുമെങ്കിൽ അത് പ്രതീക്ഷാനിർഭരം തന്നെയാണ്.

സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് കോട്ടം തട്ടുന്ന രീതിയിൽ പെരുമാറുമ്പോഴാണ് ഒരു വ്യക്തിയെ പൊതുസമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുകയോ വിചാരണയ്ക്ക് വിധേയമാക്കുകയോ ചെയ്യുന്നത്.അല്ലാതെ ലൈംഗികസ്വത്വനിർണ്ണയത്തിന്റെ സംഘർഷത്തിൽ കഴിയുന്നവരെ ഉപദ്രവിക്കുന്നതും പരിഹസിക്കുന്നതും ജനാധിപത്യ മര്യാദയല്ല. പ്രകൃതിയിൽ ഓരോരുത്തരും'Unique' ആണെന്ന സത്യം മനസ്സിലാക്കുക.' ചികിത്സിച്ച് ഭേദമാക്കി' നമ്മൾ നയിക്കുന്ന 'സാധാരണ ' ജീവിതത്തിലേക്ക് അവരെ നയിക്കാൻ സാധിക്കുമെന്നത് ഒരു ലാഘവബുദ്ധി മാത്രമാണ് .അതിന് പ്രായോഗിക വൈഷമ്യങ്ങൾ ധാരാളമുണ്ട്. അതിലും എളുപ്പം അനാവശ്യമായ ആത്മനിന്ദയിലേക്കും അപമാനത്തിലേക്കും വ്യക്തികളെ തള്ളിയിടാതെ ആത്മവിശ്വാസത്തോടെ ഒരു സാമൂഹിക ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്.അത് നമ്മുടെ സാമൂഹിക ബന്ധങ്ങളെ കുറേക്കൂടി അന്തസ്സുറ്റതാക്കും.

നാനാത്വത്തിൽ ഏകത്വം പുലർത്തണമെന്ന് ശഠിക്കുന്നത് ഒരു ഏകാധിപത്യരീതി മാത്രമാണ്. നാനാത്വത്തെ നാനാത്വമായിത്തന്നെ അംഗീകരിച്ച് ബഹുസ്വരത നിലനിർത്തുകയാണ് വേണ്ടത്.അങ്ങനെ തന്നെയാണ് മനുഷ്യാവകാശങ്ങളുടെ പുതിയ ചക്രവാളങ്ങൾ സൃഷ്ടിക്കപ്പെടുന്നതും.